ADVERTISEMENT

ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായ ന്യൂയോർക്കിൽ  2024 ജൂലൈ 9ന് ചേർന്ന ജനറൽ അസംബ്ലിയുടെ തീരുമാന പ്രകാരം 2025 രാജ്യാന്തര സഹകരണ വർഷമായി പ്രഖ്യാപിച്ചു. സഹകരണ വർഷത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം 2024 നവംബർ 25 മുതൽ ന്യൂഡൽഹിയിൽ നടന്ന ആഗോള സമ്മേളനത്തിൽ നടന്നു. ‘സഹകരണ സംഘങ്ങൾ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു’ (Co operatives build a better world) എന്നതാണ്  രാജ്യാന്തര സഹകരണ വർഷത്തിന്റെ പ്രമേയം.

സഹകരണത്തിന്റെ പിതാവ്
1771 മേയ് 14ന് ബ്രിട്ടനിലെ വേൽസ് എന്ന ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച റോബർട്ട് ഓവനെ സഹകരണത്തിന്റെ പിതാവ് എന്ന് ലോകം വിശേഷിപ്പിക്കുന്നു. തുണിമിൽ തൊഴിലാളിയായി ജീവിതം ആരംഭിച്ച് മില്ലുടമയായി മാറിയ ആളാണ് ഓവൻ. തൊഴിലാളി ചൂഷണം ഏറെ അനുഭവിക്കുന്ന കാലത്ത് തന്റെ മില്ലിലെ തൊഴിലാളികൾക്ക് മികച്ച വേതനം അദ്ദേഹം നൽകി. തൊഴിൽ സമയവും കൃത്യമാക്കി. സംതൃപ്തരായ തൊഴിലാളികളെ സൃഷ്ടിക്കുകയും അവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്ത ഓവൻ, പരസ്പര സഹകരണത്തിലൂന്നിയ മാതൃക സൃഷ്ടിച്ച മാനേജ്മെന്റ് വിദഗ്ധൻ കൂടിയായിരുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.

റോച്ച്ഡെയ്ൽ  പയനിയേഴ്സ് 
വിലക്കയറ്റവും ചൂഷണവും ഏറെ നിലനിന്നിരുന്ന 19–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലണ്ടിലെ റോച്ച്ഡെയ്‌ലിലെ  ടോഡ് ലെയ്ൻ എന്ന തെരുവിൽ ലോകത്തെ തന്നെ ആദ്യത്തേത് എന്നു വിശേഷിപ്പിക്കാവുന്ന സഹകരണ മാതൃക രൂപംകൊണ്ടു. ഇവിടെയുള്ള ഏതാനും നെയ്ത്തുതൊഴിലാളികളും ചായപ്പണിക്കാരനും എ‍ൻജിനീയറും മരപ്പണിക്കാരനും രോമ വ്യവസായ തൊഴിലാളിയുമടങ്ങുന്ന 28 പേർ ഒരോ പൗണ്ട് മുടക്കി ഒരു കൺസ്യൂമർ സ്റ്റോർ തുടങ്ങി. സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു ലഭ്യമാക്കുകയായിരുന്നു ഈ സ്റ്റോറിന്റെ ലക്ഷ്യം. 1844 ഓഗസ്റ്റിൽ റജിസ്റ്റർ ചെയ്ത ഈ സ്റ്റോർ ഡിസംബർ 21ന് പ്രവർത്തനം തുടങ്ങി. റോബർട്ട് ഓവന്റെ ആശയങ്ങളായിരുന്നു ഈ സഹകരണ സംരംഭത്തിന് പ്രേരകമായത്. ഈ ഉദ്യമം വിജയമായതോടെ രാജ്യത്തെ നൂറുകണക്കിനു സ്ഥലങ്ങളിൽ ഇത്തരം സ്റ്റോറുകൾ രൂപീകരിക്കപ്പെട്ടു. റോച്ച്ഡെയ്ൽ   പയനിയേഴ്സ്   (റോച്ച്ഡെയ്ൽ  മാർഗദർശികൾ) എന്ന് പിന്നീട് ഇതറിയപ്പെട്ടു.

