കോംഗോയിലെ ഹിപ്പി ആൾക്കുരങ്ങുകൾ! ഗ്രേറ്റ് ഏപ്സിലെ കുഞ്ഞൻമാരായ ബൊനോബോ
Mail This Article
ഭൂമിയിൽ മനുഷ്യർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ബുദ്ധിയുള്ള ജീവികളായി കണക്കാക്കപ്പെടുന്നത് ആൾക്കുരങ്ങുകളെയാണ്. വാലില്ലാക്കുരങ്ങ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും കുരങ്ങുകളിൽ നിന്നു വലിയ വ്യത്യാസമുണ്ട് ആൾക്കുരങ്ങുകൾക്ക്. പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം.
കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്ന ആൾക്കുരങ്ങു വിഭാഗമാണ് ബൊനോബോകൾ. പിഗ്മി ചിമ്പൻസികൾ, ഹിപ്പി ആൾക്കുരങ്ങുകൾ എന്നും അറിയപ്പെടുന്ന ഇവയെ ആദ്യകാലത്ത് ചിമ്പൻസികളുടെ തന്നെ ഒരു വേറിട്ട വർഗമായാണ് ഗവേഷകർ കണക്കാക്കിയത്. എന്നാൽ 1933ൽ ഇവയെ ഗ്രേറ്റ് ഏപ്‌സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു.
31 മുതൽ 39 കിലോ വരെ ഭാരം വയ്ക്കുന്ന ബൊനോബോകൾക്ക് നാലടിയോളം ഉയരമുണ്ടാകും. മരങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ പ്രധാന ആഹാരം പഴങ്ങളും, കിഴങ്ങുകളും വേരുകളുമൊക്കെയാണ്. ഭക്ഷണദൗർലഭ്യം നേരിടുന്ന അവസ്ഥയിൽ ചില വിരകളെയും പുഴുക്കളെയും അപൂർവമായി വവ്വാലുകളെയുമൊക്കെ ഇവ അകത്താക്കാറുണ്ട്. ചിമ്പൻസികളെ അപേക്ഷിച്ച് പൊതുവേ ശാന്തസ്വഭാവക്കാരായ ബൊനോബോകൾ തമ്മിലടി കൂടാറില്ല. ചിമ്പൻസികളുടെ പ്രവണതകളായ സ്വന്തം വർഗത്തെ കൊന്നുതിന്നൽ, അന്യഗോത്രങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തൽ തുടങ്ങിയവ ബൊനോബോകൾക്കിടയിൽ ഇല്ല.
30 മുതൽ 100 വരെ അംഗങ്ങളടങ്ങിയ ബൊനോബോ ഗോത്രങ്ങളിൽ പെൺബൊനോബോകൾക്കാണ് പ്രധാന സ്ഥാനം. ഗോത്രങ്ങളെ നിയന്ത്രിക്കുന്നതും പെണ്ണുങ്ങൾ തന്നെ. കോംഗോ വനങ്ങളിൽ നടമാടുന്ന ശക്തമായ വനനശീകരണവും ബൊനോബോ മാംസത്തിനു വേണ്ടിയുള്ള വേട്ടയും കാരണം ഇവയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. എന്നാൽ ബൊനോബോകൾ ഈ പറയുന്നതു പോലെ അത്ര സമാധാനപ്രിയരൊന്നും അല്ലെന്നും ആൺ ബൊനോബോകൾ തമ്മിൽ വലിയ അക്രമങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇടക്കാലത്ത് ഇറങ്ങിയ ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു.