ലോകത്തെ ഏറ്റവും പഴക്കമേറിയ ആവാസവ്യവസ്ഥ; മഴക്കാടുകൾ

Mail This Article
ഉയരം കൂടിയ, ഇടതൂർന്ന മരങ്ങളുള്ള, വർഷം മുഴുവൻ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളാണു മഴക്കാടുകൾ. വൈവിധ്യം നിറഞ്ഞതും ലോകത്തെ ഏറ്റവും പഴക്കമേറിയതുമായ ആവാസവ്യവസ്ഥ (Ecosystem) ആണിത്. ഭൂമിയിലെ പകുതിയിലധികം സസ്യങ്ങളുടെയും ജന്തുക്കളുടെയും വീടാണു മഴക്കാടുകളെങ്കിലും ആകെ വിസ്തൃതിയുടെ 2–6% മാത്രമേ ഇവയ്ക്ക് അവകാശപ്പെടാനുള്ളൂ.
അന്റാർട്ടിക്ക ഒഴികെ ബാക്കി 6 ഭൂഖണ്ഡങ്ങളിലും മഴക്കാടുകളുണ്ട്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ കാടാണ് ഏറ്റവും വലിയ മഴക്കാട്. ഏകദേശം 6.7 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണു വിസ്തൃതി. ബ്രസീൽ, ബൊളീവിയ, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, സുരിനാം, വെനസ്വേല, ഫ്രഞ്ച് ഗയാന എന്നിവയാണ് 9 രാജ്യങ്ങൾ. 7.8 ലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയുള്ള കോംഗോ ബേസിൻ ആണു രണ്ടാമത്തെ വലിയ മഴക്കാട്. ആഫ്രിക്കയിലെ 6 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ന്യൂഗിനി ദ്വീപ് മഴക്കാടാണ് വലുപ്പത്തിൽ മൂന്നാമത്. 3.03 ലക്ഷം ചതുരശ്ര മൈലാണ് ഇതിന്റെ വിസ്തൃതി.
വടക്കേ അമേരിക്കയിൽ പസിഫിക് സമുദ്രത്തിന്റെ വടക്കു പടിഞ്ഞാറുള്ള തണുപ്പേറിയ നിത്യഹരിത വനങ്ങളും യൂറോപ്പിന്റെ വടക്കുഭാഗത്തുള്ള നിത്യഹരിത വനങ്ങളും (Evergreen Forest) മഴക്കാടുകളായാണു പരിഗണിക്കുന്നത്.
എന്തുകൊണ്ട് സംരക്ഷിക്കണം
ജൈവ വൈവിധ്യങ്ങളുടെ (Biodiversity) കലവറയായ മഴക്കാടുകൾ പ്രകൃതിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ സഹായകരമാണ്. ചുറ്റുമുള്ള മുഴുവൻ പ്രദേശങ്ങളുടെയും താപനില, മഴയുടെ ലഭ്യത എന്നിവയെ സ്വാധീനിക്കുന്നു. ഭൂമിയിലെ ഔഷധങ്ങളുടെ നാലിലൊന്നും ഇവിടെ കാണപ്പെടുന്നതിനാൽ ഭൂമിയുടെ ഫാർമസി എന്നും വിളിപ്പേരുണ്ട്.
പ്രധാനമായും 2 തരം മഴക്കാടുകൾ
1) ഉഷ്ണമേഖല / ട്രോപ്പിക്കൽ മഴക്കാട് (Tropical rain forest)
പേരു സൂചിപ്പിക്കുന്നതുപോലെ ഭൂമധ്യരേഖയുടെ (Equator) അടുത്ത് ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്നു. തെക്കേ അമേരിക്ക, പടിഞ്ഞാറൻ ഇന്ത്യ, പടിഞ്ഞാറൻ ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ തുടങ്ങിയ ഇടങ്ങളിൽ 180–250 സെന്റീമീറ്റർ മഴ ലഭിക്കുന്ന ഇടം. ലോകത്തിലെ പകുതിയിലധികം ജീവജാലങ്ങൾ (Species) കാണപ്പെടുന്നു.
ഉദാ: ആമസോൺ മഴക്കാട്
(ഏകദേശം 40,000 തരത്തിലുള്ള സസ്യജാലങ്ങളും 1300 തരം പക്ഷികളും ഇവിടെയുണ്ട്.
2) മിതോഷ്ണ മഴക്കാടുകൾ (Temperate Rain Forest)
ഉഷ്ണമേഖലാ പ്രദേശങ്ങളെക്കാൾ ചൂട് കുറഞ്ഞ സ്ഥലങ്ങളിൽ കാണപ്പെടുന്ന മഴക്കാടുകൾ. മധ്യ അക്ഷാംശങ്ങൾക്കുള്ളിലെ തീരപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും കാണപ്പെടുന്ന മഴക്കാടുകൾ ഉദാഹരണം. ചിലി, നോർവേ, ജപ്പാൻ, യുകെ, ന്യൂസീലൻഡ്, ഓസ്ട്രേലിയയുടെ തെക്കുഭാഗം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. 140 സെ.മീ. മഴ ലഭിക്കുന്നയിടം.
ഭീഷണി ഒട്ടേറെ
വളരുന്ന ലോകത്തിനൊപ്പം തളർച്ചയിലേക്ക് നീങ്ങുകയാണ് മഴക്കാടുകൾ. അനിയന്ത്രിത വ്യവസായവൽക്കരണം, (Industrialisation) കൃഷിയുടെ വ്യാപനം തുടങ്ങിയ കാരണങ്ങൾ കൊണ്ട് മഴക്കാടുകൾ നാശത്തിന്റെ വക്കിലാണ്. ആമസോൺ കാടുകളിലെ അനിയന്ത്രിതമായ തീപിടിത്തത്തിന്റെ വാർത്തകൾ കൂട്ടുകാരും കേട്ടിരിക്കുമല്ലോ.
1) Emergent Layer (ഉയർന്ന പാളി)
മരങ്ങളുടെ ഉയരം 60 മീറ്റർ വരെ.
ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഉയർന്ന അളവിൽ പ്രകാശസംശ്ലേഷണം നടക്കുന്ന പാളി. വവ്വാലുകൾ, കഴുകൻ, ചിലതരം പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവ കാണപ്പെടുന്നു. ബ്രസീലിയൻ നട്ട് മരം, കപ്പോക്ക് മരം എന്നിവ ഇവിടത്തെ മരങ്ങളിൽ ചിലതാണ്.
2) Canopy Layer (മേലാപ്പ്)
കൂടുതൽ പച്ചപ്പുള്ള പാളി. താഴെയുള്ള പാളികൾക്ക് ഒരു മേൽക്കൂര തീർത്ത് നിൽക്കുന്ന മരങ്ങൾ. 30 മുതൽ 45 മീറ്റർ വരെയാണ് മരങ്ങളുടെ ഉയരം. കാറ്റും മഴയും സൂര്യപ്രകാശവും താഴെയുള്ള പാളികളിലേക്ക് കടക്കാതെ തടഞ്ഞു വയ്ക്കുന്നു. അത്തി (Fig) പോലുള്ള മരങ്ങൾ ഉദാഹരണം. ഏറ്റവും കൂടുതൽ മൃഗങ്ങൾ വസിക്കുന്ന പാളി കൂടിയാ ണിത്. കുരങ്ങുകൾ, മക്കാവു, സ്ലോത്ത്, തേനീച്ചകൾ തുടങ്ങിയവ കാണപ്പെടുന്നു.
3) Understory Layer (താഴ്നില)
ഇരുണ്ട പാളി, ഉയരം കുറഞ്ഞ ചെടികൾ, ഓർക്കിഡ് പോലുള്ളവ. ഇതിലെ പഴങ്ങളും വിത്തുകളും കഴിക്കാൻ കൊള്ളാവുന്നവയാണ്. (ബെറികൾ ഉദാഹരണം) ജാഗ്വർ, ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായ മാംബ എന്നിവയൊക്കെ കാണപ്പെടുന്നു.