ADVERTISEMENT

നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട ചോക്ലേറ്റിനായി ഒരു ദിനമുണ്ടെന്നു കൂട്ടുകാർക്കറിയാമോ? ഒരു നുള്ളു ചോക്ലേറ്റ് കൊണ്ട് ഒത്തിരി മധുരമുള്ള ഓർമകൾ നമുക്കെല്ലാം ഉണ്ടായിട്ടില്ലേ? ജൂലൈ 7, ലോക ചോക്ലേറ്റ് ദിനമായി ആചരിക്കുന്നു. നമുക്ക് ഇത്രയേറെയിഷ്ടമുള്ള സാധനത്തിന്റെ ചരിത്രവും സവിശേഷതകളും അറിയണ്ടേ?

 

പണ്ട് പണ്ട് 4000 വർഷങ്ങൾക്ക് മുൻപ്

 

മെക്സിക്കോയിലെ നഗരമായ മെസോഅമേരിക്കയെന്ന സ്ഥലത്തു 4000 വർഷങ്ങൾക്കു മുൻപാണ് ആദ്യമായി കൊക്കോക്കുരുവിൽ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കിയതെന്നാണു കരുതുന്നത്. അതിനായി ഉപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. അന്നത്തെ നാഗരിക സമൂഹമായ ഓൽമെക്കുകൾ ചോക്ലേറ്റ് മരുന്നു പോലെ കുടിക്കുമായിരുന്നത്രേ. ഇന്നു നമ്മളുടെ ചോക്ലേറ്റെന്ന സങ്കൽപം യഥാർഥത്തിൽ ബാർ ചോക്ലേറ്റിന്റെ രൂപത്തിലാണ്. എന്നാൽ എത്രയോ നൂറ്റാണ്ടുകൾ ചോക്ലേറ്റ് ഒരു പാനീയമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. മുളകും, ധാന്യപ്പൊടികളും വെള്ളവും, വറുത്ത കൊക്കോക്കുരുവിനൊപ്പം ചേർത്തുണ്ടാക്കുന്ന മായന്മാരുടെ പാനീയം, ദൈവത്തിന്റെ പാനീയം എന്നാണ് അറിയപ്പെട്ടിരുന്നത്. ചോക്ലേറ്റെന്നാൽ മധുരമെന്ന് ഓർമ വരുമെങ്കിലും, അന്നത്തെ കാലത്ത് കയ്പോടെയാണു ചോക്ലേറ്റ് സേവിച്ചിരുന്നത്.

 

ചോക്ലേറ്റ് കറൻസിയും  കല്യാണ സമ്മാനവും

 

ചോക്ലേറ്റ് വാങ്ങാൻ പണം കൊടുക്കണം, എന്നാൽ ചോക്ലേറ്റ് തന്നെ പണം പോലെ ഉപയോഗിക്കാമെങ്കിലോ? 15–ാം നൂറ്റാണ്ടിൽ മെക്സിക്കോയിലെ ആസ്ടെക് സാമ്രാജ്യത്തിനു കീഴിൽ കൊക്കോക്കുരുവും ചോക്ലേറ്റും പണമായി ഉപയോഗിക്കുമായിരുന്നു. യുദ്ധത്തിനു പോകുന്ന പോരാളികൾക്കു കൊടുക്കുന്ന എനർജി ഡ്രിങ്കുമായിട്ടുണ്ട് നമ്മുടെ ചോക്ലേറ്റ്. ലാറ്റിൻ അമേരിക്കയിൽ നിന്നു സംഗതി യൂറോപ്പിലെത്തിയതോ ഒരു യുദ്ധത്തിനൊടുവിൽ. ആസ്ടെക് സാമ്രാജ്യം പിടിച്ചടക്കിയ സ്പാനിഷ് ഭരണാധികാരി ഹെർനൻ കോർട്ടസ് തിരിച്ചു സ്പെയിനിലേക്കു മടങ്ങുമ്പോൾ സ്വർണത്തിനും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾക്കുമൊപ്പം ‘കുറച്ചു നിധിയും കരുതി’– കൊക്കോക്കുരു. 1528ൽ സ്പെയിനിൽ എത്തുന്നതോടെയാണു ചോക്ലേറ്റിനു ‘മധുരഭാവം’ വരുന്നത്. തേനും പഞ്ചസാരയും ചേർത്തു സ്പാനിഷ് സ്പെഷൽ ചോക്ലേറ്റ് ഹിറ്റായി. ഏറെ നാൾ രഹസ്യമാക്കി വച്ച ‘സ്വീറ്റ് സീക്രട്ട്’ 1615ൽ ഒരു കല്യാണത്തിലൂടെയാണു ഫ്രാൻസിൽ എത്തുന്നത്. സ്പാനിഷ് രാജാവായ ഫിലിപ്പ് മൂന്നാമന്റെ മകൾ ഫ്രാൻസിലേക്കു ലൂയിസ് 13–ാമനുമായി കല്യാണം കഴിച്ചു പോകുമ്പോൾ സമ്മാനമായി കൂടെ പോയ ചോക്ലേറ്റ് പീന്നിടു ലോകമെങ്ങുമെത്തി. ഇഷ്ടവിഭവമായി ആളുകളുടെ മനസ്സിൽ കയറിപ്പറി. 1828ൽ ചോക്ലേറ്റ് പ്രസ് കണ്ടുപിടിച്ചതോടെയാണു ബാർ ചോക്ലേറ്റുകളുടെ വരവ്.

