ADVERTISEMENT

വരണ്ടതും വിരളമായി മാത്രം സസ്യജാലങ്ങൾ വളരുന്നതും അതിവിശാലവുമായ ഒരു ഭൂപ്രദേശത്തിന്റെ ചിത്രമാണ് മരുഭൂമി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുക. 25 സെന്റിമീറ്ററിൽ താഴെ മാത്രം വാർഷിക വർഷപാതം ലഭിക്കുന്ന പ്രദേശങ്ങളെയാണ് സാധാരണയായി മരുഭൂമികൾ എന്ന് വിളിക്കാറുള്ളത്. ഉപേക്ഷിക്കപ്പെട്ട എന്ന് അർഥം വരുന്ന ഡെസർട്ടം എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഡെസേർട്ട് എന്ന പദത്തിന്റെ ഉദ്ഭവം തന്നെ. മരുഭൂമികളെ സംബന്ധിച്ച ശാസ്ത്രീയ പഠനശാഖയാണ് എറെമോളജി. (eremology). 

2 തരം
സ്വഭാവങ്ങൾക്കനുസരിച്ച് ശീതമരുഭൂമികൾ എന്നും ഉഷ്ണമരുഭൂമികൾ എന്നും ഇവയെ തിരിച്ചിട്ടുണ്ട്.  ധ്രുവ– മിതോഷ്ണ പ്രദേശങ്ങളിലെ പർവതങ്ങളിലും പീഠഭൂമികളിലും വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്ന, അതിശൈത്യമനുഭവപ്പെടുന്ന പ്രദേശങ്ങളാണ് ശീതമരുഭൂമികൾ. വരണ്ട, വളരെ ഉയർന്ന പകൽ താപനിലയുള്ള, രാത്രി താപം വളരെ കുറവുള്ള പ്രദേശങ്ങളാണ് ഉഷ്ണമരുഭൂമികൾ. 150 മുതൽ 300 വരെ അക്ഷാംശങ്ങൾക്കിടയിൽ ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറു ഭാഗത്തായാണ് ഇവ കാണപ്പെടുന്നത്. 

ഥാർ
ഇന്ത്യയിലെ അതിവിശാലമായ ഉഷ്ണമരുഭൂമിയാണ് രാജസ്ഥാ
നിലെ ഥാർ മരുഭൂമി അഥവാ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട്’. ഥാർ മരുഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗത്ത് സത്‌ലജ് നദീതടമാണ്. തെക്കുഭാഗത്ത് റാൻ ഓഫ് കച്ചും കിഴക്ക് അരാവലി പർവതനിരകളും പടിഞ്ഞാറുഭാഗത്ത് സിന്ധു നദീതടവുമാണ്. വരണ്ട സമതലം അഥവാ യഥാർഥ മരുഭൂമി മേഖലയായ മരുസ്ഥലി, അർധ മരുഭൂമി മേഖലയായ രാജസ്ഥാൻ ബാഗർ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി ഥാറിനെ 2 ഭാഗമായി തരംതിരിച്ചിട്ടുണ്ട്. അരാവലി പർവതത്തിൽ നിന്ന് ഉദ്ഭവിച്ച് ഗുജറാത്തിലെ റാൻ ഓഫ് കച്ച് മേഖലയിലേക്ക് ഒഴുകുന്ന ഇവിടത്തെ പ്രധാന നദിയായ ലൂണി ഉൾപ്പെടെ എല്ലാം ഹ്രസ്വകാല നീരൊഴുക്കുള്ള നദികളാണ്.

