ഇവരാണ് ഇലോൺ മസ്കിന്റെ 14 കുട്ടികൾ; വ്യത്യസ്തം കുട്ടികളുടെ പേര്, അമ്മമാരും

Mail This Article
സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കിന്റെ ജീവിതം വളരെ കൗതുകം നിറഞ്ഞതാണ്. വ്യത്യസ്ത ബന്ധങ്ങളിൽ നിന്നായി 13 കുട്ടികളുടെ പിതാവാണ് മസ്ക് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ നിന്നുള്ള ആറു കുട്ടികളും മുൻ കാമുകി ഗ്രിംസിലി നിന്നുള്ള മൂന്നു കുട്ടികളും ന്യൂറലിങ്ക് എക്സിക്യുട്ടിവ് ഷിവോൺ സിലിസിലി നിന്നുള്ള മൂന്നു കുട്ടികളും എഴുത്തുകാരിയായ ആഷ്ലി സെന്റ് ക്ലിയറിൽ നിന്നുള്ള ഒരു കുട്ടിയും ചേർന്ന് ആകെ 13 കുട്ടികളാണ് ഇലോൺ മസ്കിന് ഉള്ളത്. കോടീശ്വരനായ ഇലോൺ മസ്കിന്റെ കുട്ടികളുടെ പേരുകൾ എന്തൊക്കെയാണെന്ന് നോക്കാം.
നെവാഡ അലക്സാണ്ടർ മസ്ക്
2000 ജനുവരിയിലാണ് ഇലോൺ മസ്കും കനേഡിയൻ എഴുത്തുകാരിയുമായ ജസ്റ്റിൻ വിൽസണും വിവാഹിതരായത്. 2002ൽ അവരുടെ ആദ്യത്തെ കണ്മണിയായ നെവാഡ അലക്സാണ്ടർ മസ്ക് ജനിച്ചു. എന്നാൽ, വെറും പത്ത് ആഴ്ച പ്രായം ഉള്ളപ്പോൾ സഡൺ ഇൻഫന്റ് ഡെത്ത് സിൻഡ്രോം ബാധിച്ച് നെവാഡ മരിച്ചു.

ഗ്രിഫിനും വിവിയൻ മസ്കും
ആദ്യകുