ADVERTISEMENT

ഭൂമി ഇതുവരെ അഞ്ചു കൂട്ട വംശനാശങ്ങൾക്കു (Mass Extinction) സാക്ഷ്യം വഹിച്ചതായാണ് ഭൗമശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. ഫോസിൽ പഠനത്തിൽ നിന്നാണ് ഇതിനുള്ള െതളിവുകൾ ലഭിച്ചത്. ഓരോ വംശനാശത്തിലും വലിയ തോതിൽ ജീവിവർഗങ്ങളെ നഷ്ടമായി. നിലവിലുള്ള ജീവിവർഗങ്ങളുടെ നാലിൽ മൂന്നും തിരോഭവിക്കുമ്പോഴാണ് അതിനെ കൂട്ടവംശനാശമെന്നു വിളിക്കുന്നത്. സമുദ്രനിരപ്പ് ഉയർന്നതും അഗ്നിപർവത സ്ഫോടനങ്ങളുമൊക്കെയാണ് കാരണമായത്. 

 

ആറാമത്തെ കൂട്ടവംശനാശം ആരംഭിച്ച് കഴിഞ്ഞെന്നു കരുതുന്ന ഭൗമശാസ്ത്രജ്ഞരുമുണ്ട്. ജനസംഖ്യയിലുള്ള വർധന, ആവാസവ്യവസ്ഥകളുടെ നാശം, പെരുകുന്ന ഉപഭോഗം, ആഗോളതാപനം തുടങ്ങിയവയെല്ലാം അതിന് ആക്കംകൂട്ടുന്നു. പ്രധാനമായും മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലമുള്ള ഈ കൂട്ടവംശനാശത്തെ അവർ വിശേഷിപ്പിക്കുന്നത് ‘ആന്ത്രൊപ്പോസീൻ വംശനാശം(Anthropocene Mass Extinction) എന്നാണ്. ‘മനുഷ്യനിർമിത ഭൗമയുഗ’മെന്നാണ് ആന്ത്രൊപ്പോസീൻ എന്ന വാക്കിന്റെ അർഥം. 

 

വരുംതലമുറകൾക്കായി വാസയോഗ്യമായ ഭൂമി ബാക്കിവച്ച് പോകാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്. കഴിയുന്നത്ര വസ്തുക്കൾ പുനരുപയോഗിച്ചും ബദൽ ഊർജസ്രോതസ്സുകൾ ഉപയോഗിച്ചും ജലം പാഴാക്കാതെയും ആളോഹരി കാർബൺ ബഹിർഗമനം കുറയ്ക്കാനാകും; വൻകിട രാജ്യങ്ങൾ കൂടി സുസ്ഥിര വികസനത്തോടു പ്രതിബദ്ധത പ്രകടിപ്പിച്ചാലേ വലിയ കുതിപ്പുണ്ടാക്കാനാകൂ

 

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ അടിയന്തരാവസ്ഥയുടെയും കാലത്ത് കൂടുതൽ വിവേകപൂർണമായ നയങ്ങളാണ് അനിവാര്യം. ‘എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്കു കഴിയും. പക്ഷേ, ആർത്തി ശമിപ്പിക്കാനാവില്ലെ’ന്ന് ഒരിക്കൽ ഗാന്ധിജി പറഞ്ഞു. ‘എല്ലാ മനുഷ്യരുടെയും’ എന്നു ഗാന്ധിജി പറഞ്ഞപ്പോഴുണ്ടായിരുന്ന ലോക ജനസംഖ്യ പിന്നീടു പല മടങ്ങായി കുതിച്ചുയർന്നെന്നു മാത്രമല്ല, അദ്ദേഹം ആർത്തിയെന്ന വാക്കുകൊണ്ട് ഉദ്ദേശിച്ച ഉപഭോഗപരതയുടെ തോതും കൂടി. പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ, കാരണം അതിനു പകരം മറ്റൊന്നില്ല.

 

സിയാറ്റിൽ മൂപ്പന്റെ  പ്രസംഗം

റെഡ് ഇന്ത്യക്കാരുടെ ഭൂമി കൈവശപ്പെടുത്തി ഉടമ്പടി ഒപ്പിടാൻ പതിന്നാലാമത്തെ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ പിയേഴ്സ് നിയോഗിച്ച ഗവർണർക്കു മുന്നിൽ നിവർന്നുനിന്ന് സിയാറ്റിൽ മൂപ്പൻ നടത്തിയ പ്രസംഗം പരിസ്ഥിതിപ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ നിത്യഹരിതരേഖയാണ്. ‘ആകാശത്തെയും ഭൂമിയെയും വിൽക്കാനും വാങ്ങാനും കഴിയുന്നതെങ്ങനെ’യെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ‘വൃക്ഷങ്ങളുടെ ശരീരത്തിലെ നീര് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോര പോലെയാണ്. മണമുള്ള പൂക്കൾ ഞങ്ങൾക്കു സഹോദരിമാരാണ്. കലമാനും കുതിരയും പരുന്തും ഞങ്ങളുടെ സഹോദരന്മാർ. കൊടുമുടികളും പുൽമേടുകളും നീർച്ചാലുകളും കാട്ടുജീവികളും മനുഷ്യനും കുടുംബാംഗങ്ങളാണ്. പുഴകളിലൂടെയും അരുവികളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല. അതു നമ്മുടെ പൂർവികരുടെ ചോരയാണ്. ജലത്തിന്റെ ഒച്ച എന്റെ മുത്തച്ഛന്റെ ഒച്ചയാണ്’. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന തിരിച്ചറിവാണ് അത്. 

 

Content Summary : World Nature Conservation Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com