പ്രാചീന ഈജിപ്ത് മായ്ക്കാൻ ശ്രമിച്ച ചരിത്രം! ദുരൂഹതകൾ ശേഷിപ്പിച്ച അഖേനാറ്റെൻ

Mail This Article
ഈജിപ്ത്..കാലങ്ങളോളം നീണ്ട ചരിത്രമുള്ള രാജ്യം. ഈജിപ്തെന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ആകാശത്തേക്കുയർന്നു നിൽക്കുന്ന പിരമിഡുകളും ഇവിടെ നിന്നു കണ്ടെടുത്തപ്പെട്ടിട്ടുള്ള മമ്മികളുമൊക്കെയാണ്. ഈജിപ്തിൽ നിന്നു കണ്ടെത്തിയ ഏറ്റവും പ്രശസ്തമായ മമ്മി കൗമാരചക്രവർത്തി തൂത്തൻ ഖാമുന്റേതാണ്. എന്നാൽ അദ്ദേഹത്തിന്റെ പിതാവായ അഖേനാറ്റെനും ഈജിപ്തിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. പൗരാണിക ഈജിപ്ത് ആ ചരിത്രം മായ്ക്കാൻ ശ്രമിച്ചിരുന്നു എന്നറിയുമ്പോഴാണ് നിഗൂഢതകൾ തുടങ്ങുന്നത്.
ഈജിപ്തിലെ 18ാം സാമ്രാജ്യത്തിലെ ഫറവോയായിരുന്നു അഖേനാറ്റെൻ. അമുൻഹോട്ടെപ്പ് നാലാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. ഈജിപ്തിലെ ഫറോവയായിരുന്ന അമുൻഹോട്ടെപ്പ് മൂന്നാമന്റെ മകനായിരുന്നു അദ്ദേഹം. ക്ലിയോപാട്ര കഴിഞ്ഞാൽ ഈജിപ്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ വനിതയായ നെഫർറ്റിറ്റിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അഖേനാറ്റെനു മറ്റൊരു ഭാര്യയിലുണ്ടായ മകനാണു തൂത്തൻ ഖാമനെന്നു പരക്കെ കരുതിപ്പോരുന്നു.
അഖേനാറ്റെൻ അധികാരമേറ്റെടുത്ത കാലത്ത് അദ്ദേഹത്തിന്റെ പതിനെട്ടാം രാജവംശം ഇരുന്നൂറു വർഷം പിന്നിട്ടിരുന്നു. സിറിയ മുതൽ സുഡാൻ വരെ ആ സാമ്രാജ്യം വ്യാപിച്ചു കിടന്നു. 1353 ബിസി മുതൽ 1335 ബിസി വരെ അദ്ദേഹം ഈജിപ്ത് ഭരിച്ചു. അക്കാലത്തെ ഈജിപ്തിലെ മതവിശ്വാസം അമുൻ റാ എന്ന ദേവനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ദേവൻമാരുടെയെല്ലാം അധിപനായ അമുൻ റായ്ക്ക് നിരവധി ആരാധനാലയങ്ങളും അവിടെയുണ്ടായിരുന്നു.
