അർജന്റീന-ഇംഗ്ലണ്ട് ഫുട്‌ബോൾ മത്സരങ്ങളെ കടുപ്പിച്ച യുദ്ധം! വിട്ടുകൊടുക്കുമോ ഫാക്‌ലൻഡ് ദ്വീപുകൾ
![argentina-england-football-falklands-conflict Representative image. Photo credit: stephen_ward/ istock.com](https://img-mm.manoramaonline.com/content/dam/mm/mo/children/padhipurra/images/2024/10/19/argentina-england-football-falklands-conflict.jpg?w=1120&h=583)
Mail This Article
സൂര്യനസ്തമിക്കാത്തതെന്ന് പേരുകേട്ട ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഗതകാല പ്രൗഡിയുടെ അടയാളങ്ങളാണ് ഇന്ന് ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറി എന്ന പേരിൽ ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ദ്വീപുകളും ദ്വീപസമൂഹങ്ങളും. ഇക്കൂട്ടത്തിൽപെട്ട ദ്വീപുകളായ ഷാഗോസ് ദ്വീപുകളുടെ കൈമാറ്റം അടുത്തിടെ നടന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നയതന്ത്രപരമായും പ്രതിരോധപരമായും വലിയ പ്രാധാന്യമുള്ള മേഖലയിലാണ് ഷാഗോസ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ദ്വീപുകൾ മൗറീഷ്യസിനു വിട്ടുകൊടുത്തെങ്കിലും ഇക്കൂട്ടത്തിലുള്ള ഡീഗോ ഗാർഷ്യ ദ്വീപിൽ സ്ഥിതി ചെയ്യുന്ന സൈനികത്താവളത്തിന്റെ നിയന്ത്രണം ബ്രിട്ടനും യുഎസും തുടരുമെന്നും ഉടമ്പടിയിലുണ്ട്.
![185076060 185076060](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
ഇതോടെ ശ്രദ്ധ മറ്റൊരു ദ്വീപക്കൂട്ടത്തിലേക്കും എത്തുകയാണ്. അർജന്റീനയുടെ തീരത്തിനു സമീപം അന്റാർട്ടിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാക്‌ലൻഡ് അഥവാ മാൽവിനാസ് ദ്വീപുകളിലേക്കാണ് ഇത്. ദീർഘകാലമായി അർജന്റീന തങ്ങളുടേതാണെന്ന് വാദിക്കുന്ന ദ്വീപുകളാണ് ഇവ. 4 പതിറ്റാണ്ട് മുൻപ് ഇതിന്റെ പേരിൽ അർജന്റീനയും ബ്രിട്ടനും തമ്മിൽ ഒരു യുദ്ധം പോലും നടന്നിരുന്നു. ഫാക്‌ലൻഡ് ദ്വീപുകൾ തങ്ങൾക്ക് വിട്ടുനൽകണമെന്ന ആവശ്യം അർജന്റീനയിൽ ശക്തമാണ്.
1982ലാണ് അർജന്റീനയും ബ്രിട്ടനുമായി യുദ്ധം നടന്നത്. ദ്വീപ് പിടിച്ചടക്കാനായി അർജന്റീന സൈന്യം ഫാക്‌ലൻഡിൽ എത്തി ആക്രമണം നടത്തി. രണ്ടരമാസം നടന്ന യുദ്ധത്തിൽ നൂറോളം സൈനികർ ഇരുപക്ഷത്തും മരിച്ചു. ഒടുവിൽ ബ്രിട്ടൻ യുദ്ധം വിജയിച്ചു. എന്നാൽ അർജന്റീനയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ ഇതു വലിയ വിള്ളൽ വീഴ്ത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഫുട്‌ബോൾ മത്സരങ്ങളിൽ പോലും പ്രത്യേകമായ ഒരു വീറും വാശിയുമുണ്ട്. അതിന് ഫാക്‌ലൻഡ് സംഭവം ഒരു കാരണമാണ്.
![458252727 458252727](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
എന്നാൽ ഷാഗോസ് വിട്ടുകൊടുത്തതു പോലെ ഫാക്‌ലൻഡ് ബ്രിട്ടൻ വിട്ടുനൽകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വെറും 4000 പേരാണ് ഈ ദ്വീപിൽ താമസിക്കുന്നത്. ദ്വീപുകളുടെ സംരക്ഷണം ബ്രിട്ടൻ തുടർന്നും നടത്തുമെന്ന് ഫാക്‌ലൻഡ് ഗവർണർ അലിസൻ ബ്ലേക്ക് ഷാഗോസ് കൈമാറ്റത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്നു.