 

ചോക്ലേറ്റുണ്ടാവുന്നത്..

 

ചോക്ലേറ്റുണ്ടാക്കുന്നത് വലിയൊരു പ്രക്രിയയാണ്. കൊക്കോക്കുരു വൃത്തിയാക്കി, വറുത്ത്, തൊലി കളഞ്ഞെടുത്ത് അരച്ചെടുത്തുണ്ടാക്കുന്ന കൊക്കോ ബട്ടറിൽ നിന്ന് വീണ്ടും കൊഴുപ്പിന്റെ അളവ് മാറ്റി കൊക്കോ സോളിഡ്സിൽ നിന്നാണ് ഡാർക്ക് ചോക്ലേറ്റുണ്ടാവുന്നത്. അതിൽ പാലോ വെണ്ണയോ ചേർത്താൽ ഇന്നു മാർക്കറ്റിൽ ഏറ്റവും കാണപ്പെടുന്ന മിൽക് ചോക്ലേറ്റ് കിട്ടും. കൊക്കോ ബട്ടറിൽ വനില ഫ്ലേവർ ചേർത്താണു വൈറ്റ് ചോക്ലേറ്റുണ്ടാക്കുന്നത്. വിപണിയിൽ കൂടുതലും ബാർ ചോക്ലേറ്റുകളാണെങ്കിലും പാനീയമായ ഹോട്ട് ചോക്ലേറ്റും ആളുകൾക്കേറെ പ്രിയം. തണുപ്പുള്ള സ്ഥലങ്ങളിൽ ഹോട്ട് ചോക്ലേറ്റിനും, ചോക്ലേറ്റ് കോഫിക്കും ഡിമാൻഡ് ഏറെ.

 

ശ്രദ്ധിച്ചു കഴിക്കാം

 

രുചി എ ക്ലാസാണെങ്കിലും, ചോക്ലേറ്റ് അധികം കഴിച്ചാൽ അപകടമാണ്. വിപണിയിലുള്ള ചോക്ലേറ്റുകളിൽ അധികം വലിയ തോതിൽ കൊഴുപ്പും, പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഒരുപാട് കഴിച്ചാൽ മുതിർന്നവർ പറയുന്നതു പോലെ പല്ലിനു മാത്രമല്ല കേട്, എളുപ്പത്തിൽ ജീവിതശൈലി രോഗങ്ങളും വരാം. കേട്ടിട്ടില്ലേ? അധികമായാൽ അമൃതും വിഷം. എത്ര രുചിയുള്ളതാണെങ്കിലും ചോക്ലേറ്റും ആരോഗ്യത്തിനു വില്ലനാകാം.

 

∙ലോകത്തു പ്രതിവർഷം 75 ലക്ഷം ടൺ ചോക്ലേറ്റ് ആളുകൾ വാങ്ങുന്നു

∙എട്ടു വർഷമെടുത്താണു ഡാനിയൽ പീറ്റർ മിൽക് ചോക്ലേറ്റുണ്ടാക്കാനുള്ള പ്രക്രിയ കണ്ടുപിടിച്ചത്.

∙70 % കൊക്കോക്കുരുവും ഉൽപാദിപ്പിക്കുന്നത് പശ്ചിമ ആഫ്രിക്കയിലാണ്.

∙ചോക്ലേറ്റുകളുടെ ഉപഭോഗത്തിൽ ഏറ്റവും മുൻപിലുള്ള രാജ്യം സ്വിസ്റ്റർലാൻഡാണ്. .ഒരു വ്യക്തി പ്രതിവർഷം 8.8 കിലോഗ്രാം ചോക്ലേറ്റ് വാങ്ങുന്നുണ്ടെന്നാണു കണക്ക്.

∙ ചോക്ലേറ്റുകൾ നായ്ക്കൾക്ക് ഹാനികരമാണ്. ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള തിയോബ്രോമിൻ എന്ന പദാർഥം ദഹിപ്പിക്കാൻ നായ്ക്കൾക്കാവില്ല. അതിനാൽ ചോക്ലേറ്റുകൾ അവയ്ക്കു വിഷമാണ്.

∙500 ഗ്രാം ചോക്ലേറ്റുണ്ടാക്കാൻ 400 കൊക്കോക്കുരുവെങ്കിലും വേണം. ഒരു മരത്തിൽ ഒരു വർഷം 2,500 കുരു മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാലാണ് ‘ഒറിജിനൽ’ ചോക്ലേറ്റിന് ഉയർന്ന വില ഈടാക്കുന്നത്.

 

Content Summary : World chocolate day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com