ADVERTISEMENT

ഓണത്തിനു പൂക്കളമിടും പോലെ, വിഷുവിനു കണിയൊരുക്കും പോലെ പരീക്ഷയ്ക്കുമുണ്ട് ചില അടിപൊളി കീഴ്‌വഴക്കങ്ങൾ, അല്ലേ. ടെൻഷനടിക്കണം, പേടിക്കണം, പനിവരണം, വെപ്രാളപ്പെടണം, തലകറങ്ങി വീഴണം, ഇനി ഇതൊന്നും പോരെങ്കിൽ എന്റെ ലൈഫ് തീർന്നേ എന്നു കട്ട നെഗറ്റീവ് അടിച്ച് പുലിവാലുപിടിക്കണം. പരീക്ഷാപ്പേടിയെ മറികടക്കാനുള്ള ടിപ്സുമായി പഠിപ്പുര ഉൾപ്പെടെ രംഗത്തെത്തണം. എസ്എസ്എൽസി, പ്ലസ്ടു പോലെയുള്ള പൊതുപരീക്ഷ‌കളാണെങ്കിൽ ഇതെല്ലാം ഇരട്ടി ഡിഗ്രിയിൽ കാച്ചണം. എങ്കിൽ അല്ലേ ഒരു ഗുമ്മുള്ളൂ. ഇതെന്താ, വളരെ ഗൗരവമുള്ള ഒരു കാര്യത്തെ വെറുതെ തമാശയാക്കി കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണോ? ഒരിക്കലുമല്ല കൂട്ടുകാരേ. നമ്മുടെ എല്ലാവരുടെയും സ്വപ്നം നല്ല ജീവിതം തന്നെ. ആ ഭാവിയിലേക്കു വളരാൻ നമുക്കു കൂട്ടായി വരുന്ന ഒരു നല്ല ഭൂതമാണ് പരീക്ഷ എന്നു തിരിച്ചറിയണമെന്നു പറയുകയാണു പഠിപ്പുര, കേട്ടോ. അല്ലാതെ കണ്ടാൽത്തന്നെ പേടിച്ചോടേണ്ട ഭൂതമല്ല. മാർക്ക് വരുമ്പോൾ ഓടിയൊളിക്കണമെന്ന് ഭീഷണിപ്പെടുത്തുന്ന ഭൂതവുമല്ല.

exam-fearillustration-manorama

നിങ്ങളുടെ സമ്മർദവും പിരിമുറുക്കവും മനസ്സിലാക്കാതെയല്ല പറയുന്നത്. ടെൻഷനടിച്ചാൽ ഗുണമുണ്ടെങ്കിൽ തീർച്ചയായും അതു ചെയ്തോളൂ. പക്ഷേ, ആ ഗുണം എന്താണെന്നു പറയണം. പറയാൻ പറ്റുന്നില്ലേ? അപ്പോൾ ഗുണമോ പ്രയോജനമോ ഒന്നും ഇല്ലേ ഇല്ല എന്ന് അർഥം. എങ്കിൽ പിന്നെ, ടെൻഷനടിക്കുന്നതിനെക്കാൾ നല്ലതല്ലേ ടെൻഷനടിക്കാതെ, ആരോഗ്യമുള്ള മനസ്സും ശരീരവുമായി പരീക്ഷയ്ക്കൊപ്പം നടക്കുന്നത്. ചിലർ പറയാറുണ്ട് പരീക്ഷയെ നേരിടണം എന്ന്. ഇതൊരു യുദ്ധമൊന്നും അല്ലാത്തതിനാൽ നമുക്കു തൽക്കാലം അതൊഴിവാക്കാം. പരീക്ഷയുമായി ഒരു നേർക്കുനേർ മിണ്ടാട്ടം എന്നു പറയാം. റിലാക്സ് ചെയ്ത് ഈ പഠിപ്പുര വായിക്കൂ. എന്നിട്ട് ഉഷാറായി മുന്നോട്ടുതന്നെ നടക്കൂ.

exam-fearillustration-manorama-movie-bramayugam

Read Also : എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുന്നു; ഡിസ്‌ലക്സിയയുടെ തുടക്കമാണോ?

