കള്ളക്കേസ് മുതൽ കിഡ്നാപ്പിങ് വരെ; ലോട്ടറി വിജയിയെ കാത്തിരുന്ന പ്രശ്‌നങ്ങൾ
Mail This Article
ലോട്ടറി അടിക്കുക എന്നത് എല്ലാവരുടെയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ്. ലോട്ടറിയിലൂടെ ലഭിക്കുന്ന പണം പലരുടെയും ജീവിതത്തെ മനോഹരമാക്കിയിട്ടുണ്ട്. എന്നാൽ ലോട്ടറിയടിച്ച് പണികിട്ടിയ ചിലരുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ടോണ്ട ഡിക്കേഴ്‌സൻ. യുഎസിലെ ഫ്‌ളോറിഡയിൽ നിന്നുള്ള ഇവർക്ക് അടിച്ചത് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യമനുസരിച്ച് 72 കോടി വരുന്ന ലോട്ടറിയാണ്. തന്റെ ജീവിതം അതോടെ സമ്പന്നവും സുരക്ഷിതവുമായി മാറിയെന്ന് ടോണ്ട വിശ്വസിച്ചു. എന്നാൽ പ്രശ്‌നങ്ങൾ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
1999ൽ ഫ്‌ളോറിഡയിൽ ഒരു റെസ്റ്ററന്‌റിലെ വെയ്ട്രസായിരുന്നു റോണ്ട. ഇവർ ജോലി ചെയ്തിരുന്ന ഹോട്ടലിലെ സ്ഥിരം സന്ദർശകനായിരുന്നു എഡ്വേഡ് സിവേഡ് എന്ന വ്യക്തി. സിവേഡ് ഹോട്ടലിലെ ജീവനക്കാരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭക്ഷണം കഴിച്ചാൽ എല്ലാ സപ്ലയർമാർക്കും ടിപ്പായി എന്തെങ്കിലും നൽകാൻ അദ്ദേഹം മറന്നില്ല. പലപ്പോഴും കാശിനു പകരം ലോട്ടറികളൊക്കെയായിരുന്നു ടിപ്പ്.
അന്നും ഭക്ഷണം കഴിച്ച ശേഷം എല്ലാ വെയ്ട്രസുമാർക്കും ഓരോ ലോട്ടറി സിവേഡ് ടിപ്പായി നൽകി. ഫലം ഒരാഴ്ച കഴിഞ്ഞ് വരുന്ന ലോട്ടറികളായിരുന്നു അവയെല്ലാം. ഫലമെത്തിയപ്പോൾ എല്ലാവരും തങ്ങളുടെ ലോട്ടറികളിലെ നമ്പരുമായി ഒത്തുനോക്കി. മറ്റുള്ളവർക്കെല്ലാം നിരാശയായിരുന്നു ഫലം. എന്നാൽ റോണ്ടയെ ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചിരുന്നു. ഇന്നത്തെ മൂല്യമനുസരിച്ച് 72 കോടി രൂപ വരുന്ന വമ്പൻ ജാക്ക്‌പോട്ടാണ് റോണ്ടയ്ക്ക് അടിച്ചത്. ആവേശത്തിൽ റോണ്ട തുള്ളിച്ചാടി. പ്രശ്‌നങ്ങൾ തുടങ്ങുകയായിരുന്നു. ഹോട്ടലിലെ മറ്റു ജീവനക്കാരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയത്. തങ്ങൾക്കിടയിലെ അലിഖിത നിയമപ്രകാരം, ടിപ്പായി കിട്ടുന്ന വസ്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും റോണ്ടയുടെ സമ്മാനപ്പണം തുല്യമായി വീതംവയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുകയും കീഴ്‌ക്കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തു.
കീഴ്‌ക്കോടതി ഇതു ശരിവയ്ക്കുകയും സമ്മാനം വിഭജിക്കാൻ റോണ്ടയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റോണ്ട ഇതിനു വഴങ്ങിയില്ല. അലബാമയിലെ മേൽക്കോടതിയിൽ അവർ കേസിനു പോയി. റോണ്ടയുടെ വാദം പരിശോധിച്ച മേൽക്കോടതി അവരുടെ ഭാഗത്താണു ന്യായമെന്നു വിധിക്കുകയും പണം കൈവശം വയ്ക്കാൻ അനുവദിക്കുകയും ചെയ്തു.
ഇതങ്ങോട്ടു കഴിഞ്ഞപ്പോഴാണ് റോണ്ടയ്ക്കു ലോട്ടറി നൽകിയ എഡ്വേർഡ് സിവേഡ് കോടതിയിൽ കേസുമായെത്തിയത്. സമ്മാനം ലഭിച്ചാൽ തനിക്ക് ഒരു ട്രക്ക് വാങ്ങിത്തരാമെന്ന് റോണ്ട വാഗ്ദാനം ചെയ്തിരുന്നെന്നും ഇപ്പോഴത് നൽകാൻ വിസമ്മതിക്കുന്നുമെന്നുമായിരുന്നു വാദം. ഇതിന്റെ പിന്നാലെയും കുറേക്കാലം റോണ്ട കോടതി കയറി. ഒടുവിൽ ഇതും റോണ്ടയ്ക്ക് അനുകൂലമായി വന്നു.
തുടർന്നാണ് റോണ്ടയെ തട്ടിക്കൊണ്ടുപോയത്. ലോട്ടറി അടിച്ച സമയത്ത് വിവാഹമോചിതമായിരുന്നു റോണ്ട.സ്‌റ്റേസി മോർഗൻ എന്ന തന്റെ മുൻഭർത്താവുമായി 1997ലാണ് ഇവർ പിരിഞ്ഞത്. ലോട്ടറി അടിച്ചെന്നറിഞ്ഞ മോർഗൻ റോണ്ടയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. റോണ്ടയുടെ വാഹനം തടഞ്ഞുനിർത്തിയ ഇയാൾ അവരെ വിളിച്ചിറക്കി ഒരു ബോട്ടിൽ കയറ്റി, ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്തു കൊണ്ടുപോയി തടങ്കലിൽ വച്ചു. എന്നാൽ റോണ്ട രക്ഷപ്പെട്ടു.
ഇതിനു ശേഷം യുഎസ് ടാക്‌സ് അധികാരികളും റോണ്ടയ്ക്കു പിന്നാലെ വന്നു. ഇത്രയും തിക്താനുഭവങ്ങൾ ഉള്ളതിനാലാകാം റോണ്ട പിന്നീട് പൊതുധാരയിൽ നിന്ന് അകന്നു. തുടർക്കാലത്ത് റോണ്ട എവിടെയാണെന്ന് അറിയാൻ പലരും ശ്രമിച്ചെങ്കിലും ആർക്കും പറ്റിയില്ല. റോണ്ടയുടെ പണമൊക്കെ നഷ്ടമായെന്നും പിന്നീട് വീണ്ടും അവരൊരു തൊഴിലാളിയായെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട്.