കെനിയയ്ക്ക് സമീപം ഒരു ദുരൂഹ കപ്പൽ- വാസ്കോ ഡി ഗാമയുടേതാകാമെന്ന് പഠനം
Mail This Article
ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ തകർന്ന കപ്പൽ 500 വർഷം മുൻപ് പോർച്ചുഗീസ് നാവികൻ വാസ്‌കോ ഡി ഗാമ നടത്തിയ അവസാന യാത്രയിൽ ഉൾപ്പെട്ടതാകാമെന്ന് ഗവേഷകരുടെ പഠനം. ഇതു സ്ഥിരീകരിക്കാനായി കൂടുതൽ തെളിവുകൾ സമാഹരിക്കുകയാണ് ശാസ്ത്രജ്ഞർ. കെനിയൻ പട്ടണമേഖലയായ മലിന്ദിക്കു സമീപം 2013ൽ ആണ് ഈ കപ്പൽചേതം കണ്ടെത്തിയത്. 1524ൽ മുങ്ങിയ സാവോ ജോർജ് എന്ന ഗാമയുടെ വ്യൂഹത്തിലെ കപ്പൽ ആകാമെന്നാണ് ഇപ്പോൾ ഗവേഷകർ കരുതുന്നത്. തീരത്തിന് അരക്കിലോമീറ്റർ അകലെയും 6 മീറ്റർ താഴ്ചയിലുമാണ് കപ്പൽ നിലകൊള്ളുന്നത്. ഗാമ നടത്തിയ മൂന്നാമത്തേതും അവസാനത്തേതുമായ ഇന്ത്യൻ യാത്രയിൽ ഉൾപ്പെട്ട കപ്പലായിരുന്നു സാവോ ജോർജ്.
ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ വാസ്കോ ഡി ഗാമയല്ല, എന്നാൽ ആധുനികത നേടിയ യൂറോപ്പിൽ നിന്ന് ആദ്യം ഇന്ത്യയിലെത്തിയ സഞ്ചാരി ഗാമയാണ്. ഗാമയുടെ കാലഘട്ടത്തിൽ ഇന്ത്യയെന്നാൽ യൂറോപ്പുകാരെ സംബന്ധിച്ച് വലിയൊരു സ്വപ്നഭൂമിയായിരുന്നു. കച്ചവടക്കാർ തമ്മിൽ കൈമാറിക്കിട്ടിയ കഥകളും ഭാവനകളും ഒരു പറുദീസയുടെ ചിത്രം ഇന്ത്യയെക്കുറിച്ച് അവരുടെ മനസ്സിൽ സൃഷ്ടിച്ചു. സുഗന്ധദ്രവ്യങ്ങളും സ്വർണവും രത്നങ്ങളും വിവിധയിനം ഫലവർഗങ്ങളുമൊക്കെ നിറഞ്ഞ സുവർണഭൂമി.
1492ൽ ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യ തേടി യാത്ര തുടങ്ങി. എന്നാൽ അമേരിക്കൻ വൻകരയിലെത്താനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ഇന്ത്യയിലെത്താൻ കൊതിച്ച സഞ്ചാരികളിൽ ഗാമയാണ് ആദ്യം ലക്ഷ്യം തേടിയത്. 1498 മെയ് 20 നാണു ഗാമയുടെ ആഗമനം. 1460ലാണു ഗാമയുടെ ജനനം. പോർച്ചുഗലിലെ സൈൻസിൽ ഒരു പ്രഭുകുടുംബത്തിൽ എസ്റ്റീവോ എന്ന കടൽസഞ്ചാരിയുടെ മകനായി. ഇരുപതാംവയസ്സിൽ ഗാമ പോർച്ചുഗീസ് നാവികസേനയിൽ ചേർന്നു. കടൽയാത്ര എന്നത് ഗാമയെ സംബന്ധിച്ച് ഒരു വികാരമായിത്തീരാൻ അധികസമയം വേണ്ടിവന്നില്ല. 1487ൽ പോർച്ചുഗീസ് പര്യവേക്ഷകൻ ബാർത്തലോമോ ഡയസ്, ഇന്ത്യൻ, അറ്റ്ലാന്റിക് സമുദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണെന്നു കണ്ടെത്തി. ഇതു വാസ്തവമെങ്കിൽ ആഫ്രിക്കയുടെ തെക്കേ മുനമ്പിൽ എത്തി ചുറ്റി സഞ്ചരിച്ചാൽ ഇന്ത്യയിലെത്താമെന്നു ഗാമ കണക്കുകൂട്ടി. ഈ കണക്കു ശരിയായിരുന്നു.
