ശരാശരി പ്രായം 85.63! ലോകത്തിൽ ഏറ്റവും ആയുസ്സുള്ള സ്ഥലം ഇതാണ്

Mail This Article
ഹോങ്കോങ് എന്ന സ്ഥലം നമുക്കെല്ലാം സുപരിചിതമാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ നഗരം പലപ്പോഴും ലോകരാഷ്‌്ട്രീയത്തിന്റെ ശ്രദ്ധ നേടാറുമുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ശരാശരി ആയുസ്സുള്ള സ്ഥലം വേൾഡോമീറ്റേഴ്‌സ് എന്ന ഡേറ്റ അനാലിസിസ് വെബ്‌സൈറ്റിന്റെ വിവരം പ്രകാരം ഹോങ്കോങ്ങാണ്. 85.63 വയസ്സാണു ഹോങ്കോങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്തു ജപ്പാൻ. ദക്ഷിണ കൊറിയ, ഫ്രഞ്ച് പോളിനേഷ്യ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളെല്ലാം ആദ്യ പത്തിലുണ്ട്.
ഇന്ത്യയുടെ ശരാശരി ആയുസ്സ് വേൾഡോമീറ്റേഴ്‌സ് കണക്കു പ്രകാരം 72.24 വർഷമാണ്. ആഫ്രിക്കൻ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി സൂചിക കണക്കാക്കുന്നത്. നൈജീരിയയാണ് ലോകത്ത് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യം. 54.36 വയസ്സാണ് ഇവിടത്തെ ശരാശരി ആയുസ്സ്.
സമീപഭാവിയിൽ മനുഷ്യായുസ്സ് ദീർഘമാകുമെന്നു വെളിവാക്കി ഇടക്കാലത്തൊരു പഠനം പുറത്തിറങ്ങിയിരുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ പരമാവധി പ്രായം 125 വയസ്സ് മുതൽ 130 വയസ്സ് വരെ ഉയർന്നേക്കാമെന്നാണു ആ പഠനത്തിൽ വെളിപ്പെടുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കൽ പീർസ്, ആഡ്രിയൻ റാഫ്റ്ററി എന്നിവരാണ് ഇതെക്കുറിച്ച് പഠനം നടത്തിയത്.
ചില കൗതുകകരമായ വസ്തുതകൾ പഠനസംഘം ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളിൽ നൂറുവയസ്സിനു മേൽ ജീവിക്കുന്ന മനുഷ്യരുടെ എണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേർ ഇത്തരത്തിൽ ആയുസ്സ് നേടിയിട്ടുണ്ടെന്നാണു രേഖപ്പെടുത്തിയ കണക്കുകൾ പറയുന്നത്.എന്നാൽ അധികം പേരും 100 മുതൽ 110 വയസ്സിനിടയിൽ അന്തരിക്കാറുണ്ടെന്നാണു പൊതുവെ കാണപ്പെടുന്നത്.
ഇത്തരം അതി ദീർഘായുസ്സിന്റെ തോത് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 125 മുതൽ 130 വയസ്സ് വരെയാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. 2100 ആകുമ്പോഴേക്ക് ഒരു വ്യക്തിയെങ്കിലും 130 വയസ്സ് പിന്നിടും. നിലവിൽ ആരോഗ്യ, ഭക്ഷണമേഖലകളിലുണ്ടായ ശാസ്ത്രീയമായ വികാസവും മെച്ചപ്പെട്ട രീതികളുമാണ് ഈ ദീർഘായുസ്സിനു കാരണമാകുന്നതെന്നാണു ഗവേഷകരുടെ അഭിപ്രായം.
2021ൽ ജീറോ എന്ന സിംഗപ്പൂർ ബയോടെക് കമ്പനി നൂറ്റിയൻപതിലധികം ആളുകളിൽ നിന്നുള്ള സ്മാർട് വാച്ച് വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്‌റലിജൻസിന്റെ സഹായത്തോടെ വിലയിരുത്തി വരും കാലത്തെ ആളുകൾ 150 വയസ്സു വരെ ജീവിച്ചേക്കാമെന്നു പ്രവചിച്ചത് വാർത്തയായിരുന്നു.