കളിമണ്ണ് പരത്തി മുറിച്ചെടുത്ത അക്ഷരങ്ങള്‍; ഫോണ്ടുകൾ കംപ്യൂട്ടറുകളിലൂടെ

history-of-fonts
Representative image. Photo Credits: amebar/ Shutterstock.com
SHARE

8, 9,10 ക്ലാസുകളിലെ ഐസിടി ടെക്സ്റ്റുബുക്കുകളിലെ ആദ്യ പാഠങ്ങളിലൂടെ കൂട്ടുകാർ കടന്നുപോവുകയാണല്ലോ. എട്ടാം ക്ലാസിൽ  അക്ഷരങ്ങൾ കംപ്യൂട്ടറിലെത്തുന്നതിനെക്കുറിച്ചാണ് പഠിക്കുന്നതെങ്കിൽ ഒൻപതിലും പത്തിലും യഥാക്രമം ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ ഇമേജിങ് സോഫ്റ്റ്‍വെയറുകളെ പരിചയപ്പെടുകയാണ് ചെയ്യുന്നത്. തിയറി ക്ലാസുകളിൽ ടീച്ചർ പ്രദർശിപ്പിക്കുന്ന / പരിചയപ്പെടുത്തുന്ന കാര്യങ്ങൾ കുറിച്ചുവയ്ക്കുകയും പ്രാക്ടിക്കൽ ക്ലാസിൽ അവ ചെയ്തു പരിശീലിക്കുകയും വേണം. പൂർത്തിയാക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും നിങ്ങളുടെ വർക്കുകൾ അതതിന്റെ ഫോൾഡറുകളിൽ സേവ് ചെയ്യാൻ മറക്കരുത്.

ഫോണ്ടുകളുടെ തുടക്കം

ടെക്സ്റ്റുകളെ വിവിധ രീതികളിൽ പ്രദർശിപ്പിക്കുന്നതിനാണ് ഫോണ്ടുകൾ ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ക്ലാസിൽ മനസ്സിലാക്കിയല്ലോ. പതിനൊന്നാം നൂറ്റാണ്ടിൽ ചൈനയിലാണ് ഫോണ്ടുകളുടെ ആശയം ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്. ‘ബി ഷെങ്’ എന്ന ചൈനീസ് ഗവൺമെന്റ് ഉദ്യോഗസ്ഥൻ പശയുള്ള കളിമണ്ണ് പരത്തി വളരെ നേരിയ അക്ഷരങ്ങളായി മുറിച്ചെടുക്കുകയും അവയെ ബേക്ക് ചെയ്ത് കനപ്പെടുത്തി, ഒരു ഇരുമ്പു പ്ലേറ്റിൽ പതിച്ച് ഓരോ ബ്ലോക്കുകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തുവത്രേ. പിന്നീട്, അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന ‘വാങ് സെൻ’ കളിമണ്ണിനുപകരം മരക്കഷണങ്ങൾ ഉപയോഗിച്ച് ഈ രീതി മെച്ചപ്പെടുത്തി. കൂടുതൽ മെച്ചപ്പെടുത്തലുകളിലൂടെ കംപ്യൂട്ടറുകളുടെ കടന്നുവരവുവരെ പ്രിന്റിങ് ബ്ലോക്കുകൾ അച്ചടിരംഗത്ത് സജീവമായിത്തന്നെ നിലകൊണ്ടു.

ഫോണ്ടുകൾ കംപ്യൂട്ടറുകളിലൂടെ

കംപ്യൂട്ടറുകളുടെ വരവോടെ  ഫോണ്ടുകളുടെ നിർമാണം എളുപ്പമായി. പ്രിന്റിങ് ബ്ലോക്കുകളിൽ ഓരോ ഫോണ്ടുകളും കൈകൊണ്ട് മെനഞ്ഞെടുക്കേണ്ട ആവശ്യമില്ലാതായി. ഒരുപാട് സമയവും അധ്വാനവും ആവശ്യമായ പ്രവൃത്തി ആയിരുന്നുവല്ലോ അത്. ഇപ്പോൾ ഓരോ ഗ്ലിഫുകളും (glyph - കാരക്ടറുകളുടെ ഗ്രാഫിക്കൽ പ്രാതിനിധ്യം) കംപ്യൂട്ടറുകളിൽ ഭംഗിയായും കൃത്യമായും നിർമിക്കാനാകുന്നു. മാത്രമല്ല, അവയുടെ വിതരണവും വ്യാപനവുമൊക്കെ കൂടുതൽ എളുപ്പമായിത്തീർന്നു. ഓരോ സാഹചര്യത്തിനും ഇണങ്ങുന്ന മനോഹരമായ ഫോണ്ടുകൾ നിർമിച്ചെടുക്കുന്നത് ഒരു കലയാണ്. ആശയവും സർഗാത്മകതയും വരയ്ക്കാനുള്ള കഴിവുമുണ്ടെങ്കിൽ ഈ രംഗത്ത് കൂട്ടുകാർക്ക് ശോഭിക്കാനാവും. അതിനു സഹായകമായ സോഫ്റ്റ്‍വെയറുകളും ധാരാളം ട്യൂട്ടോറിയലുകളുമൊക്കെ ലഭ്യമാണ്.

സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്

മലയാളം ഫോണ്ടുകളുടെ നിർമാണത്തിലും വിതരണത്തിലും മികച്ച പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മയാണ് സ്വ.മ.ക (SMC). എല്ലാവർക്കും പ്രാപ്യമായ സ്വതന്ത്രവും ഓപ്പൺ സോഴ്സ് അധിഷ്ഠിതവുമായ മലയാളം കംപ്യൂട്ടിങ് സാഹചര്യം ലക്ഷ്യമിട്ട് 2002ലാണ് ഈ പ്രസ്ഥാനം രൂപപ്പെട്ടത്. മനോഹരങ്ങളായ കുറെ മലയാളം ഫോണ്ടുകൾ ഇവിടെ നിന്നും നമുക്ക് സൗജന്യമായി ലഭിക്കും. http://smc.org.in എന്ന വെബ്‍സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം.

Content Summary : History of fonts

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS