അഭ്രപാളിയിലേക്കെത്തുന്നു ആ അനശ്വരസൗന്ദര്യം! ഈജിപ്തിന്റെ മഹാറാണിയായ ക്ലിയോപാട്ര
Mail This Article
ലോകത്തിലെ ഏറ്റവും പ്രശസ്തരായ ചരിത്രവനിതകളിൽ മുൻനിരയിലുണ്ട് ക്ലിയോപാട്രയുടെ സ്ഥാനം. ചരിത്രത്തിൽ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായാണ് ഈജിപ്ഷ്യൻ റാണി ക്ലിയോപാട്ര അറിയപ്പെടുന്നത്. ക്ലിയോപാട്രയുടെ കഥ പലപ്പോഴും സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. ഇപ്പോഴിതാ ക്ലിയോപാട്രയുടെ കഥ അടിസ്ഥാനപ്പെടുത്തി പുതിയൊരു സിനിമ ഹോളിവുഡിൽ ഒരുങ്ങുന്നുണ്ടെന്നാണു വിവരം. വണ്ടർവുമൺ സിനിമകളിലൂടെ ശ്രദ്ധേയയായ നായിക ഗാൽ ഗഡോട്ടായിരിക്കും ഇതിൽ ക്ലിയോപാട്രയാകുന്നത്. മൊറോക്കോയിലായിരിക്കും ചിത്രീകരണമെന്നും വിവരമുണ്ട്.
അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 323 മുതൽ റോമിന്റെ ഈജിപ്ത് പിടിച്ചടക്കൽ നടന്ന ബിസി 30 വരെയുള്ള കാലയളവിലാണ് ഗ്രീസിൽ വേരുകളുള്ള മാസിഡോണിയൻ രാജവംശം ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തിൽപെടുന്ന ടോളമി പന്ത്രണ്ടാമന്റെ മകളായിട്ടായിരുന്നു ബിസി 69ൽ ക്ലിയോപാട്രയുടെ ജനനം. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവർ യുദ്ധം ചെയ്തിരുന്നു.
അക്കാലത്ത് ഈജിപ്തിലെത്തിയ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി ക്ലിയോപാട്ര സ്നേഹത്തിലായിരുന്നു. ഈജിപ്തിൽ അധികാരം വീണ്ടുമുറപ്പിക്കാൻ സീസർ ക്ലിയോപാട്രയ്ക്ക് പിന്തുണ നൽകി. ജൂലിയസ് സീസർ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു. സീസറിന്റെ മരണത്തിനു ശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം കഴിച്ചു. എന്നാൽ ജൂലിയസ് സീസറുടെ അനന്തരവനായ ഒക്ടേവിയനുമായുള്ള യുദ്ധങ്ങൾ മാർക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു. ഒടുവിൽ ആക്ടിയം കടൽയുദ്ധത്തിൽ മാർക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നിൽ പരാജയപ്പെട്ടു. തുടർന്ന് ക്ലിയോപാട്രയുടെ രാജധാനിയായ അലക്സാൻഡ്രിയ നഗരവും ഒക്ടേവിയൻ അധീനതയിലാക്കി.
ഇതോടെ മാർക്ക് ആന്റണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയും പിന്നീട് ഇതേ രീതിയിൽ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തെന്നാണ് പ്ലൂട്ടാർക്കിനെപ്പോലുള്ള ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ക്ലിയോപാട്രയുടെ കല്ലറ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അലക്സാൻഡ്രിയ നഗരത്തിലെവിയെടോ അല്ലെങ്കിൽ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നു. തപോസിരിസ് മാഗ്നയിലാകാനുള്ള സാധ്യതയും ചരിത്രകാരൻമാർ പങ്കുവച്ചിരുന്നു. ഈജിപ്തിലെ പ്രമുഖ ദേവതയായിരുന്ന ഓസിരിസിന്റെ ആരാധനാലയമാണ് തപോസിരിസ് മാഗ്ന. അലക്സാണ്ടറുടെ പടയോട്ടത്തിനു ശേഷം ഈജിപ്തിൽ താവളമുറപ്പിച്ച ഗ്രീക്ക് വംശജരായ രാജകുടുംബാംഗങ്ങൾ ഓസിരിസിനെ ആരാധിച്ചിരുന്നു.