ആകാശവീട്ടിൽ ഒത്തിരിക്കാലം
Mail This Article
63 വർഷം മുൻപായിരുന്നു മനുഷ്യൻ ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയത്. 1961 ഏപ്രിൽ12ന് സോവിയറ്റ് പൗരൻ യൂറി ഗഗാറിൻ വോസ്റ്റോക് 1 പേടകത്തിൽ ആദ്യമായി ഭൂമിയെ വലംവച്ചു. മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിന്റെയും താമസത്തിന്റെയും തുടക്കമായിരുന്നു അത്. 108 മിനിറ്റ് ആയിരുന്നു ഗഗാറിൻ ബഹിരാകാശത്ത് ഉണ്ടായിരുന്നത്. തുടർന്ന് മനുഷ്യർ വർഷങ്ങളോളം അവിടെ താമസിച്ചു. അതിപ്പോഴും തുടരുന്നു. ചന്ദ്രനിലും ചൊവ്വയിലും അതിനും അപ്പുറത്തും സ്ഥിരതാവളങ്ങൾ നിർമിച്ച് ബഹിരാകാശപ്രവാസിയാകാനുളള മനുഷ്യന്റെ റിഹേഴ്സലുകളാണ് ഇപ്പോഴത്തെ ബഹിരാകാശവാസം. ആദ്യകാലബഹിരാകാശവാസം പേടകങ്ങളിലായിരുന്നു. അൽപകാലമാണ് അതിൽ കഴിയാനാകുന്നത്. പേടകസഞ്ചാരം മനുഷ്യനെ ചന്ദ്രനിൽ വരെ എത്തിച്ചു.
ഉപഗ്രഹവീടുകൾ
ബഹിരാകാശ നിലയങ്ങളാണു ഭൂമിക്കു പുറത്ത് മനുഷ്യരുടെ നീണ്ടവാസം സാധ്യമാക്കിയത്. ലിയോ (LEO-Low Earth Orbit)യിലൂടെ ഭീമൻ ഉപഗ്രഹം പോലെ നിലയം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. വീടിന്റേതിനു സമാനമായ സൗകര്യം അതിലുണ്ട്. ഉപഗ്രഹവീടുകൾ എന്നു പറയാം. ശുചിമുറിയും ഫിറ്റ്നസ് സെന്ററും ഉറക്കറയും ഒക്കെ അതിലുണ്ട്. ശാസ്ത്രപഠനങ്ങൾക്കു ലാബും. ആഹാരവും വെള്ളവും ഭൂമിയിൽ നിന്ന് എത്തിക്കും. ബഹിരാകാശ വിനോദസഞ്ചാരികളുടെ റിസോർട്ട് കൂടിയാണ് നിലയം എന്നു പറയാം. രണ്ടുനിലയങ്ങളാണ് ഇപ്പോൾ ബഹിരാകാശത്തുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയവും (ഐഎസ്എസ്) ചൈനയുടെ ടിയാങ്ഗോങും (Tiangong). കൂടുതൽ പേർക്ക് ബഹിരാകാശത്ത് ആതിഥ്യമരുളിയ റെക്കോർഡ് ഐഎസ്എസിനാണ്.
22 രാജ്യങ്ങളിൽ നിന്നുള്ള 279 പേർ സന്ദർശിച്ചതായാണ് 2024ലെ കണക്ക്.
ആദ്യ താമസക്കാർ
1971 ജൂൺ 7നാണ് ആദ്യമായി ഒരു ബഹിരാകാശനിലയത്തിൽ മനുഷ്യവാസം തുടങ്ങുന്നത്. ആ വർഷം ഏപ്രിൽ 19ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സല്യൂട്ട് 1ൽ. ആദ്യത്തെ ബഹിരാകാശ നിലയം കൂടിയാണിത്. ഗ്രിഗറി ഡൊബ്രോവോൾസ്കി, വ്ലാഡിസ്ലാവ് വോൾകോവ്, വിക്ടർ പട്സയേവ് എന്നിവർ 23 ദിവസം അതിൽ താമസിച്ചു. താമസം കഴിഞ്ഞ് ഭൂമിയിലേക്ക് മടങ്ങുമ്പോൾ 1971 ജൂൺ 29ന് സോയൂസ് 11പേടകത്തിന്റെ സാങ്കേതികതകരാർ കാരണം മൂന്നുപേരും മരിച്ചു. ബഹിരാകാശ സഞ്ചാരത്തിലെ ആദ്യമരണമായിരുന്നു അത്. ദുരന്തത്തെ തുടർന്ന് നിലയം പ്രവർത്തനം നിർത്തി.
1971 ഒക്ടോബർ 11ന് ഭൗമാന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കുമ്പോൾ നിലയം കത്തിയമർന്നു.
സ്കൈലാബ്
നീണ്ട കാലം ബഹിരാകാശവാസം സാധ്യമാണെന്ന് ആദ്യം തെളിയിച്ചത് നാസയുടെ സ്കൈലാബാണ്. 1973 മേയ് മുതൽ 1974 ഫെബ്രുവരി വരെ 171 ദിവസമായിരുന്നു ഇതിൽ മനുഷ്യവാസം. വർഷങ്ങൾ നീളുന്ന ബഹിരാകാശ പ്രവാസം തുടങ്ങുന്നത് 1986 ഫെബ്രുവരി 20ന് സോവിയറ്റ് യൂണിയൻ മിർ ബഹിരാകാശനിലയം വിക്ഷേപിച്ചതോടെയാണ്.