തനിക്ക് പോകാൻ അനുവാദമില്ല, ഹഹഹ
ഇങ്ങനെ ആക്രോശിച്ചുകൊണ്ട് ഭ്രമയുഗം ലൈനിൽ ഒരു കുടുസ്സുമുറിയിൽ അടച്ചിട്ടിരിക്കുകയാണോ പരീക്ഷാഭൂതം നിങ്ങളെ?
ഒന്നു പോണം ഹേ, ഭൂതം തന്നെയില്ല, പിന്നെയാണു പരീക്ഷാഭൂതം. പഠിപ്പുരയ്ക്ക് അതു പറയാം. ഞങ്ങളുടെ വേദന ഞങ്ങൾക്കല്ലേ അറിയൂ എന്നാണോ കൂട്ടുകാരുടെ പരിഭവം?. പരീക്ഷ ഒരു ഭൂതം തന്നെയാണെന്നു കരുതാനാണു കൂട്ടുകാർക്ക് ഇഷ്ടമെങ്കിൽ ആകട്ടെ. പക്ഷേ, ആ ഭൂതത്തെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ സങ്കൽപിക്കാമല്ലോ. അലാവുദീൻ വിളക്കിൽ ഉരയ്ക്കുമ്പോൾ ജീംബുംബാ എന്നു ചാടി വന്ന് നമുക്കു വേണ്ടതൊക്കെ ചെയ്തു തരുന്ന ഒരു ജിന്ന് ആണെങ്കിലോ അത്. പഠനവും പരീക്ഷയും ജോലിയുമെല്ലാം ജീവിതത്തെ മികച്ചതും സന്തോഷകരവും ആക്കാനുള്ള ജിന്നുകൾ തന്നെയല്ലേ. നമ്മുടെ വഴി ഗുണമുള്ളതാക്കാൻ സഹായിക്കുന്ന കാര്യങ്ങളിലൊന്നാണല്ലോ പരീക്ഷ. അങ്ങനെ കാണുമ്പോൾ ഏതു ഭൂതത്താൻ കോട്ടയിൽ നിന്നും നമ്മൾ പുറത്തുകടക്കുക തന്നെ ചെയ്യും. കാരണം താക്കോൽ നമ്മുടെ കയ്യിലാണല്ലോ!
ഓരോരുത്തരും അവരവരുടെ കഴിവിന്റെ പരമാവധി (മറ്റുള്ളവരെ നോക്കിയല്ല, സ്വയം നോക്കി) പഠിക്കുക, സമയം ഏറ്റവും ഫലവത്തായി ഉപയോഗിക്കുക, പരീക്ഷയ്ക്കായി നല്ലവണ്ണം തയാറെടുക്കുക. ഇതാണു വേണ്ട നയം. പുസ്തകം പലയാവർത്തി പഠിച്ചവർ, ഭൂരിഭാഗം പാഠങ്ങളും പഠിച്ചവർ, അത്യാവശ്യമുള്ളതെന്നു തോന്നിയവ പഠിച്ചവർ, അവസാന നിമിഷം എല്ലാം കൂടി പഠിക്കാൻ ശ്രമിച്ച് പറ്റാതെയായപ്പോൾ ഏറ്റവും പ്രധാന ഭാഗങ്ങൾ മാത്രം നോക്കിയവർ എന്നിങ്ങനെ നമ്മൾ പലതരക്കാരുണ്ടാകും. എന്തുതന്നെയായാലും ഇന്ന് പ്ലസ്ടു പരീക്ഷയും തിങ്കളാഴ്ച എസ്എസ്എൽസിയും തുടങ്ങാനിരിക്കെ ഇതിൽ ഇനി മാറ്റങ്ങൾ വരുത്താൻ ആകില്ല. എത്ര ടെൻഷനടിച്ചാലും പറ്റില്ല. അപ്പോൾ ചെയ്യേണ്ടത് ഇത്രമാത്രം: നമ്മൾ ഇതിൽ ഏതു വിഭാഗത്തിലാണു നിൽക്കുന്നതെന്നു മനസ്സിലാക്കുക. ഇനിയുള്ള ഓരോ നിമിഷവും അൽപവും പാഴാക്കാതെ, ഏകാഗ്രതയോടെ, മുന്നേറണമെന്ന ആഗ്രഹത്തോടെ, പോസിറ്റീവ് ചിന്തകളോടെ ഉപയോഗിക്കുക. നാം നിൽക്കുന്നിടത്തു നിന്നുകൊണ്ട് പരമാവധി ചെയ്യുക.

