പ്രഭാതനടത്തത്തിനു പോയ വനിതയ്ക്ക് നിധി ലഭിച്ചു! 2150 പ്രാചീന വെള്ളിനാണയങ്ങൾ
Mail This Article
ചെക്ക് റിപ്പബ്ലിക്കിൽ വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ പോയതാണ് ഒരു വനിത. എന്നാൽ പോയ പോക്കിൽ ഒരു വലിയ നിധിയാണ് അവർക്ക് കിട്ടിയത്. 900 വർഷങ്ങൾക്ക് മുൻപുള്ള 2150 വെള്ളിനാണയങ്ങളുടെ ഒരു ശേഖരം അവർക്കു ലഭിച്ചു. ചെക് റിപ്പബ്ലിക്കിലെ കുറ്റോനോഹോർസ്‌ക് മേഖലയിലാണ് ഈ നിധി കണ്ടെത്തൽ.
എന്തിനാകാം ഇത്രയുമൊരു നിധി 900 വർഷങ്ങളായി ഒളിപ്പിച്ചുവച്ചിരിക്കുന്നത്. വിവിധ വാദഗതികൾ വിദഗ്ധർ ഉയർത്തിയിട്ടുണ്ട്. ചെക്ക് സിൽവർ മ്യൂസിയം, പ്രാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി തുടങ്ങിയവ ചില സിദ്ധാന്തങ്ങൾ ഈ നിധി സംബന്ധിച്ച് ഉയർത്തിയിട്ടുണ്ട്. സൈനികരുടെ ശമ്പളമാകാം ഇതെന്നാണ് ഒരു വാദം. അല്ലെങ്കിൽ യുദ്ധക്കൊള്ളയാകാം ഇത്. ആ നാണയങ്ങൾ ഒരു വലിയ തുകയുണ്ട്. ചരിത്രപരമായ മൂല്യം കൂടി കണക്കാക്കുമ്പോൾ ഇതിന്റെ വില പതിൻമടങ്ങാണെന്നും വിദഗ്ധർ പറയുന്നു.
വർത്തമാനകാലത്ത് വളരെ ശാന്തവും സുന്ദരവുമായ രാജ്യമാണ് ചെക്ക് റിപ്പബ്ലിക്. എന്നാൽ ആയിരം വർഷങ്ങൾ മുൻപ് ഇവിടെ വളരെയധികം കലുഷിതമായ സാമൂഹിക സാഹചര്യങ്ങലാണ് നിലനിന്നത്. അക്കാലത്ത് പ്രിമൈസിൽ രാജവംശമായിരുന്നു ഇവിടം ഭരിച്ചത്. പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ അധികാരത്തർക്കങ്ങളും രക്തരൂക്ഷിത പോരാട്ടങ്ങളും ചെക് തലസ്ഥാനമായ പ്രാഗിൽ തുടർന്നുപോന്നു.
ഈ നാണയങ്ങൾ ഒരു മൺകുടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ 9 നൂറ്റാണ്ടുകളുടെ കാലപ്പഴക്കം കുടത്തെ നശിപ്പിച്ചു. മധ്യകാലഘട്ടത്തിലെ ഭരണാധികാരികളുടേതായി കണ്ടെത്തിയിട്ടുള്ള നാണയങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഈ നിധി. ഈ നാണയങ്ങളിൽ പഠനങ്ങളും സുരക്ഷാപ്രക്രിയകളും തകൃതിയായി നടക്കുകയാണ്. അടുത്തവർഷത്തെ വേനൽക്കാലത്തിൽ ഇവ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ഈ നാണയങ്ങൾ ആരുടേതാണെന്നും അവ എവിടെയാണ് നിർമിച്ചതെന്നുമൊക്കെ കണ്ടെത്താനും ശ്രമമുണ്ട്. ആരാണ് ഇതു സൂക്ഷിച്ചതെന്നു കണ്ടെത്താൻ പാടാണ്. പക്ഷേ നാണയങ്ങളിലെ മൂലകങ്ങളൊക്കെ പരിശോധിച്ചാൽ ഏതു മേഖലയിലാണ് ഇവ നിർമിച്ചതെന്നുള്ള കാര്യം അറിയാൻ സാധിക്കുമായിരിക്കുമെന്നാണ് പുരാവസ്തു ഗവേഷകരുടെ പ്രതീക്ഷ.
പ്രാഗിലേക്ക് ഇറക്കുമതി ചെയ്ത വെള്ളി ഉപയോഗിച്ച് പ്രാഗിൽ തന്നെയാണ് ഇവ നിർമിച്ചതെന്നാണ് ഗവേഷകരുടെ പ്രാഥമിക അനുമാനം. നിധി കണ്ടെത്തിയ വനിതയ്ക്കും കോളടിച്ചിട്ടുണ്ട്. ഈ നിധിയുടെ മൂല്യത്തിന്റെ 10 ശതമാനം അവർക്ക് സമ്മാനമായി ലഭിക്കും,