വെപ്പുതാടി വച്ച് രാജ്യം ഭരിച്ച പെൺഫറവോ: ഈജിപ്തിന്റെ കരുത്തയായ ചക്രവർത്തിനി
Mail This Article
ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തയായ വനിത...വനിതകൾക്ക് അത്ര പ്രാതിനിധ്യമില്ലാതെയിരുന്ന ഈജിപ്ഷ്യൻ ഫറവോമാരുടെ ചരിത്രത്തിൽ അവർ ഉൾപ്പെട്ടതു തന്നെ ഹാത്ഷെപ്സുത്തിന്റെ ശക്തിക്കും വൈഭവത്തിനും തെളിവ്. മൂവായിരം വർഷത്തോളം നീണ്ട ഈജിപ്ഷ്യൻ ചരിത്രത്തിൽ അതിനു മുൻപ് വെറും രണ്ടു സ്ത്രീകൾ മാത്രമാണ് ഫറവോ സ്ഥാനം വഹിച്ചിട്ടുള്ളത്. 1457 വരെയായിരുന്നു ഹാത്ഷെപ്സുത്തിന്റെ ഭരണകാലം. പൊതുവെ ഈജിപ്തിന്റെ ചരിത്രത്തിലെ ശാന്തമായ കാലമായിരുന്നു അതെന്ന് ചരിത്രകാരൻമാർ അടയാളപ്പെടുത്തുന്നു. ഈ സമയം ധാരാളം നിർമാണപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തി. ലൂക്സറിലെ ഡെയ്ർ എൽ ബഹാരി ക്ഷേത്രമൊക്കെ ഇതിൽപെടും.
തുത്‌മോസ് ഒന്നാമൻ എന്ന പ്രശസ്തനായ രാജാവിന്റെയും അഹ്മോസ് റാണിയുടെയും മകളായിരുന്നു ഹാത്ഷെപ്സുത്. വളരെ പരാക്രമിയായ തുത്‌മോസ് ഒന്നാമൻ ഇന്നത്തെ സിറിയയും നൂബിയയുമൊക്കെ ഉൾപ്പെടുന്ന മേഖലകളിലേക്കു തന്റെ പടനയിച്ച് ഈജിപ്തിന്റെ വിസ്തൃതി കൂട്ടിയ ഭരണാധികാരിയാണ്. ഹാത്ഷെപ്സുത് എന്ന പേരിനർഥം പ്രഭുവനിത എന്നായിരുന്നു.
തുത്‌മോസ് ഒന്നാമനു ശേഷം തുത്‌മോസ് രണ്ടാമൻ ഭരണമേറ്റെടുത്തു. ഹാത്ഷെപ്സുത് തുത്‌മോസ് രണ്ടാമന്റെ ഭാര്യയുമായി. ഇവർക്ക് നെഫറൂറെ എന്ന രാജകുമാരിയാണു മകളായി ജനിച്ചത്. അതിനാൽ തന്നെ തുത്‌മോസ് രണ്ടാമന്റെ മരണശേഷം രാജ്യാധികാരം, അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയിലെ മകനായ തുത്‌മോസ് മൂന്നാമനു പോയി. എന്നാൽ തുത്‌മോസ് മൂന്നാമൻ അക്കാലത്തൊരു കുട്ടിയായിരുന്നു. ഈ കുട്ടിയുടെ സംരക്ഷണമേറ്റെടുത്ത് റീജന്റ് ഭരണാധികാരിയായാണ് ഹാത്ഷെപ്സുത് ഈജിപ്തിന്റെ അധികാരത്തിലേക്ക് കാലെടുത്തു വച്ചത്.
