ADVERTISEMENT

സൗരയൂഥത്തിൽ നമുക്കറിയാവുന്ന 8 ഗ്രഹങ്ങൾ കൂടാതെ ഒരു വമ്പൻ ഒൻപതാം ഗ്രഹം ഒളിഞ്ഞിരിക്കുന്നുണ്ടോ. പതിറ്റാണ്ടുകളായി ഇതെക്കുറിച്ചുള്ള ശാസ്ത്രീയവും അശാസ്ത്രീയവുമായ ചർച്ചകൾ തകൃതിയാണ്. ഇപ്പോഴിതാ ഈ ഗ്രഹത്തെപ്പറ്റി ശ്രദ്ധേയമായ തെളിവ് ലഭിച്ചെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ശാസ്ത്രജ്ഞർ. നെപ്റ്റ്യൂൺ ഉൾപ്പെടുന്ന മേഖലയിലൂടെ കടന്നുപോകുന്ന ദീർഘദൂര–ദീർഘകാല ബഹിരാകാശ വസ്തുക്കളുടെ പാതയെ ഈ ഗ്രഹം സ്വാധീനിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പ്ലാനറ്റ് 9 സംബന്ധിച്ച് മറ്റൊരു ശ്രദ്ധേയ കണ്ടെത്തലും അടുത്തകാലത്ത് ഇറങ്ങിയിരുന്നു.

സൗരയൂഥത്തിൽ ഈ ഗ്രഹമുണ്ടാകാമെന്നു കരുതപ്പെട്ടിരുന്ന 78 ശതമാനം മേഖലകളിലും ഇതില്ലെന്നാണ് ചില ഗവേഷകർ അറിയിച്ചത്. പാൻസ്റ്റാഴ്സ് എന്ന വമ്പൻ ടെലിസ്കോപ് ശൃംഖല ഉപയോഗിച്ചായിരുന്നു ഇവരുടെ ഗവേഷണം.ഇവരുടെ ഗവേഷണം കൊണ്ടുള്ള മെച്ചമെന്തെന്നാൽ, ഇനി ബാക്കി 22 ശതമാനം സ്ഥലത്ത് നിരീക്ഷണം നടത്തിയാൽ മതിയാകും എന്നതാണ്. പ്ലാനറ്റ് 9 എന്നറിയപ്പെടുന്ന ഈ കണ്ടെത്താഗ്രഹത്തിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ട്. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്ട്യൂണിനപ്പുറം സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന മറ്റു വസ്തുക്കളെപ്പറ്റി മനുഷ്യന് അറിവുണ്ടായിരുന്നില്ല.  1894ൽ ബോസ്‌നിയൻ വാനനിരീക്ഷകനായ പെർസിവൽ ലോവൽ നെപ്റ്റിയൂണിനപ്പുറം ഒരു വലിയ ഗ്രഹമുണ്ടെന്നു പ്രഖ്യാപിച്ചു. സൗരയൂഥത്തിൽ സൂര്യന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ ചില പിഴവുകളുണ്ട്. ഈ പിഴവുകൾ നമുക്ക് അറിയാത്ത ഏതോ അജ്ഞാത ഗ്രഹത്തിന്റെ ഭൂഗുരുത്വബലം മൂലം സംഭവിക്കുന്നതാണെന്ന് ലോവൽ സമർഥിച്ചു. പ്ലാനറ്റ് എക്‌സ് എന്നാണ് അദ്ദേഹം ആ അജ്ഞാത ഗ്രഹത്തിനു പേരു നൽകിയത്. 1930ൽ പ്ലൂട്ടോയെ കണ്ടെത്തിയതോടെ, പ്ലൂട്ടോ പ്ലാനറ്റ് എക്‌സ് ആണെന്നു കുറച്ചുനാൾ ശാസ്ത്രജ്ഞർ വിശ്വസിച്ചു.വലിയൊരു സംഭവമായിരുന്നു അത്.

