ADVERTISEMENT

നമ്മുടെ ചെവിയുടെ ഉള്ളിൽ ചെറിയൊരു ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ മനസ്സിലേക്ക് ആദ്യം എത്തുന്ന കാര്യം എന്താവും? ഒരു ഇയർ ബഡ് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകാത്തവർ വിരളം. അമേരിക്കയിൽ കോട്ടൺ സ്വാബ് (Cotton swab) എന്നും യൂറോപ്യൻ രാജ്യങ്ങളിൽ കോട്ടൺ ബഡ്  (Cotton bud) എന്നുമൊക്കെ വിളിപ്പേരുള്ള ഇയർ ബഡ് ഇപ്പോൾ ശതാബ്ദി ആഘോഷിക്കുകയാണ്. അതെ, നമ്മുടെ സ്വന്തം ഇയർ ബഡിന് 100 വയസ്സ്. തടികൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ കട്ടിയുള്ള പേപ്പറുകൊണ്ടോ നിർമിച്ച ചെറിയ പിടിയുടെ (Stem) രണ്ട് അറ്റത്തും പഞ്ഞി ചുറ്റിയിരിക്കുന്ന കോട്ടൺ ബഡുകൾ ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവർ നമ്മുടെ ഇടയിൽ ഉണ്ടാകുമോ. 

 

ചരിത്രം

 

കോട്ടൺ ബഡുകളുടെ ജനനം 1923ലാണ്. അതിനു പിന്നിലൊരു കഥയുണ്ട്.  പോളണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ലിയോ ഗെർസ്റ്റെൻസാങ് തന്റെ ഭാര്യ സിയുട്ട കാണിച്ചൊരു ചെറിയ മണ്ടത്തരം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ പിറന്ന ആശയമാണ് ബഡുകൾ ഉണ്ടാക്കുന്നതിലേക്ക് നയിച്ചത്. സിയുട്ട തന്റെ കുഞ്ഞിന്റെ ചെവിക്കുള്ളിലെ അഴുക്ക് മാറ്റാനായി ഒരു ടൂത്ത് പിക്കിന്റെ അറ്റത്ത് പഞ്ഞി ചുറ്റി ചെവിയിലേക്ക് ഇടുന്നത് ഗെർസ്റ്റെൻസാങ് കണ്ടു. കൂർത്ത ടൂത്ത് പിക്ക് കുഞ്ഞിന്റെ ചെവിക്കുള്ളിൽകൊണ്ട് മുറിവുണ്ടാവുകുമോ പഞ്ഞി അടർന്ന് കുട്ടിയുടെ ചെവിക്കുള്ളിൽ വീഴുമോ എന്നുമൊക്കെ ഗെർസ്റ്റെൻസാങ് ഭയപ്പെട്ടു. 

അത് വലിയ അപകടമാണ് എന്ന് മനസ്സിലാക്കിയ ഗെർസ്റ്റെൻസാങ് മറ്റ് പോംവഴികൾ ആലോചിച്ചു. ഇതിനൊരു പരിഹാരം കാണണം. മനസ്സിൽ പെട്ടെന്നാണ് ലഡു പൊട്ടിയത്. തന്റെ ഉൽപന്നത്തിന് അദ്ദേഹം പേരിടുമ്പോഴും കുഞ്ഞിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്. ആ കുഞ്ഞാണല്ലോ ആ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. കുഞ്ഞുങ്ങൾക്കുവേണ്ടിയാണ് ആദ്യം ബഡുകൾ ഉണ്ടാക്കിയതും. അതുകൊണ്ടുതന്നെ കുട്ടിത്തമുള്ള പേരാണ് തന്റെ ബഡുകൾക്ക് അദ്ദേഹം ഇട്ടത്– ബേബി ഗെയ്സ് (BABY GAYS). തന്റെ ഉൽപന്നം വിപണനം ചെയ്യാനായി അദ്ദേഹം ഒരു കമ്പനിയും രൂപീകരിച്ചു: ലിയോ ഗെർസ്റ്റെൻസാങ് ഇൻഫന്റ് നോവൽറ്റി കമ്പനി. 