വലേറി പോൾയാകോവ്
കൂടുതൽ കാലം തുടർച്ചയായി ബഹിരാകാശത്ത് താമസിച്ചത് വലേറി പോൾയാകോവാണ്.
റഷ്യൻ ബഹിരാകാശ സഞ്ചാരിയായ പോൾയാകോവ് 1994 മുതൽ 1995 വരെ 437 ദിവസവും 18 മണിക്കൂറും തുടർച്ചയായി മിർ നിലയത്തിൽ താമസിച്ചു.
ഒലേഗ് കോണോനെൻകോ
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം വസിച്ച് റെക്കോർഡ് ഇട്ടത് റഷ്യൻ ബഹിരാകാശ സഞ്ചാരിയായ ഒലേഗ് കോണോനെൻകോ ആണ്. 5 തവണ ഐഎസ്എസിൽ 1110 ദിവസവും 14 മണിക്കൂറും 57 മിനിറ്റുമാണ് ചെലവഴിച്ചത്. 2024 ഫെബ്രുവരി 4നാണ് ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് താമസിച്ച ഗന്നഡി പദാൽകയുടെ റെക്കോർഡ് കോണോനെൻകോ തകർത്തത്.
ഇവരെയും ഓർക്കാം
ഒരുവർഷത്തിലേറെ ബഹിരാകാശത്ത്
താമസിച്ച മറ്റുചിലരെ പരിചയപ്പെടാം.
എല്ലാം റഷ്യക്കാർ.
ബിഎഎസ് വരുന്നു
ബഹിരാകാശനിലയവാസികളിൽ ഇന്ത്യക്കാരില്ല. അതിന് 2035ൽ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇന്ത്യ വിക്ഷേപിക്കാനിരിക്കുന്ന ബഹിരാകാശ നിലയമാണ് ബിഎഎസ്. അൽപകാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യക്കാരനാണ് രാകേഷ് ശർമ. സോയൂസ് ടി-11സോവിയറ്റ് പേടകത്തിൽ 1984 ഏപ്രിൽ 3ന് അദ്ദേഹം ബഹിരാകാശത്ത് എത്തി. 7 ദിവസവും 21 മണിക്കൂറും 40 മിനിറ്റും ഭൂമിയെ വലംവച്ചു.
പെഗി വിറ്റ്സൺ
കൂടുതൽ കാലം ബഹിരാകാശത്ത് വസിച്ച അമേരിക്കൻ വനിതയാണു പെഗി വിറ്റ്സൺ. 6 പ്രാവശ്യം 675 ദിവസം അവർ ഐഎസ്എസിൽ താമസിച്ചു. ഐഎസ്എസിന്റെ കമാൻഡറായ ആദ്യ വനിത, 2 തവണ കമാൻഡറായ ആദ്യ വനിത, ബഹിരാകാശത്ത് കൂടുതൽ നടന്ന വനിത എന്നീ നേട്ടങ്ങളും അവർക്കുണ്ട്.
ജഫ്രി വില്യംസ്
ബഹിരാകാശത്ത് കൂടുതൽ കാലം താമസിച്ച അമേരിക്കൻ പുരുഷനാണ് ജഫ്രി വില്യംസ്. 4 തവണ ഐഎസ്എസിൽ 534 ദിവസം.
യൂറി മലെഞ്ചെങ്കോ
ബഹിരാകാശത്ത് മൂന്നാമത് കൂടുതൽ കാലം താമസിച്ചു. 827 ദിവസവും 9 മണിക്കൂറും 20 മിനിറ്റും.
ബഹിരാകാശത്ത് വിവാഹിതനായ ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം. 2003 ഓഗസ്റ്റ് 10ന് ആയിരുന്നു വിവാഹം. മുഹൂർത്ത സമയത്ത് രണ്ട് പേരും ടെക്‌സസിലായിരുന്നു– വധു എകടേറിന ഡിമിട്രേവ ടെക്സസ് നഗരത്തിലും മലെഞ്ചെങ്കോ ഐഎസ്എസിൽ 390 കിലോമീറ്റർ മുകളിലും.
ഗന്നഡി പദാൽക
ബഹിരാകാശത്ത് രണ്ടാമത് കൂടുതൽ കാലം താമസിച്ച റഷ്യക്കാരനായ ഗന്നഡി പദാൽക ആണ്. മിറിലും ഐഎസ്എസിലും 878 ദിവസമാണ് പദാൽക താസസിച്ചത്. 4 പ്രാവശ്യം ഐഎസ്എസ് കമാൻഡറുമായിരുന്നു.
ബിഎഎസ് വരുന്നു
ബഹിരാകാശനിലയവാസികളിൽ ഇന്ത്യക്കാരില്ല. അതിന് 2035ൽ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇന്ത്യ വിക്ഷേപിക്കാനിരിക്കുന്ന ബഹിരാകാശ നിലയമാണ് ബിഎഎസ്. അൽപകാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യക്കാരനാണ് രാകേഷ് ശർമ. സോയൂസ് ടി-11സോവിയറ്റ് പേടകത്തിൽ 1984 ഏപ്രിൽ 3ന് അദ്ദേഹം ബഹിരാകാശത്ത് എത്തി. 7 ദിവസവും 21 മണിക്കൂറും 40 മിനിറ്റും ഭൂമിയെ വലംവച്ചു.