കുവൈത്തിനെ ലക്ഷ്യമിട്ട സദ്ദാം, ഇടപെട്ട അമേരിക്ക! പടർന്നിറങ്ങിയ ഒന്നാം ഗൾഫ് യുദ്ധം
Mail This Article
ഒന്നാം ഗൾഫ് യുദ്ധത്തിന്റെ 34ാം വാർഷികമാണ് ഈ ജനുവരിയിൽ കടന്നു പോകുന്നത്. 1988ൽ 8 വർഷമായി തുടർന്നിരുന്ന ഇറാൻ-ഇറാഖ് യുദ്ധം അമേരിക്കയുടെ ഇടപെടൽ മൂലം വെടി നിർത്തലിലെത്തി. 1990 പകുതിയോടെ ഇരു രാജ്യങ്ങളും തമ്മിൽ സമാധാനത്തിനു വേണ്ടിയുള്ള കൂടുതൽ ശ്രമങ്ങളും ഉടലെടുത്തു. ഇതോടെ നീണ്ട നാളുകളായി കലുഷിതമായിരുന്ന മധ്യ-പൂർവദേശ രാഷ്ട്രീയരംഗത്തിൽ ശാന്തി കൈവരുമെന്ന് എല്ലാ നിരീക്ഷകർക്കും പ്രതീക്ഷ കൈവന്നു. എന്നാൽ ഇതെല്ലാം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ തങ്ങളുടെ അയൽരാജ്യമായ കുവൈത്തിനെതിരെ രൂക്ഷവിമർശനവുമായി സദ്ദാം ഹുസൈൻ രംഗത്തെത്തി. കുവൈത്ത്-ഇറാഖ് അതിർത്തിയിലെ അൽ-റുമൈല എണ്ണപ്പാടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കുവൈത്ത് അനാവശ്യമായും നിയമവിരുദ്ധമായും എടുക്കുന്നുണ്ടെന്നായിരുന്നു ആരോപണം. പാശ്ചാത്യ രാജ്യങ്ങൾക്ക് കുറഞ്ഞ വിലയിൽ എണ്ണ വിറ്റ് ഇറാഖിനെ പ്രതിസന്ധിയിലാക്കാൻ കുവൈത്തും സൗദിയും ശ്രമിക്കുന്നെന്നും സദ്ദാം പറഞ്ഞു.
പറച്ചിലിനൊപ്പം തന്നെ സൈനികമായ മുന്നൊരുക്കങ്ങളും സദ്ദാം ആസൂത്രണം ചെയ്തു. ഇറാഖ്-കുവൈത്ത് അതിർത്തിയിൽ വൻ രീതിയിൽ ഇറാഖ് സൈന്യം തമ്പടിക്കാൻ തുടങ്ങി. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതി. 1990 ഓഗസ്റ്റ് രണ്ടിന് കുവൈത്തിൽ അധിനിവേശം നടത്താൻ സദ്ദാം തന്റെ സൈനികർക്ക് നിർദേശം നൽകി. അറബ് രാജ്യങ്ങളുടെ നായകത്വ പദവിയിലേക്ക് ഉയരാൻ ആഗ്രഹിച്ച സദ്ദാമിന് മറ്റ് അറബു രാജ്യങ്ങൾ തന്നെ പിന്തുണയ്ക്കുമെന്ന് ശക്തമായ വിശ്വാസമുണ്ടായിരുന്നെങ്കിലും അതു തെറ്റായിരുന്നു.
സീനിയർ ബുഷ് എന്നറിയപ്പെടുന്ന ജോർജ് എച്ച്.ഡബ്ല്യു. ബുഷായിരുന്നു അന്നത്തെ യുഎസ് പ്രസിഡന്റ്. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടക്കം മുതൽ തന്നെ ബുഷ് എതിർത്തു. ബ്രിട്ടനും, യുഎസിന്റെ എതിർചേരിക്കാരായ സോവിയറ്റ് യൂണിയനുമൊക്കെ ഇറാഖിനെതിരായിരുന്നു. ഓഗസ്റ്റ് മൂന്നിനു കുവൈത്തിൽ നിന്നു പിൻമാറാൻ യുഎൻ രക്ഷാസമിതി ഇറാഖിന് ശക്തമായ നിർദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.അഞ്ച് ദിവസങ്ങൾ കഴിഞ്ഞ് കുവൈത്തിനെ തങ്ങളുടെ പുതിയ പ്രവിശ്യയായി ഉൾപ്പെടുത്തി ഇറാഖ് വീണ്ടും പ്രകോപനം സൃഷ്ടിച്ചു.
