ഇന്നു നാം കാണുന്ന റോബട്ടുകളുടെ ആദ്യരൂപം 1948ൽ ഡബ്ല്യു. ഗ്രേ വാൾട്ടർ നിർമിച്ച യന്ത്ര ആമയാണെന്നു പറയാം. മൃഗങ്ങളുടെ ചലനങ്ങളെ അനുകരിക്കാൻ കഴിയുന്ന റോബട് നിർമിക്കാനുള്ള ശ്രമമാണു വാൾട്ടറിന്റെ യന്ത്ര ആമ. നിർമിതബുദ്ധി ഒരു ഗവേഷണശാഖയായി വികസിക്കുന്നതിനു മുൻപ് തന്നെ, വാൾട്ടർ അക്കാലത്തെ അത്യാധുനിക റോബട്ടുകൾ വികസിപ്പിച്ചെടുത്തു. തലച്ചോറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ സഹായിക്കുന്ന ഇലക്ട്രോ എൻസെഫലോ ഗ്രാം (ഇഇജി) വികസിപ്പിച്ച വാൾട്ടർ ഒരു ന്യൂറോ ഫിസിയോളജിസ്റ്റായിരുന്നു. മൃഗങ്ങളുടെ മസ്തിഷ്കത്തെ മനസ്സിലാക്കാനുള്ള വാൾട്ടറിന്റെ പരിശ്രമമാണ് അവയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ അനുകരിക്കുന്ന ലളിതമായ മാതൃകകൾ നിർമിക്കാൻ പ്രേരിപ്പിച്ചത്. നാഡീവ്യവസ്ഥയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ തെളിയിക്കാൻ അദ്ദേഹം 1940കളുടെ അവസാനം എൽമർ, എൽസി എന്നീ രണ്ടു റോബട്ടുകൾ നിർമിച്ചു. മുച്ചക്ര സൈക്കിളിന്റെ മാതൃകയിലുള്ള ഇവ ഇന്നത്തെ റോബട്ടിന്റെ ആദ്യകാല പ്രോട്ടോടൈപ്പുകളായിരുന്നു. സ്വയം നിയന്ത്രിത റോബട്ടുകളുടെ ആദ്യ ഉദാഹരണങ്ങളാണ് എൽമറും എൽസിയും.
കാര്യം നടത്താൻ ആൽഗരിതം
പല ആദ്യകാല എഐ പ്രോഗ്രാമുകളും സമാനമായ ആൽഗരിതങ്ങളാണ് ഉപയോഗിച്ചത്. ഗെയിം കളിക്കാനും സിദ്ധാന്തം തെളിയിക്കാനുമൊക്കെ ഈ ആൽഗരിതങ്ങൾ ഘട്ടം ഘട്ടമായ സമീപനം സ്വീകരിച്ചു. ഒരു വഴിയിലൂടെ ശ്രമിച്ചു പരാജയപ്പെട്ടാൽ വീണ്ടും തുടക്കത്തിൽ പോയി മറ്റൊരു വഴിയിലൂടെ ശ്രമിച്ചു വിജയിക്കുന്നതു വരെ തുടർച്ചയായി പ്രവർത്തിക്കുന്ന ആൽഗരിതങ്ങൾ 1960കളിൽ ഗവേഷകർ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. എന്നാൽ, അക്കാലത്ത് ആൽഗരിതങ്ങൾ നേരിട്ട പ്രധാന വെല്ലുവിളി അവ പരീക്ഷിക്കേണ്ട എണ്ണമറ്റ മാർഗങ്ങളായിരുന്നു. ഒട്ടേറെ സമയം പാഴാക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ഗവേഷകർ വിജയസാധ്യതയില്ലാത്ത വഴികൾ ഉപേക്ഷിക്കാൻ ഹ്യൂറിസ്റ്റിക്സ് മാർഗം ഉപയോഗിച്ചു. ഇത് ആൽഗരിതങ്ങളുടെ പ്രവർത്തനമികവും വേഗവും വർധിപ്പിച്ചു.
ഈ ആൽഗരിതത്തിന്റെ സാമാന്യവൽക്കരിച്ച പതിപ്പ് ജനറൽ പ്രോബ്ലം സോൾവർ എന്ന പേരിൽ ഒരു പ്രോഗ്രാം ആയി അലൻ ന്യൂവെൽ, ഹെർബട് സൈമൺ എന്നിവർ ചേർന്നു വികസിപ്പിച്ചെടുത്തു.
1970കളിൽ എഐ മേഖല വലിയ വിമർശനങ്ങളും തിരിച്ചടികളും നേരിട്ടു. എഐ ഗവേഷകരുടെ അമിതമായ ശുഭാപ്തിവിശ്വാസം ഫലമണിയാതെ വന്നതോടെ ഗവേഷണത്തിനുള്ള ധനസഹായം ഏറെക്കുറെ നിലച്ചു. തുടർന്ന് ഒരു ദശാബ്ദത്തോളം എഐയുടെ വളർച്ച മന്ദഗതിയിലായിരുന്നു. അസ്തമിച്ചെന്നു കരുതിയിടത്തു നിന്നാണ് എൺപതുകളിൽ എഐയുടെ രണ്ടാമുദയം. അതെപ്പറ്റി അടുത്ത ലക്കത്തിൽ.
എന്താണ് ഹ്യൂറിസ്റ്റിക്സ്
പ്രായോഗിക പ്രശ്‌നപരിഹാര തന്ത്രങ്ങൾ അല്ലെങ്കിൽ തീരുമാനങ്ങൾ എടുക്കുന്നതിനു വഴികാട്ടുന്ന നിയമങ്ങളാണു ഹ്യൂറിസ്റ്റിക്സ്. സങ്കീർണമോ അനിശ്ചിതത്വം നിറഞ്ഞതോ ആയ സാഹചര്യങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴികളാണ് ഇവ. ഏറ്റവും ഉറപ്പുള്ള പ്രശ്നപരിഹാര സാധ്യതകൾ കണ്ടെത്തി അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹ്യൂറിസ്റ്റിക്സ് സഹായിക്കുന്നു. ആൽഗരിതങ്ങളുടെ സമഗ്രമായ വിശകലനത്തേക്കാൾ അനുഭവം, സാമാന്യബുദ്ധി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഹ്യൂറിസ്റ്റിക്സിന്റെ പ്രവർത്തനം. ഹ്യൂറിസ്റ്റിക്‌സിന്റെയും ആൽഗരിതങ്ങളുടെയും സംയോജനം എഐ ഗവേഷണത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
Content Summary : WiIliam Grey Walter,and the robot turtle