ബഹിരാകാശത്ത് ആദ്യമായി കാപ്പി കുടിച്ചത് 2001ൽ! കോഫി മെഷീനും ഇവിടുണ്ടായിരുന്നു
Mail This Article
നമുക്കറിയാവുന്നവരിൽ പലരുടെയും ഇഷ്ടപാനീയമാണ് കാപ്പി അഥവാ കോഫി. മണവും രുചിയുമേറിയ ഈ പാനീയം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു. ഇത്യോപ്യയിലാണ് ആദ്യമായി കാപ്പിക്കുരുക്കൾ പാനീയമാക്കി ഉപയോഗിക്കുന്ന രീതി കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ഇത് അറബ് നാടുകളിൽ പ്രശസ്തമായി. പിന്നീട് ഇതു ലോകം മുഴുവൻ എത്തി.ലോകം മുഴുവൻ മാത്രമല്ല, ബഹിരാകാശത്തും കാപ്പിപ്പൊടി എത്തിയിട്ടുണ്ട്. 2018ൽ ലോകത്തിലെ ഏറ്റവും കടുപ്പമുള്ള കോഫി രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തിച്ചത് വലിയ വാർത്തയായിരുന്നു.
സ്പെയ്സ് എക്സിന്റെ ഫാൽക്കൻ 9 റോക്കറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ അന്തേവാസികൾക്കായി കുറച്ചു പാക്കേജുകൾ എത്തിച്ച കൂട്ടത്തിലായിരുന്നു ഈ കാപ്പിപ്പൊടി എത്തിയത്. ലോകത്തിലെ ഏറ്റവും കടുപ്പമുള്ള കാപ്പി തയാർ ചെയ്തത് ഒരു അമേരിക്കൻ കമ്പനിയാണ്. സാധാരണ കാപ്പിപ്പൊടി പലതവണ കുറുക്കി കഫീനിന്റെ അളവ് വളരെ കൂട്ടിയാണ് കാപ്പിപ്പൊടി തയാർ ചെയ്തത്. ഈ പൊടി ഒരുനുള്ളുമതി, അൾട്രാസ്ട്രോങ് കോഫി തയാർ ചെയ്യാൻ. പണ്ട് ഒരു ടിവി ഷോയിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഒരു മുൻയാത്രികൻ പങ്കെടുത്തു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്താണെന്നു ചോദിച്ചപ്പോൾ കാപ്പിയാണെന്നായിരുന്നു മറുപടി. ഇതുമൂലമാണ് കാപ്പിപ്പൊടി അയയ്ക്കാൻ അന്ന് ആ കമ്പനി തീരുമാനിച്ചത്.
എന്നാൽ കാപ്പി അതിനൊക്കെ മുൻപ് തന്നെ ബഹിരികാശത്ത് എത്തിയിരുന്നു. ബഹിരാകാശത്ത് ആദ്യമായി കാപ്പി കുടിച്ചത് വില്യം ഷെപ്പേഡ് എന്ന സഞ്ചാരിയാണ്. 2001ൽ ആയിരുന്നു ഇത്. ഒരു കോഫി മെഷീൻ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ചാണ് കാപ്പി തയാറാക്കിക്കുടിച്ചത്. ഗുരുത്വബലം തീരെയില്ലാത്ത മേഖലകളിൽ പ്രവർത്തിക്കും വിധത്തിൽ പ്രത്യേകമായി തയാർ ചെയ്തതായിരുന്നു ആ കോഫി മെഷീൻ.
2015ൽ ഇതിനെക്കാൾ മികച്ചൊരു കോഫി മെഷീൻ രാജ്യാന്തര നിലയത്തിലെത്തി. ഐഎസ്എസ്പ്രെസോ എന്നു പേരുള്ള ആ മെഷീനിൽ രുചികരമായ എസ്പ്രസോ കാപ്പി തയാർ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു.