അജ്ഞാത മൂലകങ്ങളെ തേടിയുള്ള ഡിറ്റക്ടീവ് വർക്ക്’ –പുതിയ റേഡിയോ ആക്ടീവ് മൂലകങ്ങൾ തേടിയുള്ള ഗവേഷണത്തെ മാഡം ക്യൂറി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. യുറേനിയം അയിരായ പിച്ച് ബ്ലെൻഡ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കിടെ തികച്ചും യാദൃച്ഛികമായി 1896ൽ ഹെൻറി ബെക്വറൽ സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചപ്പോൾ മാഡം ക്യൂറി അതിൽ ആകൃഷ്ടയാവുകയും തന്റെ ഗവേഷണവും ഈ മേഖലയിൽത്തന്നെ എന്നുറപ്പിക്കുകയും ചെയ്തു. ഭർത്താവായ പിയറി ക്യൂറിയും ഗവേഷണത്തിൽ ഒപ്പം ചേർന്നു.
ഒളിച്ചിരിക്കുന്ന മൂലകങ്ങൾ
ഗവേഷണം നടത്താൻ ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി സൗകര്യം പോലും മാഡം ക്യൂറിക്കും പിയറി ക്യൂറിക്കും ഉണ്ടായിരുന്നില്ല. സോർബോൺ സർവകലാശാലയിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു ചെറിയ ഷെഡ് ഗവേഷണാവശ്യത്തിനു ലഭിച്ചു. ആകെയുണ്ടായിരുന്ന പുതിയ ഒരുപകരണം ഒരു പീസോ ഇലക്ട്രിക് ഇലക്ട്രോമീറ്റർ മാത്രമായിരുന്നു. ഇതുപയോഗിച്ച് പിച്ച് ബ്ലെൻഡ് പരിശോധിച്ച മാഡം ക്യൂറിക്ക് ഒരു കാര്യം ഉറപ്പായി. ഈ ധാതുവിൽ യുറേനിയത്തെക്കൂടാതെ വേറെയും റേഡിയോ ആക്ടീവ് മൂലകങ്ങൾ ഒളിച്ചിരിപ്പുണ്ട്. അതു കണ്ടെത്താനായി, ഒരു ടണ്ണോളം പിച്ച് ബ്ലെൻഡാണ് ആ കൊച്ചു പരീക്ഷണശാലയിൽ അവർ ഇടിച്ചുപൊടിക്കുകയും അരിക്കുകയും വലിയ ദണ്ഡുകൾ കൊണ്ട് ഇളക്കുകയുമൊക്കെ ചെയ്തത്. ഈ ഭഗീരഥ പ്രയത്നം വെറുതെയായില്ല. 1898 ജൂലൈയിൽ അവർ പൊളോണിയം എന്ന മൂലകം കണ്ടുപിടിച്ചു. ആ വർഷം തന്നെ ഡിസംബറിൽ മറ്റൊരു റേഡിയോ ആക്ടീവ് മൂലകം കൂടി കണ്ടെത്തി. ഇരുട്ടിൽ നേരിയ നീല നിറത്തിൽ തിളങ്ങുന്ന ഒരു മൂലകം– റേഡിയം. റേഡിയം ക്ലോറൈഡിന്റെ രൂപത്തിലാണ് ആദ്യം വേർതിരിച്ചെടുത്തത്. പത്തു ടണ്ണോളം പിച്ച് ബ്ലെൻഡിൽ നിന്ന് വേർതിരിക്കാൻ കഴിഞ്ഞത് വെറും ഒരു മില്ലിഗ്രാം മൂലകം മാത്രം. റേഡിയം ശുദ്ധമായ രൂപത്തിൽ വേർതിരിച്ചെടുക്കാൻ 1911 വരെ കാത്തിരിക്കേണ്ടി വന്നു. റേഡിയം ക്ലൊറൈഡിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെയാണ് ഈ മൂലകം വേർതിരിച്ചെടുത്തത്. 1903ൽ ബെക്വറലിനൊപ്പം മാഡം ക്യൂറിയും പിയറി ക്യൂറിയും ഊർജതന്ത്ര നൊബേലിന് അർഹരായി. 1911ൽ മാഡം ക്യൂറിക്ക് രസതന്ത്ര നൊബേലും ലഭിച്ചു.
റേഡിയത്തെ അറിയാം
ഉയർന്ന റേഡിയോ ആക്ടിവതയുള്ളതും ശുദ്ധമായ രൂപത്തിൽ വെള്ളി നിറമുള്ളതുമായ മൂലകമാണ് റേഡിയം. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വന്നാൽ അതു പെട്ടെന്ന് നൈട്രജനുമായി പ്രവർത്തിച്ച് ഉപരിതലത്തിൽ റേഡിയം നൈട്രൈഡിന്റെ കറുപ്പ് നിറത്തിലുള്ള പാളിയുണ്ടാക്കും. ലാറ്റിൻ ഭാഷയിൽ കിരണം എന്നർഥം വരുന്ന റേഡിയസ് എന്ന വാക്കിൽ നിന്നാണ് റേഡിയത്തിനു പേരു ലഭിച്ചത്. തുല്യ മാസ് റേഡിയവും യുറേനിയവും താരതമ്യം ചെയ്താൽ റേഡിയത്തിന്റെ റേഡിയോ ആക്ടിവത യുറേനിയത്തെക്കാൾ ഏതാണ്ട് ദശലക്ഷം മടങ്ങ് കൂടുതലാണ്.