എന്നാൽ ആ വിശ്വാസം അധികകാലം നിന്നില്ല, കൂടുതൽ പഠനങ്ങൾ നടന്നു. ലോവൽ പറഞ്ഞതു പോലെ നെപ്ട്യൂൺ, യുറാനസ് എന്നീ വമ്പൻ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ വക്രത വരുത്താനുള്ള ശേഷിയൊന്നും ഇല്ലാത്ത ഒരു പാവത്താനാണു പ്ലൂട്ടോയെന്ന് പിന്നീടുള്ള ഗവേഷണങ്ങളിൽ തെളിഞ്ഞു. അതോടെ പ്ലാനറ്റ് എക്‌സിനു വേണ്ടിയുള്ള തിരച്ചിൽ വീണ്ടും സജീവമായി. എന്നാൽ പ്ലാനറ്റ് എക്‌സിനെ കണ്ടെത്താനുള്ള ലോവലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല. അദ്ദേഹം അന്തരിച്ചു.  

1990ൽ റോബർട് ഹാരിങ്ടൻ എന്ന മറ്റൊരു ശാസ്ത്രജ്ഞനും ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചർച്ചകൾ ഉയർത്തി. ഹാരിങ്ടനിന്റെ ഗവേഷണം കുറച്ചുനാൾ ശാസ്ത്രലോകത്ത് വലിയ ചർച്ചയായെങ്കിലും 1992ൽ ജ്യോതിശാസ്ത്രജ്ഞനായ മൈൽസ് സ്റ്റാൻഡിഷ് ഇതെല്ലാം തള്ളിക്കൊണ്ട് രംഗത്തു വന്നു. നെപ്ട്യൂണിന്റെയും യുറാനസിന്റെയും ഭ്രമണപഥത്തിനു യാതൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പ്രസ്താവന ഇറക്കി. വോയേജർ 2 പേടകത്തിൽ നിന്നുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതു പറഞ്ഞത്. അതോടെ പ്ലാനറ്റ് എക്‌സിനെക്കുറിച്ചുള്ള പഠനങ്ങൾ തണുത്തു.

എന്നാൽ താമസിയാതെ പ്ലൂട്ടോയ്ക്കുമപ്പുറം ഏരീസ്, സെഡ്‌ന, ക്വോയർ, വരുണ, ഹോമിയ തുടങ്ങിയ ഒട്ടേറെ കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്തി. ഇതോടെയാണ് വീണ്ടും അവിടെ ഗ്രഹങ്ങളുണ്ടായേക്കാം എന്ന ചിന്ത ശാസ്ത്രജ്ഞരിൽ നിറഞ്ഞത്. നമ്മൾ വിചാരിക്കുന്നതൊന്നുമല്ല സൗരയൂഥമെന്ന് അവർക്കു മനസ്സിലായി.

ഇതിനിടെ 1995ൽ നാൻസി ലീഡർ എന്ന വനിതയുടെ നേതൃത്വത്തിൽ ലോകാവസാനത്തെക്കുറിച്ച് പുതിയൊരു ഗൂഢസിദ്ധാന്തം ഇറങ്ങി. നിബിരു എന്ന ഗ്രഹം 2003ൽ ഭൂമിയുടെ ഭ്രമണപഥത്തിൽ കൂടി  കടന്നുവന്ന് ഭൂമിയെ ഇടിക്കുമെന്നും അതോടെ ഇവിടുള്ളതെല്ലാം നശിക്കുമെന്നും ആ സിദ്ധാന്തം പറയുന്നു. നിബിരു നേരത്തെ പറഞ്ഞ പ്ലാനറ്റ് എക്‌സാണെന്ന് ഒരു വിചിത്രവാദം കൂടി വന്നതോടെ പ്ലാനറ്റ് എക്‌സ് രാജ്യാന്തര തലത്തിൽ പ്രശസ്തമായി. മാധ്യമങ്ങളിലും മറ്റും ഇതെപ്പറ്റി ഒട്ടേറെ ചർച്ചകളും ഉയർന്നു (ഇന്നും ഇത്തരം സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്). ഭൂമിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവനെന്ന വില്ലൻ പരിവേഷം ഇതോടെ പ്ലാനറ്റ് എക്‌സിനു വന്നു ചേർന്നു. ഏതായാലും 2003ൽ ഭൂമിയെ അവസാനിപ്പിക്കാനായി ഒരു ഗ്രഹവും ഇങ്ങോട്ടു വന്നില്ല.