 

കോടതി കയറിയ  ബഡുകൾ

 

1926ൽ ഗെർസ്റ്റെൻസാങ് തന്റെ ഉൽപന്നത്തിന് പേരുമാറ്റം നടത്തി. അവയ്ക്ക് Q-tips Baby Gays എന്നു പുനർനാമകരണം ചെയ്തു. Q ഗുണമേന്മയെയാണ് (Quality) പ്രതിനിധീകരിച്ചത്. ഇവ വാണിജ്യലോകത്ത് Q-tips എന്നറിയപ്പെട്ടു തുടങ്ങി. യുഎസ്, കാനഡ അടക്കം വടക്കേ അമേരിക്കയിൽ Q-tips ബഡുകളിലെ ഏറ്റവും മികച്ച ബ്രാൻഡായി. ലോകോത്തര കമ്പനിയായ ജോൺസൺ ആന്‍ഡ് ജോൺസൺ തങ്ങളുടെ സ്വന്തം ‘ജോൺസൺസ് ബഡ്സ്’ ഉണ്ടാക്കിത്തുടങ്ങിയതോടെ വിപണിയിൽ മത്സരമേറി. ഈ രണ്ട് കമ്പനികൾ തമ്മിലുള്ള യുദ്ധം മുറുകിയതോടെ പേറ്റന്റ് വിവാദവുമുയർന്നു. ഇതോടെ കോട്ടൺ ബഡുകൾ കോടതി കയറി. ഹേസൽ ഫോർബിസ് (HAZEL FORBIS) എന്ന വനിതയാണ് കോട്ടൺ ബഡുകൾ വാണിജ്യപരമായി ആദ്യം നിർമിച്ചുതുടങ്ങിയതെന്ന് കണ്ടെത്തി. അവർ തന്റെ വീട്ടിലാണ് ഉൽപാദനം നടത്തിയിരുന്നത്. 1927 ഡിസംബർ 6ന് കോട്ടൺ ബഡുകൾക്ക് അവർ പേറ്റന്റും നേടിയിരുന്നു. ബേബി നോസ് ഗെയ് (BABY NOSE-GAY) എന്ന പേരിലാണ് അവർ ഇത് വിപണിയിലിറക്കിയിരുന്നത്. ഇതോടെ ഫോർബിസും ക്യൂ ടിപ്സും സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. തുടർന്ന് ഫോർബിസിൽ നിന്ന് ഉൽപാദനത്തിനുള്ള സമ്മതവും ഗെർസ്റ്റെൻസാങ് സ്വന്തമാക്കി

 

പരിസ്ഥിതിക്ക് ദോഷം, നിരോധനം

 

പ്ലാസ്റ്റിക്ക് പിടിയുള്ള ബഡുകൾക്ക് ചില രാജ്യങ്ങളിൽ നിലവിൽ നിരോധനമുണ്ട്. ഇറ്റലി 2019ലും മൊണാക്കോ 2020ൽ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബഡുകൾ നിരോധിച്ചിട്ടുണ്ട്. 2021ൽ‍ യൂറോപ്യൻ യൂണിയനും നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ബഡുകൾ ഉപയോഗിച്ച ശേഷം അശ്രദ്ധമായി വലിച്ചെറിഞ്ഞ് ഉണ്ടാകുന്ന ജല മലിനീകരണമാണ് ഈ രാജ്യങ്ങളെ നിരോധനത്തിന് പ്രേരിപ്പിച്ച ഘടകം. 

ബഡ്സ് : അരുതെന്നു വൈദ്യശാസ്ത്രം

ചെവിയുടെ ഉൾവശം വൃത്തിയാക്കാനാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. എന്നാൽ വൈദ്യശാസ്ത്രം ഇവ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചെവിക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ള മുറിവുകളും അണുബാധയുമൊക്കെയാണ് കാരണങ്ങൾ. പ്രാഥമിക ശുശ്രൂഷയ്ക്കും ചില ഇലക്ട്രോണിക് ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനും സൗന്ദര്യവർധക രംഗത്തും കോട്ടൺ ബഡ്ഡുകൾ  ഉപയോഗിക്കാറുണ്ട്.

Content Summary : History of cotton swabs for ears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com