കാലം മാറിവരും
അപവഹന, അപഘർഷണ, നിക്ഷേപണ പ്രക്രിയകളിലൂടെ  രൂപംകൊള്ളുന്ന വിവിധ ഭൂരൂപങ്ങളാണ് ഥാർ മരുഭൂമിയിലുള്ളത്. ഇന്ത്യയിലെ മറ്റ് ഭൂപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായിട്ടാണെങ്കിലും ശൈത്യകാലവും വേനൽക്കാലവും രണ്ടു മൺസൂൺ കാലങ്ങളും ഥാറിലും അനുഭവപ്പെടാറുണ്ട്. അതിവിശാലമായ മണൽ പരപ്പുകളാണ് ഥാറിന്റെ മുഖമുദ്രയെങ്കിലും മണൽ നിറഞ്ഞ മരുഭൂമി മണ്ണ് അഥവാ വരണ്ടമണ്ണ് എന്നറിയപ്പെടുന്ന മണ്ണിനവും ചിലയിടങ്ങളിൽ കാണപ്പെടുന്നു. 

ആവാസം കഠിനം
മറ്റ് ആവാസ വ്യവസ്ഥകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് മരുഭൂമിയിലെ ആവാസ വ്യവസ്ഥ. ഇവിടെ കാണപ്പെടുന്ന സസ്യ- ജീവിവർഗങ്ങൾക്ക് മറ്റ് ആവാസ വ്യവസ്ഥകളിൽ നിലനിൽക്കാൻ സാധിക്കുകയില്ല. പ്രത്യേകതരം പ്രാണികളും ഉരഗവർഗങ്ങളും ഇവിടെയുണ്ട്. മരുഭൂമി ആവാസ വ്യവസ്ഥക്ക് മികച്ച ഉദാഹരണമാണ് ഥാർ മരുഭൂമയിലെ ജീവിതം. അരാവലി പർവതത്തിന്റെ സ്ഥാനം, ഉയർന്ന ബാഷ്പീകരണത്തോത്, വരണ്ട കാറ്റുകൾ തുടങ്ങിയവയാൽ വല്ലപ്പോഴും മാത്രമാണ് ഥാർ മരുഭൂമിയിൽ മഴ ലഭിക്കുന്നത്.

ജീവികൾ ഒട്ടേറെ
ഒട്ടകം, ചുവന്ന കുറുക്കൻ, തേൾ, കീരി, ചിങ്കാരമാൻ, ഇന്ത്യൻ ബസ്റ്റാർഡ്, ബ്ലാക്ക് ബക്ക്, കാട്ടുപൂച്ച തുടങ്ങിയ ജീവികളെ ഉൾക്കൊള്ളുന്നു. മരുഭൂമികളുടെ മുഖമുദ്രയായ മുൾച്ചെടികളും കുറ്റിക്കാടുകളുമാണ് ഥാറിലെയും പ്രധാന സസ്യവർഗങ്ങൾ. പലതരത്തിലുള്ള കള്ളിമുൾച്ചെടികൾ നമുക്ക് അലങ്കാരസസ്യങ്ങളാണ്. എന്നാൽ ഇവിടത്തെ സ്വാഭാവിക സസ്യങ്ങളാണിവ. കിഴക്കൻ കുന്നുകളിൽ വരൾച്ചയെ പ്രതിരോധിക്കുന്ന അറബിക് അക്കേഷ്യയും യൂഫോർബിയയും വളരുന്നു.

അതിജീവന കല
ലഭ്യമായ ജലസേചന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചോളവും തിനയും പരുത്തിയുമെല്ലാം ഥാർ മരുഭൂമിയിലെ ജനങ്ങൾ കൃഷി ചെയ്യുന്നു. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്ന രാജസ്ഥാൻ കനാൽ പദ്ധതി ഇവർക്ക് വലിയൊരു അനുഗ്രഹം തന്നെയാണ്. കൃഷിയിൽ മാത്രമല്ല മൃഗപരിപാലനത്തിലും ഖനനത്തിലും ഊർജോൽപാദനത്തിലും എല്ലാം ഇവരും ഏർപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളിലും ലാഭമുണ്ടാക്കുന്ന വിധമാണ് ഇവിടത്തെ വിനോദസഞ്ചാര മേഖല സംവിധാനം  ചെയ്തിരിക്കുന്നത്.

English Summary:

Survival in the Sand: How Plants and Animals Thrive in the Thar Desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com