ADVERTISEMENT

കൂട്ടുകാരെ, ഇന്ന് രാജ്യാന്തര പൂച്ചദിനമാണ്. പൂച്ചകളെ ഒരുപാട് സ്നേഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കി. തുർക്കിയിൽ ഒട്ടോമൻ സാമ്രാജ്യം വളർന്ന കാലത്താണ് ഈ പൂച്ചപ്രിയം നന്നായി വളർന്നത്. തുർക്കിയിലെ  അതീവ ചരിത്രപ്രാധാന്യമുള്ള പ്രമുഖ നഗരമാണ് ഇസ്തംബുൾ. പൂച്ചകളുടെ നഗരമെന്നു വേണമെങ്കിൽ ഇസ്തംബുളിനെ വിളിക്കാം. രണ്ടുലക്ഷത്തിലേറെ തെരുവുപൂച്ചകൾ സുഖമായി ഈ നഗരത്തിൽ കഴിയുന്നു. നഗരത്തിലെ സിവർബെയ് മേഖലയിൽ ചെന്നാൽ പടിക്കെട്ടിൽ കൈചാരി മനുഷ്യരെപ്പോലെ ഉദാസീനമായി ഇരിക്കുന്ന ഒരു പൂച്ചയുടെ കൽപ്രതിമ കാണാം. ഇതാണു ടോംബിലിയുടെ പ്രതിമ.

ടോംബിലി പ്രതിമയ്ക്കരികിൽ പൂച്ച. (Photo: Twitter/@patyale)
ടോംബിലി പ്രതിമയ്ക്കരികിൽ പൂച്ച. (Photo: Twitter/@patyale)

ഇസ്താംബുളിലെ ഏറ്റവും പ്രശസ്തയായ തെരുവുപൂച്ചയായിരുന്നു ടോംബിലി. എവിടെനിന്ന് എത്തിയെന്ന് അറിയില്ലെങ്കിലും നഗരവാസികളുടെ ഓമനയായി ടോംബിലി വളർന്നു. പടിക്കെട്ടിൽ കൈവച്ചു ചുമ്മാതെ നോക്കിയിരിക്കുന്നതായിരുന്നു ടോംബിലിയുടെ വിനോദം. ആളുകളുമായി വളരെ സൗഹാർദപരമായി ഇടപെടാനും അവൾക്കറിയാമായിരുന്നു. ഒരിക്കൽ ഇങ്ങനെ പടിക്കെട്ടിലിരിക്കുന്ന ടോംബിലിയുടെ ചിത്രം ആരോ എടുത്ത് ഇന്റർനെറ്റിലിട്ടു. അതോടെ ലോകം മുഴുവൻ അതു വൈറലായി. 2016 ഓഗസ്റ്റിൽ ടോംബിലി മരിച്ചു. നഗരസഭാ അധികൃതർ ജനങ്ങളുടെ പ്രിയ പൂച്ചയുടെ ഏറ്റവും പ്രശസ്തമായ പോസ് അനുസ്മരിപ്പിച്ചുള്ള കൽപ്രതിമ ഈസ്താംബുളിൽ സ്ഥാപിച്ചു. ഒരു മാസം കഴിഞ്ഞ് ഈ പ്രതിമ മോഷണം പോയിരുന്നു. തുടർന്ന് വ്യാപകമായ പ്രതിഷേധം ഈസ്താംബുളിൽ ഉടലെടുത്തു. ഒടുവിൽ മോഷ്ടിച്ചയാൾ പ്രതിമ തിരിച്ചുകൊണ്ടുവച്ചു.

വീട്ടുപൂച്ചകൾ ഉത്ഭവിച്ചത് നാലു കോടി വർഷം മുൻപ് വടക്കേ അമേരിക്കയിൽ അധിവാസമുറപ്പിച്ച അതീവ ആക്രമണകാരികളായ ജീവികളിൽ നിന്നാണെന്ന് പുതിയ പഠനം ഇടയ്ക്ക് വന്നിരുന്നു. വെളിയിലേക്ക് ഉന്തി നിൽക്കുന്ന കോമ്പല്ലുകളുള്ള ഈ ജീവികൾ ലോകത്തിലെ ആദ്യത്തെ സമ്പൂർണ മാംസാഹാരികളാണ്. ഇപ്പോഴത്തെ വീട്ടുപൂച്ചകളുടെ ഇരട്ടി വലുപ്പമുണ്ടായിരുന്ന ഈ ജീവികൾ അതിനിപുണരായ വേട്ടക്കാരുമായിരുന്നു. കാണ്ടാമൃഗങ്ങൾ, ഒട്ടകങ്ങൾ, പന്നികൾ, കുതിരകൾ തുടങ്ങിയ വലിയ ജീവികളെപ്പോലും വേട്ടയാടിപ്പിടിക്കാൻ ഡീഗോലുറസ് വാൻവൽകെൻബുർഘെ എന്നറിയപ്പെടുന്ന  ഇവയ്ക്ക് മിടുക്കുണ്ടായിരുന്നു. മഷറോയഡിനിസ് എന്നറിയപ്പെടുന്ന ജന്തുകുടുംബത്തിൽപെടുന്നതാണ് ഇവ. ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയിൽ പെട്ടതാണ് പൂച്ച. സിംഹം, കടുവ, പുലി, ചീറ്റ തുടങ്ങി ആകെ മൊത്തം നാൽപതോളം മൃഗങ്ങളുണ്ട് ഫെലിഡെ കുടുംബത്തിൽ. 

ലോകത്തിൽ ഏറ്റവും കൂടുതൽ വളർത്തുപൂച്ചകളുള്ള രാജ്യം യുഎസാണ് 7.7 കോടി പൂച്ചകൾ  ഇവിടെയുണ്ടെന്നാണു കണക്ക്. ചൈനയി‍ൽ 5.3 കോടി വളർത്തുപൂച്ചകളുണ്ട്. വളർച്ചുപൂച്ചകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം റഷ്യയ്ക്കാണ്. 1.275 കോടി വളർത്തുപൂച്ചകളാണ് ഇവിടെയുള്ളത്.

English Summary:

The Legend of Tombili: Istanbul's Most Famous Street Cat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com