ADVERTISEMENT

ഏഷ്യൻ ഗെയിംസിന്റെ 19–ാം  പതിപ്പിന് ചൈനയിലെ ഹാങ്ചോയിൽ കൊടിയേറും.  40 കായികവിഭാഗങ്ങളിലായി 481 മത്സരങ്ങൾ നടക്കും. ഇന്ത്യയടക്കം 45 രാജ്യങ്ങളിൽനിന്നുള്ള അത്‌ലിറ്റുകൾ പങ്കെടുക്കുന്നുണ്ട്. 2022ൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് മൂലം ഈ വർഷം നടത്തുകയാണ്. അതിനാൽ 2022 ഏഷ്യൻ ഗെയിംസ് എന്നാവും ഔദ്യോഗികമായി അറിയപ്പെടുക. 

 

ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ കായികമാമാങ്കമാണ് ഏഷ്യൻ ഗെയിംസ്. ഏഷ്യാഡ്  എന്ന പേരിലും അറിയപ്പെടുന്നു.  ഒളിംപിക്സ് പോലെ തന്നെ  നാലുവർഷത്തിലൊരിക്കലാണ് ഇതും. 1951 മുതൽ 2018വരെ 18 മേളകൾ നടന്നുകഴിഞ്ഞു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയാണ് (മുൻപ് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ) ഗെയിംസ് സംഘടിപ്പിക്കുന്നത്. 

 

ഏഷ്യൻ ഗെയിംസിന്റെ ചരിത്രം

ഏഷ്യൻ വൻകരയിലെ എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ച് ഒരു കായികമേള എന്ന ആശയം ഇന്ത്യക്കാരൻ പ്രഫ. ഗുരുദത്ത് സോന്ധിയുടേതായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പിന്തുണ നൽകി. 1949 ഫെബ്രുവരി 12ന് ഒൻപത് രാജ്യങ്ങളിൽനിന്നുളള പ്രതിനിധികൾ പങ്കെടുത്ത് ഏഷ്യൻ ഗെയിംസ് നടത്തിപ്പിനെപ്പറ്റി ചർച്ചകൾ നടത്തി. തൊട്ടടുത്ത ദിവസം ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ നിലവിൽവന്നു.  ഒപ്പം പ്രഥമ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ് ന്യൂഡൽഹിയിൽ നടത്താനും തീരുമാനമായി. 

 

പേര് സമ്മാനിച്ച് നെഹ്റു

ഏഷ്യാറ്റിക് ഗെയിംസ് എന്ന പേരാണ്  മേളയ്ക്ക് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഇതിനുപകരം ഏഷ്യൻ ഗെയിംസ് എന്ന് നിർദേശിച്ചത് ജവാഹർലാൽ നെഹ്‌റുവാണ്. 

 

ഏഷ്യൻ ഗെയിംസിന്റെ പിതാവ്

ഏഷ്യൻ ഗെയിംസ്  എന്ന ആശയം നടപ്പാക്കാനായി  ഏറെ വിയർപ്പൊഴുക്കിയത് പ്രഫ. ഗുരുദത്ത് സോന്ധിയാണ്.ഇന്ത്യാ വിഭജനത്തിനുമുൻപ് ലഹോർ ഗവൺമെന്റ് കോളജിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. വിരമിച്ചശേഷം അദ്ദേഹം ഡൽഹിയിൽ സ്‌ഥിര താമസമാക്കി. ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ സെക്രട്ടറിയും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്നു.

 

പ്രഥമ മേള ന്യൂഡൽഹിയിൽ

പ്രഥമ ഏഷ്യൻ ഗെയിംസിന് ന്യൂഡൽഹി വേദിയൊരുക്കി. 30,000 കാണികളെ സാക്ഷിനിർത്തി, 1951 മാർച്ച് 4ന് ഇന്ത്യൻ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് പ്രഥമ മേള ഉദ്‌ഘാടനം ചെയ്‌തു. 11 രാജ്യങ്ങളിൽനിന്നായി 489 കായികതാരങ്ങൾ പങ്കെടുത്തു. ആകെ ആറ് ഇനങ്ങളിലായി (അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, സൈക്ലിങ്, ഫുട്‌ബോൾ, നീന്തൽ, ഭാരോദ്വഹനം) മത്സരങ്ങൾ.

 

വേദികളിൽ മുന്നിൽ ബാങ്കോക്ക്

ഏറ്റവും കുടുതൽ തവണ ഏഷ്യാഡ് അരങ്ങേറിയ നഗരം എന്ന റെക്കോർഡ് തായ്‌ലൻഡിന്റെ തലസ്‌ഥാനമായ ബാങ്കോക്കിന് അവകാശപ്പെട്ടതാണ് (നാലു തവണ –1966, 1970, 1978, 1998). ദക്ഷിണ കൊറിയയിലും (1986, 2002, 2014) ചൈനയിലും (1990, 2010, 2022) മൂന്നു തവണ വീതം. അറബ് മേഖലയിൽ ആദ്യമായി നടന്നത്  ഇറാന്റെ തലസ്‌ഥാനമായ ടെഹ്‌റാനിലാണ് (1978). ഒരു ഗൾഫ് രാജ്യത്ത് അരങ്ങേറിയ ആദ്യത്തെ ഗെയിംസ്  ഖത്തറിലെ ദോഹയ്ക്ക് അവകാശപ്പെട്ടതാണ് (2006). രണ്ടു നഗരങ്ങളിലായി നടന്ന ഏക ഗെയിംസ് 2018ലേതാണ് (ഇന്തൊനീഷ്യയിലെ ജക്കാർത്തയും പാലെംബാങ്ങും). 

