ഉപ്പ് വെള്ളത്തെ ശുദ്ധീകരിക്കും, മണ്ണിടിച്ചിലും കൊടുങ്കാറ്റിലും കടലാക്രമണത്തിലും നിന്ന് തീരത്തെ സംരക്ഷിക്കും; കരയുടെ സസ്യസൈന്യം

HIGHLIGHTS
  • ഇന്ന് രാജ്യാന്തര കണ്ടൽ സംരക്ഷണ ദിനം. എങ്ങനെയാണ് ഈ ദിനാചരണം ആരംഭിച്ചത്?
  • കണ്ടലുകളുടെ സവിശേഷതകളെന്തൊക്കെ? സംരക്ഷണം എങ്ങനെ, അറിയാം
international-mangrove-day
നെടുങ്ങോലത്ത് പരവൂർ കായലിലെ കണ്ടൽക്കാട്. ചിത്രം. മനോരമ
SHARE

കായലിനെ പച്ചക്കൈകൾ നീട്ടി പൊതിഞ്ഞുപിടിക്കും പോലെ ഇടതൂർന്ന് നിൽക്കുന്ന കണ്ടൽക്കാടുകൾ കൂട്ടുകാർ കണ്ടിട്ടുണ്ടോ. നമ്മുടെ കൊല്ലം ജില്ലയിൽ മാത്രം വിവിധ ഇടങ്ങളിലായി 58 ഹെക്ടറിലധികം കണ്ടൽക്കാടുകളുണ്ട്. ലോക കണ്ടൽദിനമായ ഇന്ന് കണ്ടലുകളെപ്പറ്റി കൂടുതൽ മനസ്സിലാക്കിയാലോ...

∙കണ്ടൽക്കഥ‍

കായലരികത്തും അഴിമുഖങ്ങളിലും ചതുപ്പുകളിലും കണ്ടുവരുന്ന പ്രത്യേക ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ലവണാംശമുള്ള ഇടങ്ങളിൽ വളരാൻ സാധിക്കുന്ന ഇവ ഹാലോഫൈറ്റ് വിഭാഗത്തിൽ പെട്ടവരാണ്. കരയുടെ കാവൽക്കാരിയെന്നും ശ്വാസകോശമെന്നുമൊക്കെ കണ്ടൽക്കാടുകൾ അറിയപ്പെടുന്നു. മിക്ക ചെടികളുടെയും വേരുകൾ മണ്ണിന്റെ അടിത്തട്ടിലേക്ക് വളരുമ്പോൾ കണ്ടലുകളുടെ വേരുകൾ മണ്ണിൽ നിന്ന് മുകളിലേക്കാണു വളരുക. വായുവിലേക്കും മണ്ണിലേക്കും വ്യാപിച്ച് കിടക്കുന്ന വേരുകൾ കൊണ്ട് കണ്ടൽച്ചെടികൾ തീർക്കുന്ന ആവാസവ്യവസ്ഥ ഒരേസമയം പ്രകൃതിക്ക് സൗന്ദര്യവും സംരക്ഷണവുമാകുന്നു. മൺറോത്തുരുത്തിലും സാമ്പ്രാണിക്കോടിയിലും പരവൂരും അഷ്ടമുടിക്കായലിന്റെ തീരങ്ങളിലും മറ്റും കണ്ടൽക്കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ അടുത്തിടെ വൻ വർധനയാണ് കണ്ടുവരുന്നത്

∙കണ്ടൽ ദിനം

2‌‌‌015ൽ പാരിസിൽ നടന്ന യുനെസ്കോ സമ്മേളനത്തിലാണ് ജൂലൈ 26 രാജ്യാന്തര കണ്ടൽ സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. കണ്ടലുകളുടെ സുസ്ഥിര വികസനവും സംരക്ഷണവും ലക്ഷ്യമിട്ടായിരുന്നു നടപടി. പരിസ്ഥിതി പ്രവർത്തകയായ ഹെയ്ന ഡാനിയേൽ നനോട്ടോ ഇക്വഡോറിലെ കണ്ടൽ നശീകരണത്തിനെതിരെ പ്രവർത്തിക്കുന്നതിനിടെ ഹൃദയാഘാതം വന്നു മരിച്ചതിന്റെ ഓർമദിനം കൂടിയാണ് ഈ ദിവസം. ഇന്ന് ലോകത്താകെ 142 രാജ്യങ്ങളിലായി ഏകദേശം 19.8 ദശലക്ഷം ഹെക്ടർ  കണ്ടൽക്കാടുകൾ ഉണ്ട്.

∙പരിസ്ഥിതി സംരക്ഷണം

കരയുടെ സസ്യസൈന്യമാണ് കണ്ടലുകൾ. മണ്ണിടിച്ചിലും കൊടുങ്കാറ്റും തുടങ്ങി കടലാക്രമണം വരെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് തീരത്തെ സംരക്ഷിക്കാൻ ഇവർ മിടുമിടുക്കരാണ്. ഉപ്പ് വെള്ളത്തെ വരെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് വായുമലിനീകരണം കുറയ്ക്കാനാകും. നിത്യഹരിത വനങ്ങൾ ശേഖരിക്കുന്നതിനേക്കാൾ ഏകദേശം അഞ്ചിരട്ടി കാർബൺ ശേഖരിക്കുന്നതിലൂടെ കാലാവസ്ഥാവ്യതിയാനവും ഹരിതഗൃഹപ്രവാഹവും ഉണ്ടാക്കുന്ന ആഘാതങ്ങളെ കണ്ടൽക്കാടുകൾ പ്രതിരോധിക്കുന്നു.

