ചൊവ്വയിൽ പോയി ഓക്സിജൻ നിർമിച്ച് മോക്സി; അതും പതിനാറു തവണ!

HIGHLIGHTS
  • ചൊവ്വയിൽ 16 തവണ ഓക്സിജൻ നിർമിച്ച് നാസയുടെ പെഴ്സിവീയറൻസ് ദൗത്യത്തിലെ മോക്സി എന്ന ഉപകരണം
how-moxie-produced-oxygen-on-mars
പെഴ്സിവീയറൻസ് ചൊവ്വയിൽ
SHARE

ചൊവ്വയിൽ പോയി ഓക്സിജൻ ഉണ്ടാക്കുക, അതും കാർബൺ ഡയോക്സൈഡിൽ നിന്ന്. എന്നിട്ട് അതുപയോഗിച്ച് ശ്വസിക്കുക. പോരാത്തതിന് ആ ഓക്സിജനെ റോക്കറ്റിന്റെ  ഇന്ധനത്തിനായി പ്രയോജനപ്പെടുത്തുക! ഭാവിയിൽ ചൊവ്വയിൽ പോകുന്നവർ ഇതിനു വേണ്ടിയിട്ടുള്ള ഒരു ചെറിയ ഉപകരണവുമായി പോയാൽ മതിയാകും. ആഹാ! കേൾക്കുമ്പോൾത്തന്നെ എന്തു രസം. പക്ഷേ, സംഗതി സത്യമാണ്. മാത്രമല്ല നമ്മൾ അതു ചൊവ്വയിൽത്തന്നെ പോയി പരീക്ഷിച്ചു കഴിഞ്ഞു. അതും ഒന്നല്ല, രണ്ടല്ല... പതിനാറുതവണ.

ചൊവ്വയിൽ ഓടിനടന്നു പര്യവേക്ഷണം നടത്തുന്ന പെഴ്സിവീയറൻസ് പേടകം ഒരു വലിയ പരീക്ഷണശാലയാണ്. ലക്ഷക്കണക്കിനു ചിത്രങ്ങൾ എടുത്തുകൂട്ടുന്നതിനൊപ്പം ഒട്ടേറെ പരീക്ഷണങ്ങളും അവിടെ നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു പരീക്ഷണത്തെക്കുറിച്ചാണ് മുകളിൽ പറഞ്ഞത്. ചൊവ്വയിൽപ്പോയി ഓക്സിജൻ നിർമിക്കുക! വളരെ നേർത്ത അന്തരീക്ഷമാണ് ചൊവ്വയ്ക്ക്. അതിൽത്തന്നെ 96 ശതമാനവും കാർബൺ ഡയോക്സൈഡും. കാർബൺ ഡയോക്സൈഡ് എന്നാൽ രണ്ട് ഓക്സിജനും ഒരു കാർബണും ചേർന്നതാണ്. അതായത് ഇതിൽ ഓക്സിജൻ ഉണ്ട്. അതും രണ്ടെണ്ണം. ഇതിൽ ഒരു ഓക്സിജനെയാണ് നാം വേർതിരിച്ചെടുക്കുന്നത്. ഭൂമിയിൽ ഈ പരീക്ഷണമൊക്കെ പണ്ടേ നടത്തി വിജയിച്ചതാണ്.  അതിപ്പോ ചൊവ്വയിൽപ്പോയി നടത്തി എന്നേയുള്ളൂ.

പെഴ്സിവീയറൻസിലെ MOXIE (Mars Oxygen In-Situ Resource Utilization Experiment) എന്ന ഉപകരണം ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയത്. 2021 ഏപ്രിൽ 20നായിരുന്നു ഇതിന്റെ ആദ്യപരീക്ഷണം. ഒരു മനുഷ്യന് പത്തു മിനിറ്റു ശ്വസിക്കാനുള്ള ഓക്സിജനാണ് മോക്സി ആദ്യം ഉത്പാദിപ്പിച്ചത്. ഒരു ടെക്നോളജി ഡെമോൺസ്ട്രേഷൻ എന്ന നിലയിൽ മാത്രമാണ് അന്നു പരീക്ഷണം നടത്തിയതെങ്കിലും അതിന്റെ വ്യാപ്തി വളരെ വലുതാണ്. വരുംകാല ദൗത്യങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്ന വിജയം!

how-moxie-produced-oxygen-on-mars
മോക്സി പെഴ്സിവീയറൻസിൽ ഘടിപ്പിക്കും മുൻപുള്ള ചിത്രം

പിന്നീട് പല തവണ ഈ പരീക്ഷണം ആവർത്തിച്ചു. ഓരോ തവണയും വിജയകരമായി ഓക്സിജൻ നിർമിച്ചു. അങ്ങനെയങ്ങനെ ഇക്കഴിഞ്ഞ ദിവസം വരെ ആകെ പതിനാറു തവണയാണ് മോക്സി ഓക്സിജൻ നിർമിച്ചത്. ആകെ 122ഗ്രാം ഓക്സിജൻ. ഇതു വളരെക്കുറവല്ലേ എന്നു തോന്നും. പക്ഷേ ഒരു ചെറിയ നായ്ക്കുട്ടിക്ക് 10 മണിക്കൂർ ശ്വസിക്കാൻ ഈ ഓക്സിജൻ മതി എന്നതാണ് രസകരമായ കാര്യം. 

ചില സമയത്ത് ഒരു മണിക്കൂറിൽ 12ഗ്രാം ഓക്സിജൻവരെ മോക്സി ഉത്പാദിപ്പിച്ചിരുന്നു. പ്രതീക്ഷിച്ചിരുന്നതിലും ഇരട്ടി ഓക്സിജൻ! ഓഗസ്റ്റ് 7നായിരുന്നു മോക്സി അവസാനമായി ഓക്സിജൻ പുറത്തുവിട്ടത്. അന്ന് 9.8ഗ്രാം ഓക്സിജനാണു നിർമിക്കാനായത്. അതും പ്രതീക്ഷയെക്കാൾ ഏറെ മുകളിലാണ്. 

ഇനി മോക്സി പ്രവർത്തിക്കില്ല. ചൊവ്വയിലെ തന്റെ ദൗത്യം മോക്സി പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു! ഇലക്ട്രോ കെമിക്കൽ രീതിയിലായിരുന്നു മോക്സിയുടെ ഓക്സിജൻ നിർമാണം. വളരെ ഉയർന്ന താപനില വേണം ഇതിന്. ഏകദേശം 800ഡിഗ്രി സെൽഷ്യസ്! ഉള്ളിൽ ഇത്ര ഉയർന്ന താപനില വരുമ്പോൾ പുറത്ത് പൂജ്യത്തിലും ഏറെ താഴെയാണ് താപനില എന്നോർക്കണം. ഈ താപമാറ്റമൊക്കെ താങ്ങാൻ കഴിയുന്ന ഉപകരണമായിരുന്നു മോക്സി. കാർബൺ ഡയോക്സൈഡിലെ രണ്ട് ഓക്സിജൻ ആറ്റങ്ങളിൽ ഒരെണ്ണത്തെ വേർതിരിച്ചെടുക്കുക. ബാക്കിവരുന്ന കാർബൺ മോണോക്സൈഡിനെ അന്തരീക്ഷത്തിലേക്കുതന്നെ തിരിച്ചുവിടുക. ഇതായിരുന്നു 16 തവണയായി ചൊവ്വയിൽ നടന്നത്.

Content Highlight - Mars oxygen production | NASA Perseverance mission | MOXIE instrument | Mars experiments | Oxygen production on Mars

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS