പഞ്ചകൽപനകളിൽ ഒന്നായ കഷായം! ഉത്തരേന്ത്യക്കാരുടെ ക്വത്

Mail This Article
ആയുർവേദത്തിലെ പ്രധാനപ്പെട്ട മരുന്നുകളിലൊന്നാണു കഷായം. ഉത്തരേന്ത്യയിൽ കദ അല്ലെങ്കിൽ ക്വത് എന്നാണ് കഷായം അറിയപ്പെടുന്നത്. ഔഷധസസ്യങ്ങൾ വെള്ളത്തിൽ ശാസ്ത്രീയമായി തിളപ്പിച്ച് പലവിധ പ്രക്രിയകൾ ചെയ്താണു കഷായം തയാറാക്കുന്നത്. ആയുർവേദത്തിലെ പഞ്ചകൽപനകളിൽ (5 മരുന്നുത്പാദന രീതികൾ) പെടുന്നതാണു കഷായം. അനേകം രോഗങ്ങൾക്കു പല തരം കഷായങ്ങൾ ചികിത്സാവിധിയായി നൽകാറുണ്ട്. ജലദോഷം മുതൽ ശാരീരികാസ്വാസ്ഥ്യങ്ങൾ വരെ ഇക്കൂട്ടത്തിൽപെടും. പ്രതിരോധശക്തി മെച്ചപ്പെടുത്താനും കഷായം ഉപയോഗിക്കുന്നു.
ചരകസംഹിതയിൽ കഷായത്തെപ്പറ്റി വിശദമായി വർണിച്ചിട്ടുണ്ട്. ചാണക്യൻ കഷായത്തിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കിയിരുന്നെന്ന് പഠനങ്ങളുണ്ട്. പുരാതന ഇന്ത്യയിലെ രാജാവായിരുന്ന ഹർഷവർധനൻ രാജ്യത്തെ വിദ്യാർഥികൾക്ക് പ്രത്യേകമൊരു കഷായം നൽകാൻ ഉത്തരവിട്ടിരുന്നു. അവരുടെ മടിമാറ്റി ഊർജസ്വലരാക്കാനായിരുന്നു ഇത്. വാരണാദി കഷായം, മഞ്ജീടാദി കഷായം, ഇന്ദുകാന്ത കഷായം, നയോപായ കഷായം, അമൃതോത്തര കഷായം, ഗുൽഗുലുതിക്തം കഷായം, ഏലാകണാദി കഷായം, ഖദിരദശക കഷായം തുടങ്ങി അനവധി പ്രശസ്തമായ കഷായങ്ങൾ ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്നു.