എന്നാൽ അഖേനാറ്റെൻ പതിയെ ഏറ്റെൻ എന്ന ദേവസങ്കൽപത്തിന്റെ ഭക്തനായി മാറി. അമുൻഹോട്ടെപ്പ് എന്ന പേര് മാറ്റി അഖേനാറ്റെൻ എന്നാക്കിയതു പോലും അതിന്റെ ഭാഗമായിരുന്നു. വിശ്വസ്തൻ എന്നാണ് ആ പേരിന്റെ അർഥം. സൂര്യപ്രകാശത്തിന്റെ ദേവനായ ഏറ്റെനെ ചുറ്റിപ്പറ്റി ഒരു ആരാധനാസമ്പ്രദായം അഖേനാറ്റെൻ ഉയർത്തിക്കൊണ്ടു വന്നു. അതിനെ ഈജിപ്റ്റിലെ ഏറ്റവും പ്രബലമായ മതമാക്കി അദ്ദേഹം മാറ്റുകയും ചെയ്തു. മതവിശ്വാസത്തിലെ ഈ മാറ്റം കലാരീതികളിലും പ്രതിഫലിച്ചു. അതുവരെ തീബ്‌സ് എന്ന പൗരാണിക നഗരമായിരുന്നു പതിനെട്ടാം രാജവംശത്തിന്റെ തലസ്ഥാനം. അഖേനാറ്റെൻ ഇതുമാറ്റി. അമാർണ എന്ന പുതിയൊരു തലസ്ഥാനനഗരം അദ്ദേഹം പണികഴിപ്പിച്ചു. ഏറ്റെന്റെ പേരിൽ ഒരു വലിയ ആരാധനാലയം ഈ നഗരത്തിലുണ്ടായിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഭരണകാലത്ത് അമാർണ ഒരു വൻനഗരമായി മാറി.
എന്നാൽ അഖേനാറ്റെന്റെ കാലത്ത് സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങി. സാമന്തൻമാരായിരുന്ന നാട്ടുരാജാക്കൻമാർ കൂറ് വിട്ട് പുതിയ സൗഹൃദങ്ങൾ തേടി. സൈന്യാധിപൻമാർക്കും അഖേനാറ്റെനിനോട് വിരോധമായിരുന്നു. അമുൻ റായുടെ ആരാധകരായിരുന്ന പരമ്പരാഗത പുരോഹിതരും രാജാവിനോട് ഈർഷ്യ പുലർത്തി. 17 വർഷം രാജ്യാധികാരം കൈയാളിയ ശേഷം അഖേനാറ്റെൻ അന്തരിച്ചു. മരണകാരണം ഇന്നും അവ്യക്തമാണ്. കുറച്ചുകാലം അഖേനാറ്റെന്റെ വിശ്വസ്തനായ സ്‌മെൻഖാരെ പിന്നീട് ഈജിപ്ത് ഭരിച്ചു. അതിനു ശേഷം അഖേനാറ്റെന്റെ മകനെന്നു ചരിത്രകാരൻമാർ വിശ്വസിക്കുന്ന തൂത്തൻ ഖാറ്റെൻ അധികാരമേറ്റെടുത്തു. ഏറ്റെന്റെ പ്രതിരൂപം എന്നായിരുന്നു തൂത്തൻ ഖാറ്റെൻ എന്ന പേരിനർഥം.
എന്നാൽ അപ്പോഴേക്കും ഏറ്റെനെ അടിസ്ഥാനപ്പെടുത്തിയുള്ള മതത്തിന്റെ സ്വാധീനം ഈജിപ്തിൽ കുറഞ്ഞു. അമുൻ റായുടെ ആരാധന തിരികെയെത്തി. തൂത്തൻ ഖാറ്റെനും പിതാവിന്റെ മതം ഉപേക്ഷിച്ച് പരമ്പരാഗത ആരാധനാക്രമത്തിൽ മടങ്ങിയെത്തി. തന്റെ പേര് തൂത്തൻ ഖാമുൻ എന്നാക്കി മാറ്റി. അമുൻ റായുടെ പ്രതിരൂപം എന്നർഥം. പിന്നീടുള്ള ഈജിപ്ഷ്യൻ ചരിത്രവും സംസ്‌കാരവും അഖേനാറ്റെനിനെ പാടെ അവഗണിച്ചു. തങ്ങളുടെ മതവിശ്വാസം തകർത്ത ഒരു രാജാവെന്ന നിലയിൽ അദ്ദേഹത്തിന്‌റെ ഓർമകളും പേരും അവർ മായ്ച്ചുകളഞ്ഞു. തൂത്തൻ ഖാമുന്റെ കല്ലറ കണ്ടെത്തിയ ശേഷമാണ് അഖേനാറ്റെനിനെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ തുടങ്ങിയത്.