2 കാര്യങ്ങൾ അറിഞ്ഞുപഠിച്ചാൽ എൽഎസ്എസ് പരീക്ഷയിൽ നേടാം ഫുൾ മാർക്ക്

Mail This Article
എൽഎസ്എസ് രണ്ടാം പേപ്പറിലെ എ വിഭാഗത്തിലാണ് പരിസര പഠനത്തിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിശദമായി ഉത്തരമെഴുതേണ്ട രണ്ടു ചോദ്യങ്ങളും (2X5=10 സ്കോർ) ഒറ്റവാക്യത്തിൽ ഉത്തരമെഴുതേണ്ട പത്തു ചോദ്യങ്ങളും (10X1=10 സ്കോർ) ഉണ്ടായിരിക്കും. ആകെ 20 സ്കോർ.
? ചോദ്യരീതി
5 സ്കോർ വീതമുള്ള ആദ്യത്തെ രണ്ടു ചോദ്യങ്ങൾ ചോദ്യക്കൂട്ടങ്ങളുടെ രൂപത്തിലായിരിക്കും. ഒരു പ്രധാന ചോദ്യവും അതിനോടനുബന്ധിച്ച് മൂന്നോ നാലോ ചോദ്യങ്ങളും ഉണ്ടായിരിക്കും. ഉപചോദ്യങ്ങളുടെ ഉത്തരം ഒരു വാക്കിലോ വാക്യത്തിലോ എഴുതാനുള്ളതായിരിക്കും. ഒരു സ്കോർ വീതമുള്ള വസ്തുനിഷ്ഠ ചോദ്യങ്ങളിൽ ഒറ്റവാക്കിൽ / വാക്യത്തിൽ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കും.
? ചോദ്യമേഖലകൾ
പഠിച്ച ശാസ്ത്ര വസ്തുതകൾ മറ്റൊരു നൂനത സന്ദർഭത്തിൽ എങ്ങനെ പ്രയോഗിക്കുന്നു എന്നതിന് ഊന്നൽ നൽകികൊണ്ടുള്ള ചോദ്യങ്ങളാണ് പൊതുവെ ചോദിക്കാനുള്ളത്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അധിക വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്താറുണ്ട്.
കേരളത്തെ അറിയണം
കേരളത്തിലെ ജില്ലകൾ, അവയുടെ സ്ഥാനം, ജില്ലകളുടെ ക്രമം, അയൽ ജില്ലകൾ, അയൽ സംസ്ഥാനങ്ങൾ, അതിരുകൾ, പ്രധാന നദികൾ, പർവതങ്ങൾ, ഭൂപ്രകൃതി വിഭാഗങ്ങൾ, വന്യമൃഗ സംരക്ഷണകേന്ദ്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഓർത്തിരിക്കണം. ഓരോ ജില്ലയിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളും അവയുടെ പ്രാധാന്യവും അറിഞ്ഞിരിക്കണം. പരിസരപഠനം പുസ്തകത്തിൽ 12 യൂണിറ്റുകളാണ് ഉള്ളത്. വയലും വനവും, ഇലയ്ക്കുമുണ്ട് പറയാൻ, സ്വാതന്ത്ര്യത്തിലേക്ക്, പക്ഷികളുടെ കൗതുക ലോകം, കലകളുടെ നാട്, മാനത്തേക്ക്, കല്ലായ്കാറ്റായ്, ഇന്ത്യയിലൂടെ എന്നീ യൂണിറ്റുകൾക്ക് ഊന്നൽ നൽകി പരിശീലനം നടത്തുന്നത് നന്നായിരിക്കും.