റേഡിയത്തിന്റെ പ്രതീകം: Ra
ഗ്രൂപ്പ് നമ്പർ: 2
പീരിയഡ് നമ്പർ: 7
ബ്ലോക്ക്: s ബ്ലോക്ക്അ
റ്റോമിക നമ്പർ: 88
മാസ്സ് നമ്പർ: 226
റേഡിയത്തിന്റെ പ്രധാന ഐസോടോപ്പുകൾ: റേഡിയം-223, റേഡിയം-224, റേഡിയം-226, റേഡിയം-228
റേഡിയം 226ന്റെ അർധായുസ്സ്: 1600 വർഷം.
പ്രധാന സംയുക്തങ്ങൾ: റേഡിയം ഓക്സൈഡ്, റേഡിയം ഹൈഡ്രോക്സൈഡ്, റേഡിയം ക്ലോറൈഡ്, റേഡിയം ബ്രോമൈഡ്, റേഡിയം നൈട്രേറ്റ്.

തിളങ്ങുന്നു റേഡിയം
കണ്ടുപിടിക്കപ്പെട്ട കാലത്ത് ഒരദ്ഭുത മൂലകമായാണു റേഡിയം കരുതപ്പെട്ടിരുന്നത്. റേഡിയത്തിന്റെ ശോഷണത്തിലൂടെ ഉണ്ടാവുന്ന റഡോൺ വാതകം കാൻസർ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ചില ഗവേഷണങ്ങളിൽ ട്രേസർ ആയി റേഡിയം ഐസോടോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. റേഡിയം ബെറിലിയവുമായി കൂട്ടിക്കലർത്തുമ്പോൾ അതൊരു ന്യൂട്രോൺ സ്രോതസ്സായി മാറും. ആദ്യകാലത്തു ക്ലോക്കിന്റെയും വാച്ചിന്റെയും ഡയലുകൾക്കും ന്യൂക്ലിയർ പാനലുകൾക്കും എയർക്രാഫ്റ്റ് സ്വിച്ചുകൾക്കുമൊക്കെ ആകർഷകമായ തിളക്കം നൽകാൻ റേഡിയം അടങ്ങിയ പെയിന്റുകൾ ഉപയോഗിച്ചിരുന്നു. റേഡിയം സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിവില്ലാതിരുന്ന കാലത്ത് അതുസൗന്ദര്യവർധകവസ്തുക്കളിലും ടൂത്ത്പേസ്റ്റിലും വരെ ഉപയോഗിച്ചിരുന്നു.
റേഡിയം ഗേൾസ്
ഒന്നാം ലോകയുദ്ധകാലത്ത്, ഇരുട്ടിൽ തിളങ്ങുന്ന ക്ലോക്കിന്റെയും വാച്ചിന്റെയും ഡയലുകൾ നിർമിക്കാൻ റേഡിയം അടങ്ങിയ പെയിന്റുകൾ ഉപയോഗിച്ചിരുന്ന ഒരു കമ്പനിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് റേഡിയം കോർപറേഷൻ. ഡയൽ പെയിന്റ് ചെയ്യുന്ന ജോലിയിലേർപ്പെട്ടിരുന്ന സ്ത്രീകൾ കൈകൊണ്ടാണ് ഇതു കൈകാര്യം ചെയ്തിരുന്നത്. പെയിന്റ് ചെയ്യാനുപയോഗിക്കുന്ന ബ്രഷിന്റെ അറ്റം ചുണ്ടുകൾ കൊണ്ട് ഒതുക്കാൻ പോലും ആ പാവങ്ങൾ മടിച്ചില്ല. അവരുടെ മുടിയിലും വസ്ത്രങ്ങളിലും ചർമത്തിലുമൊക്കെ റേഡിയം പൊടി തിളങ്ങുന്നത് കൗതുകത്തോടെയാണു പലരും കണ്ടത്. എന്നാൽ ഈ സ്ത്രീകൾ കാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും അടിമകളായതോടെയാണ് റേഡിയം അപകടകാരിയാണെന്ന തിരിച്ചറിവുണ്ടായത്.
സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ മുന്നറിയിപ്പുകളൊന്നും നൽകാതെ അതീവ റേഡിയോ ആക്ടിവതയുള്ള റേഡിയം തങ്ങളെക്കൊണ്ട് കൈകാര്യം ചെയ്യിച്ച കമ്പനിക്കെതിരെ 5 സ്ത്രീകൾ കേസ് ഫയൽ ചെയ്തതോടെ 1920കളുടെ അവസാനം ഇത് വലിയ വാർത്തയാവുകയും ലോകശ്രദ്ധയിൽ വരികയും ചെയ്തു. ഈ സംഭവം പ്രമേയമാക്കി ഇറങ്ങിയ സിനിമയാണ് റേഡിയം ഗേൾസ്.
സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ റേഡിയോ ആക്ടീവ് പദാർഥങ്ങൾ നിരന്തരം കൈകാര്യം ചെയ്തതിന്റെ ഫലമായുണ്ടായ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ് മേരി ക്യൂറിയുടെ ജീവൻ കവർന്നതെന്നതും കണ്ണീരോർമയാണ്.
Content Summary : The legacy of Radium and Marie Curie