1497ൽ സെന്റ് ഗബ്രിയേൽ എന്ന ഇരുന്നൂറു ടൺ ഭാരമുള്ള കപ്പലിലാണു ഗാമ പോർച്ചുഗലിൽ നിന്നു പുറപ്പെട്ടത്. തൊട്ടുപിന്നിൽ അകമ്പടിയായി, സെന്റ് റാഫേൽ എന്ന കപ്പലിൽ ഗാമയുടെ ഇളയ സഹോദരൻ പാവ്‌ലോയുമുണ്ടായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തിനു സമാന്തരമായി സഞ്ചരിച്ച്, ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ് ഓഫ് ഗുഡ് ഹോപ് ചുറ്റി മൊസാംബിക്കിലെത്തിയ ഗാമ അവിടെയുള്ളവരുമായി ആശയവിനിമയം നടത്തി. അതിൽ ചിലർ ഇന്ത്യയിലേക്കു യാത്ര നടത്തിയിട്ടുള്ള അറബ് വംശജരായിരുന്നു. താൻ ശരിയായ ദിശയിലാണു പോകുന്നതെന്നും ഇന്ത്യയിൽ ഉടനടി എത്തുമെന്നും ഗാമ കണക്കുകൂട്ടി.
1498 ഏപ്രിൽ 7നു ഗാമയുടെ കപ്പൽ മൊംബാസയിലെത്തി. ഇന്നത്തെ കെനിയ ഉൾപ്പെടുന്ന പ്രദേശമായിരുന്നു അത്.ഇവിടെവച്ച് ഗുജറാത്ത് മേഖലയിൽ നിന്നുള്ള ഒരിന്ത്യക്കാരനെ ഗാമ കണ്ടെത്തി. അദ്ദേഹത്തിനു കോഴിക്കോട്ടേക്കുള്ള വഴിയറിയാമായിരുന്നു. അയാളെയും ഗാമ തന്റെ കപ്പൽ സംഘത്തിൽ ഉൾപ്പെടുത്തി. തുടർന്ന് ഇരുപതിലധികം ദിവസങ്ങളെടുത്ത യാത്രയ്ക്കു ശേഷം ഗാമ അറബിക്കടൽ വഴി കോഴിക്കോട്ട് എത്തിച്ചേർന്നു.കോഴിക്കോട്ടെത്തിയ ശേഷം അവിടം ഭരിച്ചിരുന്ന സാമൂതിരി രാജാവായ മാനവിക്രമനെ ഗാമ സന്ദർശിച്ചു. കോഴിക്കോട്ടു നിന്നു തുണിയും സുഗന്ധദ്രവ്യങ്ങളും കച്ചവടം ചെയ്യാൻ അദ്ദേഹം ഗാമയെ അനുവദിച്ചു.
ആദ്യയാത്രയിൽ തന്നെ കോഴിക്കോട്ടു നിന്നും ധാരാളം സുഗന്ധദ്രവ്യങ്ങളും പട്ടുതുണികളുമായാണ് ഗാമ മടങ്ങിയത്. ഇവ വിറ്റ് തന്റെ യാത്രയ്ക്കു ചെലവായതിന്റെ നാലിരട്ടി പണം ഗാമയുണ്ടാക്കിയെന്നു ചില ചരിത്രകാരൻമാർ പറയുന്നു. തിരിച്ചെത്തിയ ഗാമ കപ്പൽ യാത്രക്കാർക്കിടയിലെ സൂപ്പർസ്റ്റാറായി. പോർച്ചുഗൽ രാജാവ് വീണ്ടും ഗാമയെ ഇന്ത്യയിലേക്കയച്ചു.
തന്റെ മൂന്നാം ഇന്ത്യൻ യാത്രയിൽ കോഴിക്കോട്ടു വച്ചാണ് ഗാമ അന്തരിച്ചത്. പുതിയ കടൽമാർഗം പരീക്ഷിക്കുകയും പ്രചരിപ്പിക്കുകയും വഴി പോർച്ചുഗൽ മുതൽ ബ്രിട്ടൻ വരെയുള്ള ശക്തികൾക്ക് ഇന്ത്യയിലേക്കു വഴിതുറക്കുക കൂടിയാണു ഗാമ ചെയ്തത്.പിൽക്കാലത്ത് ഇന്ത്യയുടെ കൊളോണിയൽ വാഴ്ച വരെ നീണ്ട സംഭവവികാസങ്ങളിലെ നിർണായക ഏട്.