മരണമില്ലാത്ത മനുഷ്യരുടെ ലോകം വരുമോ? വിസ്മയ സാധ്യതകളുമായി ട്രാൻസ്ഹ്യൂമനിസം

Mail This Article
ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ദീർഘായുസ്സും കാര്യക്ഷമതയും അറിവും കൂട്ടാൻ കഴിയുന്ന വിപുലമായ കണ്ടുപിടിത്തങ്ങൾ നടത്തുകയും അത് മനുഷ്യരാശിക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യന്റെ അവസ്ഥ മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ഒരു കൂട്ടായ്മയാണ് ട്രാൻസ്ഹ്യൂമനിസത്തിൽ ഉള്ളത്. പരിണാമത്തിൽ ചെന്നായ്ക്കൾക്ക് കാഠിന്യമുള്ള പല്ലുകളും ചീറ്റകൾക്ക് അസാമാന്യ വേഗവും കിട്ടി. അതുപോലെ മനുഷ്യന് ലഭിച്ചത്, ഭൂമിയിലെ ഏറ്റവും ഉയർന്ന ബുദ്ധി ആയിരുന്നു. ജൈവശാസ്ത്രപരമായ പരിമിതകളെ മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് മറികടക്കുന്നു. രോഗമില്ലാത്ത, വൈകല്യങ്ങളില്ലാത്ത, വാർധക്യമില്ലാത്ത, മരണമില്ലാത്ത മനുഷ്യരുടെ ലോകം ട്രാൻസ്ഹ്യൂമനിസം വിഭാവനം ചെയ്യുന്നു.

വളർച്ച
ട്രാൻസ്ഹ്യൂമനിസത്തിന്റെ ദാർശനിക അടിത്തറയുടെ തുടക്കം ചാൾസ് ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസ് (1859) എന്ന ലേഖനത്തിലൂടെയാണെന്ന് പറയാം. ഇംഗ്ലിഷ് ജീവശാസ്ത്രജ്ഞനും തത്വചിന്തകനുമായ ജൂലിയൻ ഹക്സിലി 1957ൽ എഴുതിയ ലേഖനത്തിലാണ് ട്രാൻസ്ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. കംപ്യൂട്ടർ ശാസ്ത്രജ്ഞനായ മാർവിൻ മിൻസ്കി 1960കളിൽ മനുഷ്യനും കൃത്രിമബുദ്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുതി. ട്രാൻസ്ഹ്യൂമനിസത്തിന്റെ ബൗദ്ധിക വികാസത്തിന് അടിത്തറയിട്ടത് 1989ൽ ഫെറൈഡുൺ എസ്ഫാൻഡയറി (Fereidoun Esfandiary) എഴുതിയ ‘ആർ യു എ ട്രാൻസ്ഹ്യൂമൻ’ എന്ന പുസ്തകത്തിലെ ആശയങ്ങളാണ്.

സ്വാധീനം
ട്രാൻസ്ഹ്യൂമനിസം എന്നത് ഏതാനും സ്വപ്ന
ജീവികളുടെ വിഹാരരംഗമല്ല. പ്രശസ്തരായ ശാസ്ത്രജ്ഞന്മാരുടെയും അതിസമ്പന്നരായ സംരംഭകരുടെയും പിൻബലമുണ്ട്. മനുഷ്യന്റെ വാർധക്യവും രോഗവും മാറ്റാൻ ശ്രമിക്കുന്ന ഗവേഷണത്തിൽ മൂന്ന് ബില്യൻ ഡോളറാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് നിക്ഷേപിച്ചിരിക്കുന്നത്. ജനിതക എൻജിനീയറിങ്, ബയോടെക്നോളോജി, റീജനറേറ്റീവ് മെഡിസിൻ തുടങ്ങിയവയിലൂടെ, മനുഷ്യന് വർധിച്ച ആയുസ്സോ മരണമില്ലാത്ത അവസ്ഥയോ കൈവരിക്കാം. ആരോഗ്യം, ദീർഘായുസ്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായ കാലിക്കോ ലാബ്സ് ആരംഭിച്ചത് ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് ആണ്. ഇലോൺ മസ്ക് സ്ഥാപിച്ച ന്യൂറലിങ്ക് പോലുള്ള കമ്പനികൾ, മനുഷ്യ മസ്തിഷ്‌കത്തിനും കംപ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ പാതകൾ സൃഷ്ടിക്കുന്ന ബ്രെയിൻ -കംപ്യൂട്ടർ ഇന്റർഫേസുകൾ വികസിപ്പിക്കുന്നു.
സ്വപ്ന പദ്ധതികൾ
മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവർത്തന മാതൃകയിൽ നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ട് മനുഷ്യ ബുദ്ധിയെ കൃത്രിമമായി സൃഷ്ടിക്കുകയും അതിനെ യന്ത്രങ്ങളിലേക്കു സന്നിവേശിപ്പിക്കുക വഴി ബുദ്ധിയുള്ള യന്ത്രമനുഷ്യരെ സൃഷ്ടിക്കുകയും ചെയ്യുക എന്നത് ട്രാൻസ്ഹ്യൂമനിസ്റ്റുകളുടെ ഒരു തീവ്രാഭിലാഷമാണ്. ലജ്ജ, വൈരാഗ്യം, വെറുപ്പ് തുടങ്ങിയവയ്ക്കുള്ള ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കാനും ഭാവനശേഷി, സഹാനുഭൂതി, മനം കുളിർപ്പിക്കുന്ന അനുഭവങ്ങൾ, തുടങ്ങിയവ വ്യക്തിത്വവികസന ഗുളികകളിലൂടെ (Personality pills) ഉത്തേജിപ്പിക്കാനുകുമെന്നും ട്രാൻസ്ഹ്യൂമനിസ്റ്റുകൾ വിഭാവനം ചെയ്യുന്നു. ഒരു വ്യക്തിയുടെ തലച്ചോറിലുള്ള സകല കാര്യങ്ങളും ഒരു കംപ്യൂട്ടറിന്റെ കൃത്രിമ തലച്ചോറിലേക്ക് പകർത്താൻ (Mind uploading) സാധിക്കും. ഒരു യന്ത്രമനുഷ്യന്റെ തലച്ചോറിലുള്ള വിവരങ്ങൾ ഏതു വ്യക്തിയുടേതാണോ ആ വ്യക്തിയെപ്പോലെ പെരുമാറാൻ യന്ത്രമനുഷ്യന് കഴിയും. അങ്ങനെ മനുഷ്യരെ പോലെ പെരുമാറുന്ന യന്ത്രമനുഷ്യരായിരിക്കും ഭാവിയിലെ പോസ്റ്റ്ഹ്യൂമൻസ്. ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കാനും ശാരീരികവും മാനസികവുമായ സ്വഭാവ വിശേഷങ്ങൾ വർധിപ്പിക്കാനും ഏതു തരത്തിലും ഗുണത്തിലുമുള്ള കുഞ്ഞുങ്ങളെ ഡിസൈൻ ചെയ്ത് ജനിപ്പിക്കാനുമുള്ള(Crispr Cas9) ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ശാസ്ത്രം കൈവരിച്ചു കഴിഞ്ഞു. മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനുള്ള ഒരു മാർഗമായയാണ് ട്രാൻസ്ഹ്യൂമനിസ്റ്റുകൾ സാങ്കേതിക വിദ്യയെ കാണുന്നത്.