ദിക്കുകൾ ഓർക്കണം
വിദ്യാലയത്തിന്റെയോ ക്ലാസ്മുറിയുടെയോ പഞ്ചായത്തിന്റെയോ രേഖാചിത്രം തന്ന് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഭൂപടത്തിൽ ദിക്കുകൾ കൃത്യമായി അടയാളപ്പെടുത്താൻ അറിഞ്ഞിരുന്നാൽ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കഴിയൂ. ഭൂപടത്തിൽ/രേഖാചിത്രത്തിൽ ഉപയോഗിക്കുന്ന സൂചകങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഇന്ത്യയുടെ ഭൂപടം നോക്കി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാനം മനസ്സിലാക്കണം. അയൽ സംസ്ഥാനങ്ങൾ, അതിരുകൾ, അയൽ രാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങളും അറിഞ്ഞിരിക്കണം. കേരളം, ഇന്ത്യ എന്നീ ഭൂപടങ്ങൾ മനസ്സിൽ ഉണ്ടായിരിക്കണം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാമാന്യ അവബോധം പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളും ഉൾപ്പെടുത്താറുണ്ട്.
മാതൃകാചോദ്യങ്ങൾ
1. ഗർബ നൃത്തം ഇന്ത്യയിലെ ഏതു സംസ്ഥാനത്തിന്റെ തനത് കലാരൂപമാണ്?
A. പഞ്ചാബ്
B. ഗുജറാത്ത്
C. രാജസ്ഥാൻ
D. ഹരിയാന
2. താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
A. രാമച്ചം
B. തിന
C. തെങ്ങ്
D. പ്ലാവ്
3. ഒരു പ്രദേശത്തെ ജനങ്ങളുടെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നത് താഴെ പറയുന്നവയിൽ ഏതിന്റെ ചുമതലയാണ് ?
A. പൊലീസ് സ്റ്റേഷൻ
B. വിദ്യാലയം
C. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
D. വില്ലേജ് ഓഫീസ്
4. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
A. സി. രാജഗോപാലാചാരി – രാജാജി
B. സുഭാഷ് ചന്ദ്രബോസ് – നേതാജി
C. ബാലഗംഗാധര തിലക് – ലോകമാന്യ
D. രവീന്ദ്രനാഥ ടഗോർ – ദേശബന്ധു
5. ചുവടെ കൊടുത്തിരിക്കുന്നവയിൽ അശോക സ്തംഭത്തിൽ ഉൾപ്പെടാത്ത മൃഗം ഏത്?
A. സിംഹം
B. കടുവ
C. കുതിര
D. ആന
6. ധനുമാസത്തിലെ തിരുവാതിര നാളിൽ കേരളത്തിലെ സ്ത്രീകൾ നടത്തുന്ന നൃത്തരൂപം ഏത്?
A. മോഹിനിയാട്ടം
B. നങ്യാർകൂത്ത്
C. തിരുവാതിരകളി
D. കൂടിയാട്ടം
7. സൂര്യനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?
A. സൂര്യന് സ്വയം പ്രകാശമുണ്ട്
B. സൂര്യന്റെ ഉദയാസ്തമനം കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത്
C. സൂര്യൻ ഒരു നക്ഷത്രം ആണ്
D. സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണ്
8. അടുക്കളയിൽ മുറിച്ച പഴുത്ത ചക്കയുടെ മണം സ്വീകരണ മുറിയിൽ ഇരുന്നാൽ പോലും അറിയാം – അകത്തറുത്താൽ പുറത്തറിയാം. വായുവിന്റെ ഏതു പ്രത്യേകത കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
9. ഉദയസൂര്യനെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ വലതുഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത്?
10. പൂക്കോട് തടാകം ഏതു ജില്ലയിലാണ്?
11. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏത്?
12. ലോകത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് വിവരങ്ങൾ കൈമാറാനുള്ള സംവിധാനം ?13. പ്രഥമശുശ്രൂഷാദിനം എന്നാണ്?
14. ഗ്രാമപ്പഞ്ചായത്ത് വാർഡിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനായി അവിടത്തെ ജനങ്ങൾ ഒത്തുചേരുന്ന യോഗം ഏത് പേരിലാണ് അറിയപ്പെടുന്നത്
ഉത്തരങ്ങൾ
1. B, 2 D, 3. C, 4. D, 5. B, 6. C, 7. B, 8. വ്യാപന സ്വഭാവം, 9 തെക്ക്, 10. വയനാട്, 11. ഗുജറാത്ത്, 12. ഇന്റർനെറ്റ്,13. സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച, 14. ഗ്രാമസഭ