കരയിലേക്ക് ഉപ്പിന്റെ അംശം അരിച്ചിറങ്ങാതെ സൂക്ഷിക്കുകയും ഓരുജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിർത്തുകയും ചെയ്യുന്നതിലും കണ്ടലുകൾ പ്രധാന പങ്കുവഹിക്കുന്നു. തീരത്തെ സ്വാഭാവിക പരിസ്ഥിതിയും ഫലഭൂയിഷ്ഠമായ മണ്ണും പോഷകങ്ങളും കാത്തു സൂക്ഷിച്ച് മികച്ച തീരസംരക്ഷണ സേനയാകുന്നുണ്ട് കണ്ടലുകൾ. 

ഒട്ടേറെ ജീവജാലങ്ങൾക്ക് വാസസ്ഥലമൊരുക്കുന്ന ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ ഇടങ്ങളിലൊന്നാണ് കണ്ടൽക്കാടുകൾ. കക്കകളും  ഞണ്ടുകളും ചെമ്മീനും വിവിധയിനം മത്സ്യങ്ങളും പ്രജനനം നടത്തുന്നതും ആഹാരം തേടുന്നതും കണ്ടലിന്റെ വേരുകൾക്കിടയിലാണ്. ലോകമത്സ്യസമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കണ്ടൽക്കാടുകളെയോ അവയോട് ബന്ധപ്പെട്ടുള്ള തീരജലാശയങ്ങളെയോ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നാണ് കണക്കുകൾ. ദേശാടനക്കിളികൾ ഉൾപ്പെടെ ഒട്ടേറെ പക്ഷികൾക്കും മറ്റനേകം ജീവികൾക്കും ആശ്രയമാണ് കണ്ടൽക്കാടുകൾ.

വിവിധയിനം കണ്ടൽക്കാടുകൾ

ഉപ്പ് ഊറ്റിക്കളയുന്നതുകൊണ്ട് ഉപ്പട്ടി എന്ന് പേരു വീണ കണ്ടലും തഴച്ചുവളരുന്ന പ്രാന്തൻ കണ്ടലും തീക്കണ്ടലുമെല്ലാം ജില്ലയിൽ യഥേഷ്ടം കണ്ടുവരുന്നു. കണ്ടൽ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന ചിത്രം പ്രാന്തൻ കണ്ടലിന്റേത് ആകും. കണ്ടൽ വനവത്കരണത്തിന്റെ ഭാഗമായി വളരെയധികം നട്ടുപിടിപ്പിക്കുന്ന ഒരിനമാണിത്. ചെറിയൊരു ആൽമരം പോലെ ചതുപ്പ് നിലങ്ങളിലേക്ക് വേരുകളിറക്കി നിൽക്കുന്നപ്രാന്തൽ കണ്ടലിന് 

20 മീറ്റർ വരെ ഉയരം വയ്ക്കും

വള്ളിക്കണ്ടൽ, പരുവക്കണ്ടൽ, പൂക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറുകണ്ടൽ, പേനക്കണ്ടൽ, സ്വർണക്കണ്ടൽ, മഞ്ഞക്കണ്ടൽ,ആപ്പിൾ കണ്ടൽ  എന്നിങ്ങനെ വിവിധയിനം കണ്ടലുകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടലുകൾ വൻ തോതിൽ വച്ചു പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാണ്.

സംരക്ഷണം

അനധികൃത ഭൂമി കയ്യേറ്റവും വികസന പദ്ധതികളും കണ്ടൽക്കാടുകളെ നാശത്തിലേക്ക് നയിക്കുകയാണ്. അഷ്ടമുടിക്കായലിലെ സർക്കാർ ഭൂമി കയ്യേറി അപൂർവ ഇനം കണ്ടൽച്ചെടികൾ വെട്ടിനശിപ്പിച്ചത് ഈ അടുത്ത ദിവസമാണ്. കണ്ടൽക്കാടുകളെ പാഴ്നിലമായി കണക്കാക്കിയിരുന്ന പൊതുജനക്കാഴ്ചപ്പാട് മാറി വരുന്നതേയുള്ളൂ. 2004ൽ സൂനാമിത്തിരകളിൽ നിന്ന് കണ്ടൽ തീരദേശത്തെ കാത്തപ്പോഴാണ് കണ്ടലിന്റെ പ്രാധാന്യത്തെ പറ്റി ആളുകൾ മനസ്സിലാക്കിത്തുടങ്ങിയത്. പിന്നീട് കണ്ടലിനെപ്പറ്റി ഒട്ടേറെ പഠനങ്ങൾ നടക്കുകയും കണ്ടൽ വനങ്ങൾ നട്ടുവളർത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. നശീകരണം തടയുക, കണ്ടൽത്തൈകൾ വ്യാപകമായി നട്ടുപിടിപ്പിക്കുക എന്നിവയാണ് കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള വഴികൾ. കണ്ടലിന്റെ പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികളായ നിങ്ങളും കണ്ടൽ സംരക്ഷകരായി മാറേണ്ടതുണ്ട്.

Content Summary :  International mangrove day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS