ഏതു ജീവിയുടെ കടിക്കാണ് ഏറ്റവും ശക്തിയുള്ളത്..? കടിക്കണക്ക്

Mail This Article
ഏറ്റവും ശക്തിയിൽ കടിക്കുന്ന ഷഡ്പദം ഏതാണെന്നറിയാമോ..? 'ഓസ്‌ട്രേലിയൻ റാസ്‌പി ക്രിക്കറ്റ്' (australian raspy cricket) എന്ന ചീവീട്. 654 സ്പീഷീസ് ഷഡ്പദങ്ങളുടെ കടിയുടെ ശക്തി (‘ബൈറ്റ് ഫോഴ്സ്’ -bite force ) നിർണയിച്ചപ്പോഴാണ് ഈ ചീവീട് ഒന്നാമതെത്തിയത്.
കടിക്കാരുടെ ലോകം
ഭക്ഷണം കടിച്ചുചവച്ചു തിന്നുക, ശത്രുക്കളെയും ഇരകളെയും കടിച്ചു കീഴടക്കുക, ഇണയ്ക്കു വേണ്ടിയുള്ള മത്സരത്തിൽ മറ്റ് ഷഡ്പദങ്ങളെ കടിച്ചോടിക്കുക എന്നിങ്ങനെ പലതരത്തിൽ നിർണാകമായതിനാൽ കടിയുടെ ശക്തി പ്രധാനമാണ്. ജർമനിയിലെ ബേൺ സർവകലാശാലയാണ് 654 സ്പീഷീസ് ഷഡ്പദങ്ങളുടെ ബൈറ്റ് ഫോഴ്സ് നിർണയിച്ചത്.

കടി അളക്കാൻ യന്ത്രം
ഫോഴ്‌സ് എക്സ് (forceX) എന്ന സംവിധാനം ഉപയോഗിച്ചാണു കടിയുടെ ശക്തി നിർണയിച്ചത്. ഇതിൽ സെൻസറുകളും ചെറിയ മെറ്റൽ പ്ലേറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ഷഡ്പദങ്ങളെക്കൊണ്ട് ഈ പ്ലേറ്റുകളിൽ പലതവണ കടിപ്പിക്കുന്നു. കടിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദത്തെ പ്ലേറ്റുകളുമായി ബന്ധിക്കപ്പെട്ട ‘പീസോ ക്രിസ്റ്റൽ’ കറന്റാക്കി മാറ്റി കംപ്യൂട്ടറിൽ എത്തിക്കുന്നു. അതിന്റെ ശരാശരി കണക്കാക്കി ഓരോന്നിന്റെയും ബൈറ്റ് ഫോഴ്സ് നിർണയിക്കും.

ശക്തരിൽ ശക്തർ
12 ന്യൂട്ടണിലേറെ ബൈറ്റ് ഫോഴ്സ് കാഴ്ചവച്ചാണ് ‘ഓസ്‌ട്രേലിയൻ റാസ്‌പി ക്രിക്കറ്റ്’ ഒന്നാമതെത്തിയത്. മരങ്ങൾ കടിച്ചുതുളച്ച് സുഷിരമുണ്ടാക്കി അതിലാണ് ഈ ചീവീടുകൾ കഴിയുന്നത്. 2 മുതൽ 5 വരെ സ്ഥാനങ്ങൾ നേടിയത് ‘സ്റ്റാഗ് വണ്ട്’ (stag beetle) എന്ന വിഭാഗത്തിൽപെട്ട കൊമ്പൻ വണ്ടുകളാണ്. ഈ വണ്ടുകൾ 8 മുതൽ 11 ന്യൂട്ടൻ വരെ ബൈറ്റ് ഫോഴ്സ് പ്രകടമാക്കി. ഈ സ്പീഷീസിലെ ആൺവണ്ടുകൾ പരസ്പരം പോരടിക്കുമ്പോൾ ശത്രുവിനെ കടിച്ചുപൊക്കി നിലംപരിശാക്കുന്നു.
ജന്തുലോകത്ത് ‘കായൽ മുതലയാണ്’ (salt water crocodile)
ആണ് കടിയുടെ ശക്തിയിൽ ഒന്നാമൻ. 16,460 ന്യൂട്ടൻ ആണ് ഇതിന്റെ ബൈറ്റ് ഫോഴ്സ്.
ഷഡ്പദലോകത്തും കടിക്കൊരു റെക്കോർഡ് ഉണ്ട്. ‘ട്രാപ് ഡോർ ആന്റ്’ (trapdoor ant) ആണ് ഏറ്റവും വേഗത്തിൽ കടിക്കുന്ന ജീവി. പശ്ചിമഘട്ടത്തിൽ ഉൾപ്പെടെ ഇവ കാണപ്പെടാറുണ്ട്. കണ്ണു ചിമ്മുന്നതിന്റെ 2,300 ഇരട്ടി വേഗത്തിലാണ് ഈ ഉറുമ്പ് കടിക്കുന്നത്.