291501230
Representative Image. Photo Credit : Mindmo / Shutterstock.com

ഉദാഹരണത്തിന്, ഒടുവിൽ പറഞ്ഞ സംഘത്തിലാണു നാമെന്നു കരുതുക. പ്രധാനമെന്ന് അധ്യാപകർ പറഞ്ഞിട്ടുള്ള ഭാഗങ്ങൾ ശ്രദ്ധയോടെ വീണ്ടും പഠിക്കുക. സിനിമാക്കഥയുടെ രൂപത്തിലോ വരകളുടെയോ പാട്ടുകളുടെയോ രീതിയിലോ അവ ഓർത്തുവയ്ക്കുക. ചിലകാര്യങ്ങൾ എഴുതി നോക്കുക. പഴയ ചോദ്യക്കടലാസുകളിൽ വന്നിട്ടുള്ള ചോദ്യങ്ങളിൽ ഈ ഭാഗവുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ മനസ്സിലുറപ്പിക്കുക. അക്ഷരത്തെറ്റില്ലാതെ, വൃത്തിയായി ഉത്തരങ്ങൾ എഴുതാൻ ഓർക്കുക. കണക്കിലും മറ്റും സൂത്രവാക്യങ്ങളിൽ മുഖ്യമായതെങ്കിലും ഉരുവിട്ടുപഠിക്കാം. സയൻസ്, സോഷ്യൽ വിഷയങ്ങളിലെ പ്രധാന ഡയഗ്രങ്ങളും ശ്രദ്ധിക്കാം.

Read Also : എന്തിനും ദേഷ്യപ്പെടുന്ന, വഴക്കിടുന്ന നാലു വയസുകാരൻ: സ്വഭാവം തനിയെ മാറുമോ?

മറ്റു വിഭാഗങ്ങളിൽ ഉള്ളവർ ഓരോ പാഠത്തിലെയും വിവിധ പോയിന്റുകളിൽ കൂടി വീണ്ടും കടന്നുപോകണം. ചോദ്യങ്ങൾ വിശകലനം ചെയ്യാം. വിഷമമുള്ള ഭാഗങ്ങൾ പലവട്ടം ആവർത്തിക്കാം. പരീക്ഷയുടെ തലേന്നും രാവിലെയും എല്ലാ പോയിന്റുകളും ഒരിക്കൽക്കൂടി നോക്കാം. പരീക്ഷ ഒരു നല്ല ഭൂതമാണെങ്കിലും അല്ലാത്ത ചില ‘സഹായി’കൾ ഉണ്ട്. കുട്ടികളെ ഭയപ്പെടുത്തുന്ന രക്ഷിതാക്കൾ, സമ്മർദത്തിലാക്കുന്ന ബന്ധുക്കൾ, വീർപ്പുമുട്ടിക്കുന്ന നാട്ടുകാർ അങ്ങനെയങ്ങനെ. എന്തിനാണു വെറുതേ കുട്ടികളുടെയും നിങ്ങളുടെയും മനസ്സു വിഷമിപ്പിക്കുന്നത്? അതുകൊണ്ട്, കുട്ടികൾക്ക് ആത്മവിശ്വാസവും സ്നേഹവും പിന്തുണയും നൽകുന്നവരായി നമുക്കു മാറാം. ഭീഷണിക്കുപകരം കാര്യഗൗരവത്തോടെ നിർദേശങ്ങളും വിശദീകരണങ്ങളും നൽകാം. അരുതുകൾ എന്തൊക്കെയാണെന്നു പറയാം, പറയണം. എല്ലാം കുട്ടികളുടെ ഇഷ്ടത്തിനു മാത്രം നടക്കേണ്ടതല്ലെന്ന ബോധ്യവും ഉണ്ടാക്കാം. ഭയപ്പെടുത്തൽ വേണ്ട, ജാഗ്രതയോടെയുള്ള ഇടപെടൽ വേണം താനും.

കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

How students can overcome exam fear and stress?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com