ഇതോടെ മധ്യേ പൂർവ ദേശവും അറബ് മേഖലയും തിളച്ചുമറിഞ്ഞു. യുഎസ് ഫൈറ്റർ വിമാനങ്ങൾ സൗദിയിലേക്ക് എത്തിത്തുടങ്ങി. നാറ്റോ സൈനികരും അവിടേക്കെത്തി. ഇതിനിടെ കുവൈത്തിലുള്ള തങ്ങളുടെ സൈനികബലം ഇറാഖും ഉയർത്തി. മൂന്നു ലക്ഷത്തോളം സൈനികർ അവിടെയുണ്ടായിരുന്നു. 1990 നവംബർ അവസാനത്തോടെ ശക്തി ഉപയോഗിച്ചും ഇറാഖിനെ കുവൈത്തിൽ നിന്നു തുരത്താനുള്ള സമ്മതം യുഎൻ നൽകി. 1991 ജനുവരിയോടെ യുഎസ് നേതൃത്വത്തിൽ ഏഴര ലക്ഷം അംഗസംഖ്യയുള്ള സഖ്യസേന ഇതിനായി തയാറെടുപ്പ് തുടങ്ങി.
ജനുവരി 15, 1991 എന്ന തീയതിയായിരുന്നു ഇറാഖിനു യുഎൻ, കുവൈത്തിൽ നിന്നു പിന്മാറാനുള്ള അവസാന തീയതിയായി നൽകിയത്. ഇത് അനുസരിക്കാൻ സദ്ദാം കൂട്ടാക്കിയില്ല. തുടർന്ന് ജനുവരി 17നു കുവൈത്തിലെ ഇറാഖ് ക്യാംപുകളിൽ യുഎസിന്റെ നേതൃത്വത്തിൽ സഖ്യസേന ആക്രമണം തുടങ്ങി. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം എന്നു പിൽക്കാലത്ത് പ്രശസ്തമായ യുദ്ധം.
ഇറാഖി വ്യോമസേനയും താവളങ്ങളുമായിരുന്നു ആദ്യ ലക്ഷ്യം. പതിയെ ഇറാഖിലേക്കു കടന്നു ചെന്ന യുദ്ധത്തിൽ അവരുടെ ആയുധ നിർമാണ പ്ലാന്‌റുകളും എണ്ണഖനികളും ആശയവിനിമയ ശൃംഖലകളുമൊക്കെ സഖ്യസേന തകർത്തു. അത്യാധുനിക ക്രൂസ് മിസൈലുകളും ലേസർ നിയന്ത്രിത സ്മാർട് ബോംബുകളുമൊക്കെ ഉപയോഗിച്ചുള്ള പോരാട്ടത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പോലും ഇറാഖി സേന കഷ്ടപ്പെട്ടു.
വ്യോമസേനയുടെ തകർച്ച പൂർണമാക്കിയ ശേഷം സഖ്യസേനയുടെ ശ്രദ്ധ ഇറാഖിന്റെ കരസേനയുടെ നേർക്കു തിരിഞ്ഞു. കുവൈത്തിലെയും തെക്കൻ ഇറാഖിലെയും അവരുടെ കേന്ദ്രങ്ങളിൽ സഖ്യസേന ആക്രമണം ശക്തമാക്കി. പിന്തിരിയാൻ അവർ കുവൈത്തിൽ തമ്പടിച്ചിരുന്ന തങ്ങളുടെ സേനാംഗങ്ങൾക്കു നിർദേശം നൽകി. ഇറാഖിലെ ബസ്രയിൽ നിന്നു അതിർത്തിനഗരമായ സഫ്വാൻ വഴി കുവൈത്തിലേക്കു പോകുന്ന രാജ്യാന്തര ദേശീയപാതയായിരുന്നു ഹൈവേ 80. ഇതുവഴിയാണ് ഇറാഖി കരസേനയും അവരുടെ വാഹനങ്ങളും അധിനിവേശത്തിനായി കുവൈത്തിലേക്കു കടന്നത്. എന്നാൽ ഇവിടെ സഖ്യസേന കനത്ത ആക്രമണം നടത്തി നാശനഷ്ടങ്ങൾ വരുത്തി. താമസിയാതെ ഹൈവേ 80, മരണത്തിന്റെ ഹൈവേ എന്നർഥം വരുന്ന ഹൈവേ ഓഫ് ഡെത്ത് എന്ന പേരിൽ അറിയപ്പെട്ടു.
വാഹനക്കൂട്ടങ്ങളിലുണ്ടായിരുന്ന ആയുധശേഖരം നശിപ്പിക്കുക വഴി ഭാവിയിൽ യുദ്ധത്തിൽ ഏർപ്പെടുന്നതിൽ നിന്നു ഇറാഖിനെ തങ്ങൾ തടയുകയായിരുന്നു എന്നായിരുന്നു സഖ്യസേനയുടെ ന്യായം. ഏതായാലും ദിവസങ്ങൾക്കുള്ളിൽ തന്നെ സീനിയർ ബുഷ് വെടിനിർത്തൽ പ്രഖ്യാപിച്ച് യുദ്ധം അവസാനിച്ചതായി അറിയിച്ചു. ഇറാഖിനു കനത്ത നാശമുണ്ടാക്കിയ ഗൾഫ് യുദ്ധത്തിന്റെ സ്മാരകങ്ങളിലൊന്നായി മരണത്തിന്റെ ഹൈവേ മാറി.