ബോക്സൈറ്റ് അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തുന്ന വ്യവസായം?

Mail This Article
യുഎസ്എസ് രണ്ടാം പേപ്പറിലെ സി വിഭാഗത്തിലാണു സാമൂഹ്യശാസ്ത്രത്തിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദിക്കുന്ന 20 ചോദ്യങ്ങളിൽ 15 എണ്ണത്തിന്റെ ശരിയുത്തരം മാത്രമേ മൂല്യനിർണയത്തിനു പരിഗണിക്കൂ. പരമാവധി സ്കോർ 15. ചോദ്യങ്ങൾക്ക് ഓപ്ഷൻ ഉണ്ടെങ്കിലും മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതുന്നതായിരിക്കും നല്ലത്. തെറ്റിയ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്ക് ഇല്ല.
ചോദ്യമേഖലകൾ
സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ 12 അധ്യായങ്ങളാണുള്ളത്. മധ്യകാല ഇന്ത്യ, ഭരണഘടന വഴിയും വഴികാട്ടിയും, നമ്മുടെ ഭൂമി, ഇന്ത്യൻ ഉപഭൂഖണ്ഡം, അധികാരം ജനങ്ങൾക്ക്, ബജറ്റ്, ഭൂമിയെ അറിയാൻ, ഭൂപടങ്ങളും ആധുനിക സങ്കേതങ്ങളും തുടങ്ങിയ പാഠഭാഗങ്ങൾക്ക് ഊന്നൽ നൽകി പരിശീലിക്കുക. ഭൂപട വിജ്ഞാനം നേടിയിരിക്കണം. കല, സാഹിത്യം, ആരോഗ്യ–കായിക വിഷയങ്ങളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉൾപ്പെടുത്തിയേക്കാം. പാഠഭാഗവുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളും പ്രതീക്ഷിക്കാം.
ഭരണഘടനയെക്കുറിച്ച് അറിയണം. ഇന്ത്യൻ ഭരണഘടനയുടെ 75–ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
മാതൃകാചോദ്യങ്ങൾ
1. ബോക്സൈറ്റ് അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തുന്ന വ്യവസായം ഏത്?
A. ചെമ്പ് വ്യവസായം B. അലൂമിനിയം
C. ഇരുമ്പുരുക്കു വ്യവസായം D. ഇന്ധന വ്യവസായം
2. താഴെക്കൊടുത്തിരിക്കുന്ന സൂചനകളിൽനിന്ന് വ്യക്തിയെ തിരിച്ചറിയുക.
∙ ലോകമെമ്പാടുമുള്ള അനേകായിരങ്ങളെ പട്ടിണിയിൽനിന്നു രക്ഷിച്ച ഹരിത വിപ്ലവത്തിന്റെ പിതാവ്.
∙ 1914 മാർച്ച് 25ന് അമേരിക്കയിൽ ജനിച്ചു.
∙ പട്ടിണിയിൽനിന്നുള്ള മോചനമാണ് സമാധാനത്തിലേക്കുള്ള ആദ്യപടിയെന്നു വിശ്വസിച്ചു.
∙ 1970ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.
A. എം. എസ്. സ്വാമിനാഥൻ
B. ഹർഗോവിന്ദ് ഖുറാന
C. നോർമൻ ഇ. ബോർലോഗ്
D. ജെ. സി. ബോസ്
3. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കുണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽ പാൾസി, ഓട്ടിസം, അസ്ഥി വൈകല്യങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ഡയാലിസിസും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സയുടെ ചെലവു വഹിക്കുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി?
A. താലോലം B. അഭയകിരണം
C. ആശ്വാസകിരണം D. സ്നേഹപൂർവം
4. ദേശീയ ഭരണഘടനാ ദിനം എന്ന്?
A. ജനുവരി 30 B. ജനുവരി 26
C. നവംബർ 14 D. നവംബർ 26
5. താഴെപ്പറയുന്നവയിൽ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്?
A. കെട്ടിട നികുതി B. തൊഴിൽ നികുതി
C. വിൽപന നികുതി D. ആദായ നികുതി
6. 1996ൽ കേരളത്തിൽ ആദ്യമായി ജനകീയാസൂത്രണം നടപ്പിലാക്കിയത് ഏതു മുഖ്യമന്ത്രിയുടെ കാലത്തായിരുന്നു?
A. ഇ. കെ. നായനാർ B. എ. കെ. ആന്റണി
C. കെ. കരുണാകരൻ D. ഉമ്മൻ ചാണ്ടി
7. സ്കൂൾ ബസിൽ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നത് എന്തിനാണ്?
A. ബസിന്റെ വേഗം നിയന്ത്രിക്കാൻ
B. ബസ് അപകടത്തിൽ പെടാതിരിക്കാൻ
C. ബസിന്റെ സ്ഥാനവും സഞ്ചാര ദിശയും സ്കൂളിലിരുന്ന് അറിയാൻ
D. സ്കൂൾ ബസാണെന്ന് പരിശോധകർക്ക് തിരിച്ചറിയാൻ
8. 2017 ജൂലൈ 1 മുതൽ ചരക്കു സേവന നികുതി (GST) നിലവിൽ വന്നത് ഏതു ഭരണഘടന ഭേദഗതി പ്രകാരമാണ്?
A. 73–ാം ഭേദഗതി B. 74–ാം ഭേദഗതി
C. 99–ാം ഭേദഗതി D. 101-ാം ഭേദഗതി
9. ഡച്ചുകാർ എന്നറിയപ്പെടുന്നത് ഏതു രാജ്യക്കാരാണ്?
A. ഫ്രാൻസ് B. ജർമനി
C. നെതർലൻഡ്സ് D. ഇറ്റലി
10. അക്ബറുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിതർ അറിയപ്പെടുന്നത്
A. അഷ്ടദിഗ്ഗജങ്ങൾ B. നവരത്നങ്ങൾ
C. അമരനായകന്മാർ D. അഷ്ടപ്രധാൻ
ഉത്തരങ്ങൾ
1. B 2. C 3. A 4. D 5. C 6. A 7. C 8. D 9. C 10. B