മനുഷ്യനല്ല, ഡ്രാഗൺ ആണോയെന്ന് സംശയം! വിചിത്ര ചിന്തകളുള്ള ‘അതർകിൻ’

Mail This Article
നീയൊരു മനുഷ്യൻ തന്നെയാണോ എന്നൊക്കെ ദേഷ്യം വരുമ്പോൾ ചിലർ ചോദിക്കാറുണ്ട്. എന്നാൽ തങ്ങൾ മനുഷ്യരല്ലെന്നും വേറെയേതോ ജീവികളാണെന്നും ചിന്തിക്കുന്ന ചില മനുഷ്യർ ലോകത്തുണ്ട്. അതർകിൻ എന്നാണ് ഇവർ ഇവരെത്തന്നെ വിശേഷിപ്പിക്കുന്നത്. ഇവർ സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റ് കൂട്ടായ്മകളിലുമൊക്കെ സജീവമാണ്.
താനൊരു ഡ്രാഗണാണെന്നും കുറുക്കനാണെന്നും കുതിരയാണെന്നും കുറുനരിയാണെന്നുമൊക്കെ വിശ്വസിക്കുന്നവർ ഇവരിലുണ്ട്. ചിലർ ഒരു പടി കൂടി കടന്ന് ഭൂമിയിലല്ലാതെ മറ്റേതോ ഗ്രഹത്തിലെ ജീവിയാണെന്നു കരുതുന്നു. ഇക്കൂട്ടത്തിൽ ചിലരൊക്കെ ഒരുപടി കൂടി കടന്ന് മൃഗങ്ങളുടെ കോസ്റ്റ്യൂമുകളൊക്കെ വലിയ വില കൊടുത്തുവാങ്ങി അതിട്ടു നടക്കാറുണ്ട്.
ഇക്കൂട്ടത്തിൽ വളരെ പ്രശസ്തനാണ് ജപ്പാനിലെ ടോറു യുവേദ എന്ന യുവ എൻജിനീയർ. ചെന്നായയെപ്പോലെയാകാൻ 20 ലക്ഷം രൂപയാണ് ഇദ്ദേഹം ചെലവഴിച്ചത്.ചെന്നായയുടെ രൂപമുള്ള കോസ്റ്റ്യൂം ടോറുവിന് ലഭിച്ചത്. 2023ൽ ഇത് ധരിച്ചുകൊണ്ടു നിൽക്കുന്ന ടോറുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
സെപ്പറ്റ് വർക്ഷോപ് എന്ന കമ്പനിയാണ് ഇതു ഡിസൈൻ ചെയ്തത്. ഈ വിചിത്രവേഷം പൊതുവിടങ്ങളിലോ ഫാൻസി ഡ്രസിനോ ഒന്നും ടോറു ഉപയോഗിക്കാറില്ല. 32 വയസ്സുള്ള ടോറു ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം ഇതിലേക്കു മാറും. തനിക്ക് ശാന്തമായിരിക്കാനും തൊഴിലിടത്തിലെ സമ്മർദ്ദവും ടെൻഷനും മറക്കാനും ഈ കോസ്റ്റ്യൂം സഹായിക്കുന്നുണ്ടെന്നാണ് ടോറുവിന്റെ അഭിപ്രായം. ഇതു ധരിച്ച് കഴിഞ്ഞാൽ താൻ മനുഷ്യനല്ലെന്നു തോന്നുമെന്നും മനുഷ്യരുടേതായ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും താൽക്കാലികമായി മോചനം നേടുമെന്നും ടോറു പറയുന്നു. ജപ്പാനിൽ മറ്റൊരു വ്യക്തിക്കുവേണ്ടി ഒരു നായയുടെ കോസ്റ്റ്യൂമും സെപ്പറ്റ് രൂപകൽപന ചെയ്തു നിർമിച്ചു നൽകിയിരുന്നു.