2016ൽ കാലിഫോർണിയ ടെക്‌നോളജി സർവകലാശാലയിലെ ജ്യോതിശാസ്ത്ര ഗവേഷകരായ കോൺസ്റ്റാന്റിൻ ബാറ്റിഗിൻ, മൈക്ക് ബ്രൗൺ എന്നിവർ നെപ്റ്റിയൂണിനപ്പുറം ഒരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി കംപ്യൂട്ടർ മോഡലിങ് ഉപയോഗിച്ച് ഗവേഷണം നടത്തി.പ്ലാനറ്റ് എക്‌സ് എന്ന ഒരു അജ്ഞാത ഗ്രഹം ഉണ്ടെങ്കിൽ അതിനു ഭൂമിയേക്കാൾ 10 മടങ്ങ് വലുപ്പം ഉണ്ടാകുമെന്ന് അവർ പറഞ്ഞു.ഏകദേശം യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളുടെ അതേ വലുപ്പം.സൂര്യനും നെപ്റ്റിയൂണും തമ്മിലുള്ള അകലത്തിന്റെ 20 മടങ്ങാകും സൂര്യനും ഈ ഗ്രഹവും തമ്മിലുള്ള ദൂരം. ഭൂമിയിലെ പതിനായിരം വർഷങ്ങളാണത്രേ ഈ ഗ്രഹത്തിലെ ഒരു വർഷം.

തങ്ങൾ സാധ്യത കൽപിച്ച ഗ്രഹത്തിന് 'പ്ലാനറ്റ് 9' എന്നാണ് ബാറ്റിഗിനും ബ്രൗണും പേരു നൽകിയത്. ഒൻപതാമത്തെ ഗ്രഹമെന്ന് അർഥം.ഇതു വരെ ഈ ഗ്രഹം കണ്ടെത്തിയിട്ടില്ല. കൂടുതൽ ശക്തമായ ടെലിസ്‌കോപ്പുകളും ദൗത്യങ്ങളുമൊക്കെ വച്ച് അന്വേഷണം തുടർന്നു.ബഹിരാകാശ ഗവേഷണത്തിലെ മുടിചൂടാമന്നൻമാരായ നാസ ഉൾപ്െടെയുള്ളവർ ഇതിനായി പദ്ധതികൾ രൂപീകരിച്ചു. ഇപ്പോൾ പഠനത്തിലൂടെ ചില ശാസ്ത്രജ്ഞർ പറയുന്നത് വേറൊരു കാര്യമാണ്, യുറാനസ്, നെപ്റ്റ്യൂൺ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ പിഴവുകൾ വരുത്തുന്നത് പ്ലാനറ്റ് 9 അല്ല മറിച്ച് ഗുരുത്വശക്തിയുടെ ചില സവിശേഷതകളാണെന്ന് ഇവർ പറയുന്നു. ഈ വാദം ശരിയെങ്കിൽ പ്ലാനറ്റ് 9 എന്നൊരു ഗ്രഹം സൗരയൂഥത്തിലുണ്ടാകാൻ യാതൊരു സാധ്യതയുമില്ല.

ഒരു പക്ഷേ പ്ലാനറ്റ് 9 ആദ്യകാലത്ത് ഇപ്പോഴത്തെ ഗ്രഹസംവിധാനത്തിൽ തന്നെയുണ്ടായിരുന്ന ഒരു ഗ്രഹമായിരിക്കാം എന്നും ചില ശാസ്ത്രജ്ഞർ പറയുന്നു. വ്യാഴം എന്ന ഗ്രഹഭീമൻ തന്‌റെ ഭൂഗുരുത്വബലത്താൽ പുറത്താക്കിയതാകാം ഇതിനെയെന്നും അവർ പറയുന്നു.

English Summary:

Astronomers Unveil New Clues in the Hunt for the Invisible Ninth Planet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com