ഭൂമിയുടെ സ്പന്ദനം കണക്കിലോ, അതോ രസതന്ത്രത്തിലോ?
Mail This Article
രസതന്ത്രത്തിൽ പഠിക്കുന്നതു പ്രധാനമായും പദാർഥങ്ങളുടെ രാസസ്വഭാവത്തെക്കുറിച്ചാണല്ലോ. അതിനാൽ തന്നെ പദാർഥഘടന നന്നായി മനസ്സിലാക്കിയിരിക്കണം. എന്താണ് തന്മാത്ര? എന്താണ് ആറ്റം? തന്മാത്രയുടെ സവിശേഷതകൾ എന്തൊക്കെയാണ്? ആറ്റങ്ങൾ ചേർന്ന് എങ്ങനെയാണ് തന്മാത്രകൾ രൂപപ്പെടുന്നത്? തുടങ്ങിയ കാര്യങ്ങൾ. ഇതിനായി അടിസ്ഥാനപരമായി ആറ്റം ഘടനയെക്കുറിച്ച് അറിയണം. ആറ്റത്തിലെ ചെറുകണങ്ങളായ ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയെന്ത്? ഇവ ആറ്റത്തിൽ വിന്യസിച്ചിരിക്കുന്നതെങ്ങനെ? ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ചരിത്രമെന്ത്?... എന്നിങ്ങനെയാക്കെ...
ചുരുക്കിപ്പറഞ്ഞാൽ ആറ്റം ഘടനയുടെ വികാസചരിത്രത്തിലെ വിവിധ പരീക്ഷണങ്ങളും ആറ്റം മാതൃകകളും പരിചയപ്പെടണം. നീൽസ് ബോറിന്റെ ആറ്റം മാതൃകയും അതുമായി ബന്ധപ്പെട്ട പദങ്ങളും അതീവ ശ്രദ്ധയോടെ മനസ്സിലാക്കണം. (ഷെൽ, ന്യൂക്ലിയസ്, അറ്റോമിക് നമ്പർ, മാസ് നമ്പർ തുടങ്ങിയവയെപ്പറ്റി നല്ല ധാരണ ഉണ്ടാവണം). മറ്റൊരു പ്രധാന കാര്യമാണ് രാസബന്ധത്തെക്കുറിച്ചുള്ള പഠനം. മിക്ക ആറ്റങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് നിൽക്കാതെ അതേ ഇനത്തിൽപെട്ടതോ, മറ്റ് ഇനങ്ങളിൽ പെട്ടതോ ആയ ആറ്റങ്ങളുമായി ചേർന്നു തന്മാത്രാ രൂപത്തിൽ കാണപ്പെടുന്നതെന്തിന്? ആറ്റങ്ങൾ ഒറ്റയ്ക്ക് നിന്നാൽ എന്താണ് കുഴപ്പം? ഇങ്ങനെ ഒറ്റയ്ക്കു നിൽക്കുന്ന, തന്മാത്രകൾ രൂപീകരിക്കാത്ത ആറ്റങ്ങളുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അവയ്ക്കു മാത്രമുള്ള പ്രത്യേകത?....എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങളിലൂടെ കടന്നു പോയാലേ അതിനുത്തരമാകു. പ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും സ്ഥിരതയ്ക്കായുള്ള ശ്രമങ്ങളുമായി ബന്ധപ്പെടുത്തി ഇതു പഠിക്കാൻ രസകരമായിരിക്കും.
9, 10 ക്ലാസുകളിലെത്തുമ്പോൾ രസതന്ത്രത്തിലെ പ്രധാന ശാഖകളിലൊന്നായ ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട അടിസ്ഥാനാശയങ്ങൾ പരിചയപ്പെടും. നമ്മുടെ ജീവനും ജീവിതവുമായി ഏറ്റവുമടുത്ത ബന്ധമുള്ള ഈ രസതന്ത്രശാഖയുമായി ബന്ധപ്പെട്ട പഠനം അതീവ താൽപര്യകരമായിരിക്കും. നമ്മുടെ ശരീരത്തിലെ മാംസവും മജ്ജയും തൊലിയും രോമവും അടി തൊട്ട് മുടി വരെയുള്ള അവയവങ്ങളും നാം കഴിക്കുന്ന ആഹാരവും മരുന്നുകളും നിത്യോപയോഗ വസ്തുക്കളിൽ ഭൂരിഭാഗവും ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ടതാണെന്നു മനസ്സിലാക്കുമ്പോഴാണ് ഈ ശാസ്ത്രശാഖയുടെ വലുപ്പം നമുക്ക് ബോധ്യമാവുക.