എങ്ങനെയാണ് ഭൂചലനത്തിന്റെ തീവ്രത നിർണയിക്കുന്നത്?

Mail This Article
ഒൻപതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടിലെ കാലത്തിന്റെ കയ്യൊപ്പുകൾ എന്ന പാഠഭാഗത്തിൽ ഭൂകമ്പങ്ങളെക്കുറിച്ച് പഠിക്കാനുണ്ടല്ലോ. തുർക്കിയിലും സിറിയയിലും ഈയടുത്ത് ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുമുണ്ടാകും. 7.8 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങളാണ് അവിടെ സംഭവിച്ചിട്ടുള്ളത്. എങ്ങനെയാണ് ഭൂചലനത്തിന്റെ തീവ്രത നിർണയിക്കുന്നത്? എങ്ങനെയാണ് അവ അളക്കുന്നതും രേഖപ്പെടുത്തുന്നതും?
ഭൂകമ്പത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് സീസ്മോളജി എന്നാണ് പറയുന്നത്. 1903ൽ സ്ഥാപിതമായ വേൾഡ് സീസ്മോളജിക്കൽ സൊസൈറ്റിയാണ് ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഭൂകമ്പം അളക്കുന്നതിന് വ്യത്യസ്തമായ ഉപകരണങ്ങളും രീതികളുമുണ്ട്.
സീസ്മോഗ്രാഫും സീസ്മോഗ്രാമും
ഭൂകമ്പങ്ങളുടെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തെയാണ് ഭൂകമ്പമാപിനി അഥവാ സീസ്‌മോഗ്രാഫ് എന്നു വിളിക്കുന്നത്. സമയ സൂചകങ്ങളില്ലാതെ ഭൂകമ്പം മാത്രം രേഖപ്പെടുത്തുന്നവയാണ് സീസ്മോസ്കോപ്പുകൾ. എന്നാൽ ഭൂകമ്പ തരംഗങ്ങളെയെല്ലാം സമയാധിഷ്ഠിതമായി രേഖപ്പെടുത്തുന്ന ഉപകരണമാണ് സീസ്മോഗ്രാഫ്. ഇതിൽ അടയാളപ്പെടുത്തുന്ന സിഗ്സാഗ് ലൈൻ സീസ്‌മോഗ്രാം എന്ന് അറിയപ്പെടുന്നു.
എങ്ങനെ അളക്കാം?
നിലത്തുറപ്പിച്ച ഒരു ബേസ്, അതിന്റെ ഫ്രെയിമിൽ നിന്നു തൂങ്ങിനിൽക്കുന്ന ഒരു ഭാരം, അതിൽ ഘടിപ്പിച്ചിരിക്കുന്ന പെൻസിൽ, കമ്പനം രേഖപ്പെടുത്താനുള്ള ഒരു ടേപ്പ് എന്നിവയാണ് ലളിതമായ ഒരു സീസ്മോഗ്രാഫിന്റെ പ്രധാനഭാഗങ്ങൾ. ഭൂകമ്പമുണ്ടാകുമ്പോൾ സീസ്മോഗ്രാഫിന്റെ അടിത്തറ ചലിക്കുന്നു. ഇത് പെൻസിൽ കൊണ്ട് ടേപ്പിൽ രേഖപ്പെടുത്തപ്പെടുന്നു. സമയാധിഷ്ഠിതമായി ടേപ്പ് നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഒരു ഗ്രാഫ് ആയിട്ടാകും ഇതു രേഖപ്പെടുത്തപ്പെടുക. ഈ ഗ്രാഫിലെ തരംഗ വ്യാപ്തിയുടെ ലോഗരിതം ഉപയോഗിച്ചാണ് ഭൂകമ്പത്തിന്റെ തീവ്രത കണക്കാക്കുന്നത്.
റിക്ടറും മെർകലിയും
ഭൂകമ്പം അളക്കുന്നത് മാഗ്‌നിറ്റ്യൂഡ് (വ്യാപ്തി), ഇന്റൻസിറ്റി (തീവ്രത) എന്നിങ്ങനെ രണ്ട് രീതിയിലാണ്. വ്യാപ്തി അളക്കാൻ റിക്ടർ സ്കെയിലും തീവ്രത അളക്കാൻ മെർകലി സ്കെയിലും ഉപയോഗിക്കുന്നു.
റിക്ടർ സ്കെയിൽ
സീസ്‌മോഗ്രാഫിൽ രേഖപ്പെടുത്തുന്ന ഭൂകമ്പ തരംഗങ്ങളുടെ വ്യാപ്തി, ലോഗരിതം, ഊർജം എന്നിവ ഉപയോഗിച്ച് കണക്കാക്കുന്ന സംവിധാനമാണ് റിക്ടർ സ്കെയിൽ. 1935ൽ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്.റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകൽപന ചെയ്തത്. ഭൂകമ്പസമയത്ത് പുറത്തുവരുന്ന ഊർജം അടിസ്ഥാനമാക്കിയാണ് ഇതിൽ തീവ്രത കണക്കാക്കുന്നത്.
0നും 10നും ഇടയിൽ, ഭൂകമ്പ തീവ്രത പൂർണ സംഖ്യയും ദശാംശ സംഖ്യയും ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്.
മെർകലി സ്‌കെയിൽ
1902ൽ ഗിസെപ്പെ മെർകലി കണ്ടുപിടിച്ച ഈ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത, പ്രകടമായ നാശനഷ്ടങ്ങൾ നിരീക്ഷിച്ച് കണക്കാക്കുന്നു. ഇതിന് ഗണിതശാസ്ത്രപരമായ അടിസ്ഥാനമില്ല; സംഭവിച്ച നാശനഷ്ടങ്ങൾ അടിസ്ഥാനമാക്കി 1 മുതൽ 12 വരെ റാങ്കിങ് നൽകുന്നു. റിക്ടർ സ്‌കെയിലിൽ ഒരേ തീവ്രതയിലുള്ള ഭൂകമ്പം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി രേഖപ്പെടുത്തിയാൽ അതിന്റെ മെർകലി സ്കെയിൽ അളവ് ഒന്നു തന്നെ ആകണമെന്നില്ല. ഉദാഹരണത്തിന് ആളുകൾ തിങ്ങി നിറഞ്ഞ ഒരു സ്ഥലത്ത് അനുഭവപ്പെട്ട ഭൂകമ്പം കൊണ്ടുള്ള നാശനഷ്ടം അതേ തീവ്രതയിൽ മരുഭൂമിയിൽ സംഭവിച്ചാൽ അത്രത്തോളം നാശനഷ്ടമുണ്ടാവില്ലല്ലോ.
Content Summary : Earthquake and measurement