ലോകത്തിലെ ഏറ്റവും പ്രശസ്തമായ സെൽഫി സ്പോട്ട് ഈ നഗരത്തിലാണ്

Mail This Article
ക്യാമറ ഫോണുകൾ വ്യാപകമായതോടെ നമ്മുടെ ഇടയിലേക്കു കയറിപ്പറ്റിയ ഒരു ശീലമാണ് സെൽഫി. എവിടെയെങ്കിലും പോയാലോ ആരെയെങ്കിലും കണ്ടാലോ ഫോൺ എടുത്ത് ഉയർത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല പലർത്തും. ചിലർ വളരെയേറെ സമയം സെൽഫികളെടുക്കാനായി വിനിയോഗിക്കാറുണ്ട്. ലോകത്ത് തരംഗം സൃഷ്ടിച്ച ശീലങ്ങളിലൊന്നാണു സെൽഫിയെന്നു വ്യക്തം. സെൽഫികൾ എടുക്കുമ്പോൾ സ്വന്തം മുഖം മാത്രമല്ല, പശ്ചാത്തലത്തിലെ ലാൻഡ് മാർക്കുകളും പകർത്താൻ നമുക്ക് ഉത്സാഹമാണ്. ഇത്തരം സ്ഥലങ്ങൾ സെൽഫി സ്പോട്ടുകൾ എന്നറിയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സെൽഫി സ്പോട്ട് ഏതാണ്. ആളുകൾ സെൽഫിയെടുക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നയിടം. ആളുകളുടെ താൽപര്യങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ പൊതുവിൽ നിരീക്ഷകരെല്ലാം സമ്മതിക്കുന്ന ഒരു സെൽഫി സ്പോട്ടുണ്ട് ഒന്നാംസ്ഥാനത്ത്. ഫ്രാൻസിലെ പാരിസ് നഗരത്തിലുള്ള ഐഫൽ ടവർ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സെൽഫി സ്പോട്ടെന്ന് ഇതറിയപ്പെടുന്നു. ദുബായിലെ ബുർജ് ഖലീഫ, ഇന്ത്യയിലെ താജ്മഹൽ തുടങ്ങി കുറച്ചുകേന്ദ്രങ്ങളും ലോകത്തിന്റെ പ്രശസ്തമായ സെൽഫി സ്പോട്ടുകൾ തന്നെ.
എന്നാൽ സെൽഫിയെ അത്ര പ്രോത്സാഹിപ്പിക്കാത്ത ഇടങ്ങളുമുണ്ട്. സെൽഫി നമ്മൾ ഇറ്റലിയിലെ പോർട്ടോഫിനോ എന്ന വർണശബളമായ തീരദേശ പട്ടണത്തിൽ പോയി എടുത്താൽ...വലിയ വില കൊടുക്കേണ്ടി വരും. 302 യുഎസ് ഡോളറാണ് (ഏകദേശം 23,500 രൂപ) പോർട്ടോഫിനയിൽ സെൽഫിയെടുക്കുന്നവർക്ക് ലഭിച്ചേക്കാവുന്ന പിഴ. ഒരു പാട് വിനോദസഞ്ചാര സ്പോട്ടുകളുള്ള പോർട്ടോഫിനോയിലേക്ക് വേനൽക്കാലത്ത് സഞ്ചാരികൾ കൂട്ടമായി എത്തും. ഇവരിൽ പലരും സെൽഫിയെടുക്കാനായി കൂട്ടംകൂടി നിൽക്കുന്നതു മൂലം അനാവശ്യയമായ തിരക്ക് ഉടലെടുക്കുന്നതാണ് കനത്ത തുക പിഴയായി ചുമത്താൻ നഗരസഭാ അധികൃതരെ പ്രേരിപ്പിച്ചത്.രാവിലെ മുതൽ വൈകുന്നേരം ആറുമണിവരെയുള്ള സമയത്താണ് സെൽഫി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജർമനിയിലും പൊതുവെ സെൽഫിയോട് അത്ര പ്രതിപത്തിയില്ല.