രാജ്യാന്തര തലത്തിൽ
ആഗോളതലത്തിൽ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനുമായി പ്രവർത്തിക്കുന്നത് രാജ്യാന്തര സഹകരണ സഖ്യമാണ് (International Co-operative Alliance). ഈ രംഗത്തെ തന്നെ മറ്റൊരു രാജ്യാന്തര സംഘടനയാണ് (The Committee for the Promotion and Advancement of Co-operatives (COPAC).

വ്യത്യസ്ത മേഖലകളിൽ
ഇന്ത്യയിലടക്കം ലോകത്ത് വ്യത്യസ്ത മേഖലകളിൽ സഹകരണ സ്ഥാപനങ്ങൾ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്നു. ഇവയിലെല്ലാം ഒരുപാടുപേർ ജോലി ചെയ്യുന്നു. ലോകത്ത് 30 ലക്ഷത്തോളം സഹകരണ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നു എന്നതാണ് കണക്ക്. ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നെയ്ത്ത്, കൺസ്യൂമർ, മത്സ്യം, പാൽ, പുസ്തക പ്രസാധനം, വ്യവസായം, ഭക്ഷ്യോൽപാദനം എന്നിങ്ങനെ നമ്മുടെ സഹകരണ പ്രസ്ഥാനം കടന്നുചെന്ന  മേഖലകൾ ഒട്ടേറെയാണ്.

നമുക്കു ചുറ്റും
നമ്മുടെ നാട്ടിലെല്ലാം ഒരു സഹകരണ ബാങ്കോ സൊസൈറ്റിയോ കാണാം. പാലും പാലുൽപന്നങ്ങളും ഐസ്ക്രീമുമെല്ലാം തരുന്ന മിൽമയും അമുലുമെല്ലാം സഹകരണ സ്ഥാപനങ്ങളാണ്. എൻബിഎസ്   എന്ന പുസ്തകശാല നടത്തുന്ന  സാഹിത്യ പ്രവർത്തക സഹകരണ സംഘം  ഈ മേഖലയിലെ പ്രസാധകരാണ്. 
ത്രിവേണിയടക്കമുള്ള സൂപ്പർമാർക്കറ്റുകൾ, സഹകരണ ആശുപത്രികൾ,  കോളജുകൾ അങ്ങനെ നീളുന്നു സഹകരണ മുന്നേറ്റം.

സഹകരണ തത്വങ്ങൾ
ലോകം അംഗീകരിച്ചതും സഹകരണ മേഖലയുടെ അടിസ്ഥാന പ്രമാണമായി കണക്കാക്കുന്നതുമായി സഹകരണ തത്വങ്ങൾക്ക് രൂപം നൽകിയത് രാജ്യാന്തര സഹകരണ സഖ്യമാണ്. 1937–ൽ പ്രഖ്യാപിച്ച സഹകരണ തത്വങ്ങൾ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തി നവീകരിച്ചിട്ടുണ്ട്. നിലവിലെ സഹകരണ തത്വങ്ങൾ ഇവയാണ്.
1. തുറന്നതും സ്വമേധയാ ഉള്ളതുമായ അംഗത്വം.
2. അംഗങ്ങളുടെ ജനാധിപത്യ നിയന്ത്രണം.
3. അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം.
4. സ്വയംഭരണവും സ്വാതന്ത്ര്യവും.
5. വിദ്യാഭ്യാസവും പരിശീലനവും വിജ്ഞാനവും.
6. സംഘങ്ങൾ തമ്മിലുള്ള സഹകരണം.
7. സമൂഹത്തോടുള്ള പ്രതിബദ്ധത.

English Summary:

From Rochdale Pioneers to Global Impact: The History & Future of Cooperatives. From Rochdale Pioneers to Global Impact: The History & Future of Cooperatives.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com