 

ഇന്ത്യയും ഏഷ്യൻ ഗെയിംസും

എല്ലാ മേളകളിലും പങ്കെടുത്തിട്ടുളള ഏഴ് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യ ഇതുവരെ നേടിയത് 155 സ്വർണം, 201 വെള്ളി, 316 വെങ്കലം. ആകെ 672 മെഡലുകൾ. 1951ൽ രണ്ടാം സ്‌ഥാനത്ത് എത്തിയതാണ് മെഡൽ പട്ടികയിലുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. കൂടുതൽ സ്വർണം നേടിയത് 2018 മേളയിലാണ് (16). ഏറ്റവും കൂടുതൽ മെഡലുകൾ നേടിയതും 2018ലാണ് (ആകെ 70 മെഡലുകൾ. സ്വർണം– 16, വെള്ളി– 23, വെങ്കലം– 31) .  ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണം സച്ചിൻ നാഗിന്റെ വകയായിരുന്നു (നീന്തൽ 100 മീ. ഫ്രീസ്റ്റൈൽ, 1951).  ഏറ്റവും കൂടുതൽ മെഡലുകൾ ഇന്ത്യ നേടിയത് അത്‍ലറ്റിക്സിൽനിന്നാണ് (ആകെ 254. 79 സ്വർണം, 88 വെള്ളി, 87 വെങ്കലം). 

 

മലയാളികളുടെ സ്വന്തം ഗെയിംസ്

ഒട്ടേറെ മലയാളികൾ ഏഷ്യൻ ഗെയിംസ് വേദികളിൽനിന്ന് സ്വർണം നേടിയിട്ടുണ്ട്. ഏഷ്യാഡ് സ്വർണം കൈക്കലാക്കിയ ആദ്യ മലയാളികൾ എന്ന റെക്കോർഡ് തിരുവല്ല പാപ്പനും (തോമസ് മത്തായി വർഗീസ്) കോട്ടയം സാലിക്കും (പി. ബി. മുഹമ്മദ് സാലി) അവകാശപ്പെട്ടതാണ് (ഫുട്ബോൾ, 1951). എന്നാൽ  വ്യക്‌തിഗതയിനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി ടി. സി. യോഹന്നാൻ ആണ്. (ലോങ്ജംപ്, ടെഹ്റാൻ, 1974).  വ്യക്തിഗതയിനത്തിൽ ഒരു മലയാളി വനിതയുടെ ആദ്യ  സുവർണനേട്ടം എം. ഡി. വത്സമ്മയുടെ പേരിലാണ് (400 മീ. ഹർഡിൽസ്, 1982). സോളിൽ 1986ൽ നടന്ന ഗെയിംസിൽ പി. ടി. ഉഷ നാലിനങ്ങളിൽ സ്വർണം നേടി (200 മീറ്റർ, 400 മീ., 400 മീ. ഹർഡിൽസ്, 400 മീ. റിലേ). 100 മീറ്ററിൽ വെളളി.  ഈ മെഡൽ കൊയ്‌ത്താണ് ഒരിന്ത്യക്കാരന്റെ പേരിലുളള ഏഷ്യാഡിലെ ഏറ്റവും മികച്ച നേട്ടം. ഏറ്റവും കൂടുതൽ ഏഷ്യാഡ് മെഡൽ  നേടിയ ഇന്ത്യൻ താരം  എന്ന ബഹുമതി ഇന്നും ഉഷയുടെ പേരിലാണ്- അഞ്ച് മേളകളിൽ നിന്നായി 11  മെഡലുകൾ.

 

ജപ്പാനെ പിന്തള്ളി ചൈന

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വർണമെഡലുകൾ നേടിയ രാജ്യം ചൈനയാണ് (1474 സ്വർണം). ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഏറ്റവും കൂടുതൽ തവണ ഒന്നാം സ്‌ഥാനത്തുനിന്ന രാജ്യം എന്ന ബഹുമതിയും  ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. 1951 മുതൽ 1978 വരെ തുടർച്ചയായി എട്ടുതവണ ജപ്പാനായിരുന്നു മുന്നിൽ. 1982ൽ ചൈന ഒന്നാം സ്‌ഥാനത്തേക്ക് കുതിച്ചു.  കഴിഞ്ഞ 10  മേളകളിൽ (1982–2018) അവർ തന്നെയായിരുന്നു മുന്നിൽ.

 

Content Highlight - Asian Games | Anil Phillip Asian Games | 2022 Asian Games | History of Asian Games | India and Asian Games | Padhippura 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com