ADVERTISEMENT

വർണവിവേചനം ലോകത്തു പല രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിനും അതിനു മുൻപും വെളുത്തവർഗക്കാരും കറുത്തവർഗക്കാരും മറ്റ് വർഗക്കാരുമെന്നൊക്കെ പല തട്ടുകളിലായി സമൂഹത്തെ വിഭജിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങളും മുൻനിരയിൽ നിന്നു. ആഫ്രിക്കയിലും മറ്റും യൂറോപ്യൻ കൊളോണിയൽ ശക്തികൾ വർണവിവേചനം നടപ്പാക്കിയിരുന്നു. യുഎസിൽ പോലും വർണവ്യവസ്ഥ ശക്തമായുണ്ടായിരുന്നു.

എന്നാൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം പല രാജ്യങ്ങളും സമൂഹങ്ങളും വർണവിവേചന വ്യവസ്ഥയിലെ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തിത്തുടങ്ങി. കൊളോണിയൽ വാഴ്ചക്കാലത്തിനും അവസാനം കുറിച്ചതിന്‌റെ തുടക്കകാലഘട്ടങ്ങളായിരുന്നു അക്കാലം. എല്ലായിടത്തും വർണവിവേചനത്തിനെതിരെ വലിയ എതിർപ്പുകളും പ്രക്ഷോഭങ്ങളും ഉയർന്നുതുടങ്ങി. എന്നാൽ ഇക്കാലയളവിലായിരുന്നു ദക്ഷിണാഫ്രിക്ക കുപ്രസിദ്ധമായ അപ്പാർത്തീഡ് എന്ന വർണ വിവേചന വ്യവസ്ഥ നടപ്പിൽ വരുത്തിയത്. 

ദക്ഷിണാഫ്രിക്ക നമുക്കേറെ അറിയാവുന്ന രാജ്യമാണ്. ക്രിക്കറ്റ് കളിയിലെ വൻശക്തിയായിരുന്ന ഈ രാജ്യം പല തവണ ഇന്ത്യയുമായി ക്രിക്കറ്റിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഗാന്ധിജി ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രവർത്തനം നടത്തുന്നതിനു മുൻപ് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ചിരുന്നതും നമുക്കെല്ലാം അറിവുള്ള കാര്യം. വർണവിവേചനം നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാൽ കറുത്തവരെയും വെളുത്തവരെയും ഒക്കെ പ്രത്യേകസമൂഹങ്ങളായി വേർതിരിച്ച് ഒരു സർക്കാർ നയം തന്നെ നടപ്പിലാക്കി എന്നതാണു ദക്ഷിണാഫ്രിക്കയിൽ സംഭവിച്ച കാര്യം.

തൊലിയുടെ നിറം സമൂഹത്തിന്‌റെ അടിസ്ഥാനമായ കാലമായിരുന്നു അന്ന് ദക്ഷിണാഫ്രിക്കയിൽ. കറുത്തവരെന്നോ വെളുത്തവരെന്നോ ഒക്കെ റജിസ്റ്റർ ചെയ്യപ്പെടേണ്ട അവസ്ഥ വന്നു അന്നാട്ടിലെ ജനങ്ങൾക്ക്. ഭരണകൂടത്തിന്‌റെയും മറ്റ് അധികൃതരുടെയും ജനങ്ങളോടുള്ള മനോഭാവവും തൊലിയുടെ നിറം അടിസ്ഥാനമാക്കിയായിരുന്നു. വെളുത്തവരും കറുത്തവരും പ്രത്യേക താമസമേഖലകളിൽ വസിക്കണമെന്നതുൾപ്പെടെ നിയമങ്ങൾ വന്നു.

  • Also Read

രണ്ട് സമൂഹങ്ങളായി മാറ്റി, രണ്ട് സമൂഹങ്ങൾക്കും വികസിക്കാനുള്ള അവസരമാണ് അപ്പാർത്തീഡ് ഒരുക്കുന്നതെന്ന് അന്നത്തെ അതിന്‌റെ പിന്തുണക്കാർ പറഞ്ഞു. എന്നാൽ കറുത്തവർഗക്കാരെ കൂടുതൽ കഷ്ടതയിലേക്കു തള്ളിവിടുകയാണ് അത് ചെയ്തത്. അപ്പാർത്തീഡിനെതിരെ ലോകമെങ്ങും വിമർശനം ഉയർന്നു. രാജ്യാന്തരതലത്തിലും വ്യാപാരതലത്തിലുമൊക്കെ ദക്ഷിണാഫ്രിക്ക ഒറ്റപ്പെട്ടു. ഒളിംപിക്‌സ് പോലുള്ള പല കായികമേളകളിൽ നിന്നൊക്കെ അവർ പുറത്തായി. രാജ്യത്തിനകത്ത് അപ്പാർത്തീഡിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. നെൽസൺ മണ്ടേലയെപ്പോലുള്ള നേതാക്കൾ അതിന്‌റെ മുഖമായി മാറി. 1994ൽ അപ്പാർത്തീഡ് നയങ്ങൾ ദക്ഷിണാഫ്രിക്കയിൽ അവസാനിച്ചു.

English Summary:

The Dark Legacy of Apartheid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com