പാർലമെന്റും ജനാധിപത്യവും വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ. ഇതെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പാർലമെന്റ് ദിനത്തിൽ പരിചയപ്പെടാം. 1889 ജൂൺ 30ന് ഇന്റർപാർലമെന്ററി യൂണിയൻ (ഐപിയു) രൂപീകരിച്ചതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും ജൂൺ 30 രാജ്യാന്തര പാർലമെന്റ് ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന 2018ൽ തീരുമാനിച്ചത്.
ഏതൊരു രാജ്യത്തിന്റെയും നിയമനിർമാണം നടത്തുന്ന പരമോന്നത കേന്ദ്രമാണ് ദേശീയ നിയമനിർമാണ സഭ അഥവാ പാർലമെന്റ്. ലോകത്താകെ 190 രാജ്യങ്ങൾക്ക് സ്വന്തം പാർലമെന്റുകളുണ്ട്. ദ്വിമണ്ഡല സിദ്ധാന്തത്തെ അടിസ്ഥാനമാക്കി (BICAMERAL) 2 സഭകളടങ്ങുന്ന പാർലമെന്റുള്ള 78 രാജ്യങ്ങളും (ആകെ 156 സഭകൾ) ഒരു സഭ മാത്രമുള്ള (UNICAMERAL) 112 പാർലമെന്റുകളുമുണ്ട്. ഈ സഭകളിലെ അംഗങ്ങളെ പാർലമെന്റ് അംഗങ്ങൾ (Member of Parliament/MP) എന്ന് അറിയപ്പെടുന്നു.
∙ വാക്കു വന്ന വഴി
പാർലമെന്റ് എന്ന ഇംഗ്ലിഷ് പദം പിറവിയെടുത്തത് പ്രാചീന ഫ്രഞ്ച് ഭാഷയിലുള്ള ‘പാർലേമെന്റ് (PARLEMENT) എന്ന പദത്തിൽനിന്നാണ്. ചർച്ച എന്നതാണ് ഈ വാക്കിന്റെ അർഥം. സംസാരിക്കുക (TO TALK) എന്ന് അർഥമുള്ള പാർലെർ (PARLER) എന്ന വാക്കിൽനിന്നാണ് ‘പാർലേമെന്റിന്റെ ഉദ്ഭവം.
പാർലമെന്റുകളുടെ മാതാവ്
പാർലമെന്റുകളുടെ മാതാവ് എന്ന വിശേഷണമുള്ള ബ്രിട്ടിഷ് പാർലമെന്റ് 1236ലാണ് നിലവിൽ വന്നത്. 1707ൽ പാർലമെന്റ് ഓഫ് ഗ്രേറ്റ് ബ്രിട്ടൻ നിലവിൽവന്നു. 1801ൽ യുകെ പാർലമെന്റ് ആ സ്ഥാനം ഏറ്റെടുത്തു. 1865ൽ ജോൺ ബ്രൈറ്റ് നടത്തിയ ‘ഇംഗ്ലണ്ടാണ് പാർലമെന്റുകളുടെ മാതാവ്’ എന്ന പരാമർശത്തോടെയാണ് ‘പാർലമെന്റുകളുടെ മാതാവ്’ എന്ന വിശേഷണം ചരിത്രത്തിൽ ഇടംനേടിയത്. ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സും (778 അംഗങ്ങൾ) അധോസഭയായ ഹൗസ് ഓഫ് കോമൺസും (650) ചേരുന്ന യുകെ പാർലമെന്റാണ് ഇപ്പോൾ നിയമനിർമാണ സഭ. അധോസഭയേക്കാൾ കൂടുതൽ അംഗങ്ങൾ ഉപരിസഭയിലുള്ള ഏക പാർലമെന്റാണ് യുകെയിലേത്

2980 പാർലമെന്റ്
കൂടുതൽ അംഗങ്ങളുള്ള പാർലമെന്റ് എന്ന ബഹുമതി ചൈനയ്ക്കാണ്. 2,980 അംഗങ്ങളുള്ള നാഷനൽ പീപ്പിൾസ് കോൺഗ്രസിന് ഒരു സഭയേയുള്ളൂ. ബെയ്ജിങ്ങിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിൾ എന്നാണ് പാർലമെന്റ് മന്ദിരം അറിയപ്പെടുന്നത്. വെറും 7 അംഗങ്ങൾ മാത്രമുള്ള വത്തിക്കാൻ സിറ്റിയുടെ നിയമനിർമാണ സഭയുടെ ഔദ്യോഗിക നാമം പൊന്തിഫിക്കൽ കമ്മിഷൻ ഫോർ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് എന്നാണ്. പോപ്പ് നിയമിക്കുന്ന 7 കർദിനാൾമാരാണ് അംഗങ്ങൾ. കാലാവധി 5 വർഷം.

പാരമ്പര്യം പേറുന്ന മന്ദിരം
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പാർലമെന്റ് സമുച്ചയം എന്ന പദവി നെതർലൻഡ്സിലെ ബിന്നൻഹോയ്ക്ക് (BINNENHOF) അവകാശപ്പെട്ടതാണ്. ഹേഗിൽ സ്ഥിതി ചെയ്യുന്ന ഈ മന്ദിരം 13–ാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
പഴക്കംചെന്ന പാർലമെന്റ്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും ഇപ്പോഴും നിലവിലുളളതുമായ നിയമനിർമാണ സഭ വടക്കൻ അറ്റ്‌ലാന്റിക് ദ്വീപ് രാഷ്ട്രമായ ഐസ്‌ലൻഡിലെ ‘അൽപിൻഗി’യാണ് (ALTHINGI/ ALTHING). എഡി 930ൽ നിലവിൽവന്നു. രാഷ്ട്രീയ കാരണങ്ങളാൽ 1800നും 1843നുമിടയിൽ ‘അൽപിൻഗി’ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ ഏറ്റവും പഴക്കം ചെന്നതും തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ നിയമനിർമാണ സഭ യുകെയുടെ ആശ്രിത പ്രദേശങ്ങളിലൊന്നായ ഐൽ ഓഫ് മാനിന്റേതാണ്. 1000 വർഷത്തെ പാരമ്പര്യം ഈ നിയമനിർമാണ സഭയ്ക്കുണ്ട്. ടിൻവാൾഡ് (TYNWALD) എന്നാണ് ഔദ്യോഗിക നാമം.

ഏറ്റവും വലിയ സഭാ മന്ദിരം
ലോകത്തിലെ ഏറ്റവും വലിയ നിയമനിർമാണ സഭാ മന്ദിരം എന്ന ഖ്യാതി റുമാനിയയുടെ പാർലമെന്റ് മന്ദിരത്തിനാണ്. പാലസ് ഓഫ് ദ് പാർലമെന്റ് എന്നാണ് ഔദ്യോഗിക നാമം. തലസ്ഥാനമായ ബുക്കാറെസ്റ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം 1997ലാണ് തുറന്നത്. 12 നിലകളിലുള്ള ഈ കെട്ടിടത്തിൽ 1,100 മുറികളുണ്ട്. ഏതാണ്ട് 40 ലക്ഷം ചതുരശ്രയടിയിൽ സ്ഥിതി ചെയ്യുന്നു.
Content Summary : International parliament day