പുഴക്കരയിൽ ചേച്ചിക്കൊപ്പമിരുന്ന് ആലീസിനു മടുത്തുതുടങ്ങിയിരുന്നു. അവൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ചേച്ചിയാകട്ടെ വായനയോടു വായന. ചേച്ചിയുടെ കയ്യിലിരുന്ന പുസ്തകത്തിലേക്ക് രണ്ടോ മൂന്നോ തവണ അവൾ നോക്കി. ചിത്രങ്ങളോ സംഭാഷണങ്ങളോ ഇല്ലാത്ത വിരസമായ പുസ്തകം. ഇങ്ങനെയുള്ള പുസ്തകം കൊണ്ട് എന്തുപയോഗമെന്നാണ് ആലീസ് അത്ഭുതപ്പെടുന്നത്. ലൂയിസ് കാരളിന്റെ ‘അത്ഭുതലോകത്തിൽ ആലീസ്’ വായിച്ചിട്ടുണ്ടെങ്കിൽ ആലീസിനു പിന്നീടെന്തു സംഭവിച്ചെന്നു കൂട്ടുകാർക്ക് അറിയാമായിരിക്കും. മുയൽമാളത്തിലൂടെ താഴേക്കു പോയ അവളൊരു അത്ഭുതലോകത്തെത്തി. ചേച്ചിയുടെ കയ്യിലുള്ള പുസ്തകവും താനെത്തിയതു പോലൊരു അത്ഭുതലോകമാണെന്നു മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല ആലീസിന്!
നിങ്ങൾക്കു വായിക്കാൻ ഇഷ്ടമാണോ? ആണെങ്കിൽ ആ ഇഷ്ടം ഇമ്മിണി ബല്യ ഇഷ്ടമായി മാറട്ടെ. അല്ലെങ്കിൽ ഈ വായനദിനം തൊട്ടേ പുസ്തകങ്ങളോടു കൂട്ടുകൂടൂ. എന്താണു വായിച്ചുതുടങ്ങേണ്ടത് എന്നാണോ? പത്രങ്ങളും മാസികകളും തൊട്ടു പുസ്തകങ്ങൾ വരെ വായിക്കാം. കൂട്ടുകാരിൽ നിന്നോ ലൈബ്രറിയിൽ നിന്നോ ഇഷ്ടവിഷയത്തിലുള്ള പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കാം. ചരിത്രമോ രാഷ്ട്രീയമോ സ്പോർട്സോ കഥയോ കവിതയോ എന്തുമാകാം. വായിക്കുന്തോറും അതിനോടുള്ള ഇഷ്ടം കൂടും, വായനയുടെ വേഗം കൂടും, അറിവു കൂടും, ലോകത്തെക്കുറിച്ചു നല്ല തെളിച്ചമുള്ള ധാരണകളുണ്ടാകും. എല്ലാ ദിനവും അപ്പോൾ വായനദിനങ്ങളായി മാറും.
‘എന്നാണോ നിങ്ങൾ വായിക്കാൻ പഠിക്കുന്നത് അന്നുമുതൽ നിങ്ങൾ സ്വതന്ത്രരാണ്’. ഫ്രെഡറിക് ഡഗ്ലസ്
‘സാമ്രാജ്യാധിപനായിരുന്നില്ലെങ്കിൽ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം.’ നെപ്പോളിയൻ ബോണപ്പാർട്ട്
‘വായനപോലെ ചെലവു ചുരുങ്ങിയ മറ്റൊരു വിനോദമില്ല. അതിൽ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടു നിൽക്കുന്ന മറ്റൊരു ആനന്ദവുമില്ല.’ലേഡി മോൺടേഗ്
‘അടച്ചു വച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ്.’ ഇംഗ്ലിഷ് പഴമൊഴി

പി.എൻ. പണിക്കർ കൊളുത്തിയ ജ്വാല
ഒരു വായനശാലയെങ്കിലും ഇല്ലാത്ത ഗ്രാമങ്ങൾ ഇന്നു കേരളത്തിൽ കുറവായിരിക്കും. എന്നാൽ അങ്ങനെയൊരു കാലമുണ്ടായിരുന്നു. അതിനു മാറ്റമുണ്ടാക്കിയതും പുസ്തകങ്ങൾ സാധാരണക്കാരിലേക്ക് എത്തിച്ചതും സമൂഹത്തിലുണ്ടാക്കിയ പുരോഗമനം വലുതായിരുന്നു. പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ. പണിക്കരാണ് ഗ്രന്ഥശാലാ സംഘത്തിലൂടെ ആ വിപ്ലവം സാധ്യമാക്കിയത്. അദ്ദേഹം തുടക്കം കുറിച്ച തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം പിന്നീടു കേരള ഗ്രന്ഥശാലാ സംഘമായി മാറുകയായിരുന്നു. വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കേരളത്തിന് പ്രിയപ്പെട്ടതായി. അദ്ദേഹത്തിന്റെ ഓർമദിനമായ ജൂൺ 19 വായന ദിനമായാണ് കേരളം ആഘോഷിക്കുന്നത്. അന്നുതൊട്ട് ജൂൺ 25 വരെ വായനാവാരവുമാണ്.
മനസ്സിൽ തൊട്ട ആദ്യ വരികൾ
ചില പുസ്തകങ്ങളും കഥാപാത്രങ്ങളുമൊന്നും അത്ര എളുപ്പം മനസ്സിൽ നിന്നു പോകില്ല. അല്ലേ. ചിലപ്പോഴെങ്കിലും അവരെ ഒന്നു കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ ചില കാര്യങ്ങളൊക്കെ ചോദിക്കാമായിരുന്നു എന്നു പോലും കൂട്ടുകാർക്ക് തോന്നിയിട്ടുണ്ടാകും. അങ്ങനെ, വായനക്കാരെ ഒരുപാട് സ്വാധീനിച്ച പ്രശസ്തമായ ചില സാഹിത്യരചനകളുടെ ആദ്യവരികളാണിത്. അത് ഏതു കൃതിയിലേതെന്നും എഴുത്തുകാരൻ ആരെന്നും കണ്ടുപിടിക്കാമോ?
∙ എന്റെ അച്ചേ വള്ളോം വലേം മേടീക്കാനെക്കൊണ്ടു പോവ്വാണല്ലോ.’’ ‘‘കറത്തമ്മേടെ ഭാഗ്യം!’’
∙ മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു.
∙ കൂമൻകാവിൽ ബസ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല.
∙ ചുമരിലെ പഴയ നാഴികമണി ഏഴടിക്കുന്നതു കേട്ട് ദസ്തയേവ്സ്കി ഞെട്ടിയുണർന്നു.
∙ ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദും സുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ്നേഹബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുൻപേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്.
∙ പുഞ്ചിരി, ഹാ, കുലീനമാം കള്ളം: നെഞ്ചു കീറി ഞാൻ നേരിനെക്കാട്ടാം
∙ As Gregor Samsa awoke one morning from uneasy dreams he found himself transformed in his bed into a gigantic insect.
∙ It is a truth universally acknowledged, that a single man in possession of a good fortune, must be in want of a wife.
∙ All happy families are alike; each unhappy family is unhappy in its own way.
∙ Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice.
∙ ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്തു നിന്നു.
Content Summary : National reading day