എന്നാൽ ചക്രവർത്തിനിയായിട്ടു കൂടി ഒരു സ്ത്രീയാണെന്ന കാരണത്താൽ പല കാര്യങ്ങളിലും ഹാത്ഷെപ്സുത് അവഗണന നേരിട്ടതായി ചരിത്രകാരൻമാർ പറയുന്നു. ഇതിനെ ചെറുക്കാനായി പുരുഷവേഷം കെട്ടാനും വെപ്പുതാടി വയ്ക്കാനും ഹാത്ഷെപ്സുത് തയാറായി എന്നാണു ധാരണ. അവരുടെ പേരിൽ പണിത ചില പ്രതിമകളിൽ ഇക്കാര്യങ്ങൾ കാണാം. എന്നാൽ കാലംമുന്നോട്ടു പോകവെ ഹാത്ഷെപ്സുത് ഈജിപ്തിൽ അധികാരമുറപ്പിച്ചു. തന്നെ ഉപാധികളില്ലാതെ അനുസരിക്കുന്നവർക്കു മാത്രം ശോഭനമായ ഭാവിയുണ്ടാകുമെന്ന് അവർ താക്കീത് നൽകി. ഇക്കാര്യങ്ങൾ ലൂക്സറിലെ ഡെയ്ർ എൽ ബഹാരി ക്ഷേത്രത്തിൽ എഴുതിവച്ചിട്ടുമുണ്ട്.
തന്റെ മുൻഗാമികളെക്കാൾ മികവുറ്റ നിർമാണപ്രവർത്തനങ്ങൾ ഹാത്ഷെപ്സുത് ഏറ്റെടുത്തു നടത്തിയിരുന്നു. ഈജിപ്ത് ആക്രമിച്ചു പിടിച്ച പുരാതന നൂബിയ, പുരാതന ക്ഷേത്രസമുച്ചയമായ കർണാക് തുടങ്ങിയിടങ്ങളിലൊക്കെ ഹാത്ഷെപ്സുത് പണികഴിപ്പിച്ച വൻനിർമിതികൾ കാണാം. അന്ന് ആഫ്രിക്കയിലെ പ്രധാന പ്രകൃതി സമ്പന്ന മേഖലയായ പുന്റുമായി (ഇന്നത്തെ എറിത്രിയ, എത്യോപ്യ ഉൾപ്പെടുന്ന പ്രദേശം) വൻ തോതിലുള്ള വ്യാപാരത്തിനു തുടക്കമിട്ടത് ഹാത്ഷെപ്സുത്താണ്. ഇത് അവരുടെ ഭരണകാലത്തെ ശ്രദ്ധേയമായ ഒരു വിജയമായി കണക്കാക്കപ്പെടുന്നു. പുന്റിൽ നിന്നും സുഗന്ധദ്രവ്യങ്ങളും ആനക്കൊമ്പും സ്വർണവും മറ്റും ഈജിപ്തിലേക്കു ധാരാളമായി എത്തിയത് ഈജിപ്തിന്റെ വ്യാപാരമേഖലയെ വിപുലപ്പെടുത്തി.
ഹാത്ഷെപ്സുത് 1457 ൽ അന്തരിച്ചു. അത്രനാൾ അവർ സംരക്ഷിച്ച തുത്‌മോസ് മൂന്നാമൻ പൂർണാധികാരങ്ങളോടെ ഫറവോയായി. തന്റെ വളർത്തമ്മയായ ഹാത്ഷെപ്സുത്തിന് ഉന്നത രീതിയിലുള്ള അന്തിമോപചാരങ്ങൾ പുതിയ ഫറവോ നൽകി. ഈജിപ്തിലെ പ്രസിദ്ധ രാജാക്കൻമാരുടെ കല്ലറകൾ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ദ കിങ്സിൽ ഹാത്ഷെപ്സുത്തിനും ഇടംകിട്ടി. എന്നാൽ ഹാത്ഷെപ്സുത്തിനെപ്പറ്റിയുള്ള മറ്റു ചരിത്രരേഖകളും അവരുടെ പ്രതിമകളുമൊക്കെ തുത്‌മോസ് മൂന്നാമൻ നശിപ്പിച്ചു കളഞ്ഞു. ഇതെന്തിനാകും എന്നുള്ളത് ഇന്നും ഒരു പിടികിട്ടാ രഹസ്യമാണ്.