ഡാവിഞ്ചിയുടെ നടക്കാതെ പോയ സ്വപ്നം; യുദ്ധത്തിൽ തകർന്ന കുതിരപ്രതിമ

Mail This Article
മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ പെയിന്റിങ്ങുകളുടെ സ്രഷ്ടാവെന്ന നിലയിൽ ലോകപ്രശസ്തനാണു ലിയണാഡോ ഡാവിഞ്ചി. എന്നാൽ അദ്ദേഹം ഏറെ സമയം ചെലവഴിച്ച ഒരു നിർമിതിക്ക് ദൗർഭാഗ്യകരമായ അവസാനമാണുണ്ടായത്. കുതിരപ്പുറത്തിരിക്കുന്ന ഒരു യോദ്ധാവിന്റെ പ്രതിമയായിരുന്നു അത്. ഏകദേശം 11 വർഷങ്ങളോളം ഈ പ്രതിമനിർമാണത്തിനു പിന്നാലെ ഡാവിഞ്ചി ചെലവഴിച്ചു.
1482ൽ മിലനിലെ ഡ്യൂക്ക് ആണ് ഈ പ്രതിമയുടെ ജോലി ഡാവിഞ്ചിയെ ഏൽപിച്ചത്. തന്റെ പിതാവായ ഫ്രാൻസെസ്‌കോ ഫോർസ കുതിരപ്പുറത്തിരിക്കുന്ന വെങ്കലപ്രതിയായിരുന്നു നിർമിക്കേണ്ടത്. ഇതിനായി 70 ടൺ വെങ്കലവും ഡ്യൂക്ക് ഇറക്കുമതി ചെയ്തു. ലിയണാഡോ ഡാവിഞ്ചി ഏറെക്കാലം ഇതിനായി ഗവേഷണം നടത്തി. പലതരം കുതിരകളുടെ ശരീരഘടനയും മറ്റും അദ്ദേഹം ഇതിനായി പഠിച്ചു. 26 അടി പൊക്കമുള്ള കുതിരപ്രതിമയായിരുന്നു ഡ്യൂക്ക് ലക്ഷ്യമിട്ടത്.
ഒടുവിൽ ഒരു വലിയ കളിമൺ മാതൃക അദ്ദേഹം നിർമിച്ചു. എന്നാൽ അപ്പോഴേക്കും ഫ്രഞ്ച് സൈന്യം മിലനിലെത്തി യുദ്ധം തുടങ്ങിയിരുന്നു. പ്രതിമയ്ക്കു വച്ചിരുന്ന വെങ്കലും പീരങ്കിനിർമാണത്തിനായി ഡ്യൂക്ക് നൽകി. കളിമൺ മാതൃക ഫ്രഞ്ച് സൈന്യം പിടിച്ചെടുക്കുകയും അത് ആയുധപരിശീലനത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഇതോടെ ഈ പ്രതിമ പൂർത്തീകരിക്കപ്പെടാതെ പോയി. വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭകളിൽ പ്രധാനിയാണ് ലിയണാഡോ ഡാവിഞ്ചി. ഒരേസമയം കലാകാരനും ശാസ്ത്രജ്ഞനും എൻജിനീയറും ചിന്തകനുമായിരുന്നു ഡാവിഞ്ചി. ലോകത്ത് ജീവിച്ച ബുദ്ധിജീവികൾ വേറിട്ട സ്ഥാനമാണ് ഡാവിഞ്ചി വഹിക്കുന്നത്.
മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ വിശ്വപ്രസിദ്ധ പെയ്ന്റിങ്ങുകളിലൂടെയാണു ഡാവിഞ്ചി ഏറെ പ്രശസ്തനെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ ചിത്രകാരനെന്നതിനപ്പുറമായിരുന്നു. മനുഷ്യ ശരീര ഘടനയെക്കുറിച്ചും പിൽക്കാലത്ത് മനുഷ്യരാശി യാഥാർഥ്യമാക്കിയ ബൈസിക്കിൾ, ഹെലിക്കോപ്റ്ററുകൾ, ടാങ്കുകൾ, വിമാനങ്ങൾ തുടങ്ങിയവയക്കുറിച്ചുമെല്ലാമുള്ള ആദിമകാല സ്‌കെച്ചുകൾ അദ്ദേഹത്തിന്റെ വിരലുകളിൽ പിറന്നു. അപാരമായ ബുദ്ധിശക്തിയും മാനസികശേഷിയും ഒത്തിണങ്ങളിയ ഡാവിഞ്ചി നവോത്ഥാന ശിൽപികളിലും പ്രമുഖനായിരുന്നു.
ഭൂഗുരുത്വബലം കണ്ടെത്തിയ ആളായി പറയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനെയാണ്. എന്നാൽ ന്യൂട്ടനും മുൻപ് തന്നെ ഡാവിഞ്ചി ഭൂഗുരുത്വബലം മനസ്സിലാക്കിയെന്ന് ഇടയ്ക്ക് ഗവേഷണമുണ്ടായിരുന്നു. ഒരു കുടത്തിൽ നിന്നു മണൽത്തരികൾ താഴേക്കിട്ടുള്ള ഗവേഷണത്തെക്കുറിച്ച് ഡാവിഞ്ചി വരച്ച സ്‌കെച്ചുകളാണ് ഗവേഷണത്തിന് ആധാരം. കോഡക്‌സ് അരുൻ്‌ഡ്രേൽ എന്ന ഡാവിഞ്ചിയുടെ കയ്യെഴുത്തു പുസ്തകത്തിലാണ് സ്‌കെച്ചുകൾ. ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ മണൽത്തരികൾ താഴേക്കു വീഴുന്നതിന്റെ ചലനങ്ങൾ ഡാവിഞ്ചി അടയാളപ്പെടുത്തി വയ്ക്കുകയും ഇതിനു പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് അദ്ഭുതപ്പെടുകയും ചെയ്‌തെന്ന് ഗവേഷണം നടത്തിയ വിദഗ്ധർ പറയുന്നു. എന്നാൽ ഇതെക്കുറിച്ച് ഒരു ഫോർമുല രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ല. ഒടുവിൽ ഡാവിഞ്ചി ആ ശ്രമം ഉപേക്ഷിച്ചെന്ന് വിദഗ്ധർ പറയുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ടസ്‌കൻ പട്ടണത്തിൽ സെർപിയറോ ഡാവിഞ്ചിയുടെയും കാറ്ററീന എന്ന പതിനഞ്ചുകാരിയായ അനാഥയുടെയും മകനായി ജനിച്ച ലിയണാഡോ അഞ്ചാം വയസ്സിൽ ഇറ്റലിയിൽ തന്നെയുള്ള വിൻസി പട്ടണത്തിലേക്കു താമസം മാറ്റി. 1519 മേയ് രണ്ടിന്, തന്റെ 67ാം വയസ്സിൽ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൃതശരീരം, ഡാവിഞ്ചി അവസാനകാലത്തു ജീവിച്ചിരുന്ന ഫ്രാൻസിലെ ലൂർ താഴ്വരയിലുള്ള സെയിന്റ് ഫ്‌ലോറന്റീൻ ചാപ്പലിലെ സെമിത്തിേരിയിൽ അടക്കിയെന്നാണു കരുതപ്പെടുന്നത്.