തുരങ്കത്തിൽ ഹീറോഗ്ലിഫിക്സ്! ഉത്തരങ്ങൾ നൽകുമോ ഹിറ്റൈറ്റുകളെപ്പറ്റി, എന്താണ് ആ പച്ചക്കല്ല്

Mail This Article
പൗരാണിക അനറ്റോളിയയിലെ ഏറ്റവും ആദ്യത്തെ സംസ്കാരങ്ങളിലൊന്നായ ഹിറ്റൈറ്റുകളെപ്പറ്റി വിവരങ്ങൾ നൽകുമെന്നു കരുതപ്പെടുന്ന ഹീറോഗ്ലിഫിക്സുകളുടെ പ്രദർശനം റോമിൽ നടന്നു. ഹിറ്റൈറ്റുകളുടെ തലസ്ഥാനമായിരുന്ന ഹട്ടൂസ സ്ഥിതി ചെയ്യുന്ന തുർക്കിയിലെ മേഖലയിലുള്ള യെർകാപി തുരങ്കം. 250ൽ ഏറെ ഹീറോഗ്ലിഫിക്സുകൾ ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. ഹിറ്റൈറ്റുകളുടെ ജീവിതരീതികളെക്കുറിച്ച് ഇതിൽ നിന്നു വിവരങ്ങൾ ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹീറോഗ്ലിഫിക്സിൽ എഴുതിയത് വായിക്കാനുള്ള ഗവേഷണങ്ങൾ തുടരുകയാണ്.
തുർക്കിയിൽ 1700 മുതൽ 1100 ബിസി വരെ അധികാരത്തിലിരുന്ന സാമ്രാജ്യമാണ് ഹിറ്റൈറ്റുകൾ. ഇവർ തുർക്കിയിലെ യസിലിക്കായയിൽ ഒരു വലിയ ദേവാലയം പണികഴിപ്പിച്ചിരുന്നു. 1834ൽ ഫ്രഞ്ച് പര്യവേക്ഷകനായ ചാൾസ് ടെക്‌സിയറാണു ഈ ദേവാലയം കണ്ടെത്തിയത്. മൂവായിരം വർഷങ്ങൾ മുൻപ് പണികഴിപ്പിച്ച ദേവാലയത്തിലുള്ള ശിലാരൂപങ്ങൾ വിദഗ്ധർമാരിൽ കൗതുകം വർധിപ്പിച്ചിരുന്നു. സൂര്യന്റെയും മഴയുടെയും ദേവതകൾ ഉൾപ്പെടെ ദൈവങ്ങളുടെ പ്രതിമകൾ മുകളിൽ. സത്വങ്ങൾ താഴെ. ഇതിനു സമീപമുള്ള ഭിത്തികളിൽ ചന്ദ്രന്റെ വിവിധ രൂപങ്ങൾ. എന്താണ് ഈ കലയിലൂടെ ചരിത്രകാല ഹിറ്റൈറ്റ് സമൂഹം ഉദ്ദേശിച്ചതെന്നത് ഒരു ചുരുളഴിയാ രഹസ്യമായി നിലനിന്നിരുന്നു.

പ്രപഞ്ചത്തെപ്പറ്റിയുള്ള അന്നത്തെ ഹിറ്റൈറ്റ് ധാരണകളാകാം കൊത്തിവച്ചിരിക്കുന്നതെന്ന അനുമാനത്തിൽ പിന്നീട് ശാസ്ത്രജ്ഞർ എത്തിച്ചേരുകയായിരുന്നു. ആദിമകാല ഹിറ്റൈറ്റ് ഐതിഹ്യം പ്രകാരം ഭൂമി, ആകാശം, പാതാളം എന്നിവ ചേർന്നതാണു പ്രപഞ്ചം. ഈ വിശ്വാസപ്രകാരം മുകളിലുള്ള ദേവതാരൂപങ്ങൾ ആകാശത്തെയും താഴെയുള്ള ജീവികൾ പാതാളത്തെയും സൂചിപ്പിക്കുന്നെന്നു ഗവേഷകർ പറയുന്നു. ഇന്നത്തെ കാലത്തെ തുർക്കിയിലെ, മധ്യമേഖലയിൽ ബോഗസ്‌കലെ ഗ്രാമത്തിനടുത്തായാണു യസിലിക്കായ സ്ഥിതി ചെയ്യുന്നത്.
യസിലിക്കായയുടെ അടുത്തുതന്നെയായിട്ടാണ് ഹട്ടൂസയും സ്ഥിതി ചെയ്തത്. ഒട്ടേറെ അദ്ഭുതങ്ങളടങ്ങിയതാണ് ഹട്ടൂസ നഗരം. ഇടക്കാലത്ത് ഇവിട പര്യവേക്ഷണം നടത്തിയ വിദഗ്ധർ കളിമണ്ണിൽ നിർമിച്ച ഒട്ടേറെ ഫലകങ്ങൾ കണ്ടെത്തി. പുരാതന രേഖകളും സാഹിത്യവും അടങ്ങിയവയായിരുന്നു അത്. ബോഗസ്കോയ് ആർക്കൈവ് എന്നാണ് ഇവ അറിയപ്പെടുന്നത്. ലൂവിയൻ, അക്കേഡിയൻ എന്നീ ഭാഷകളിലായിരുന്നു ഫലകങ്ങളിലെ എഴുത്ത്. സാമ്പത്തികപരമായും സൈനികപരമായും ഉന്നതിയിലും പ്രബലതയിലും നിന്ന ഹട്ടൂസ പൊടുന്നനെ ലോകചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എന്താണ് ഇതിനു വഴിവച്ചതെന്ന കാര്യത്തിൽ ഉത്തരമില്ല.

ഹട്ടൂസ നഗരവാസികൾ മികച്ച ശിൽപങ്ങൾ ഉണ്ടാക്കി. ഇന്നത്തെ ഡ്രില്ലിങ് മെഷീനുകൾകൊണ്ട് നിർമിക്കുന്നതു മാതിരി കൃത്യമായ വൃത്താകൃതിയിലുള്ള കുഴികൾ പാറയിൽ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. സാങ്കേതികവിദ്യ അത്ര പുരോഗമിച്ചിട്ടില്ലാത്ത അക്കാലത്ത് ഇതെങ്ങനെ നടന്നെന്നത് അദ്ഭുതമാണ്.
മറ്റൊരു നിഗൂഢത അവിടെയുള്ള പച്ചനിറത്തിലെ കല്ലാണ്. കണ്ണാടി പോലെ പോളിഷ് ചെയ്യപ്പെട്ട പ്രതലം ഇതിനുണ്ട്. ഈ കല്ലു കാണാൻ ധാരാളം പേരും വിനോദസഞ്ചാരികളും ഇവിടെയെത്തും. അദ്ഭുതശക്തികളുള്ള കല്ലാണ് ഇതെന്ന് നാട്ടുകാരും വിശ്വസിക്കുന്നു.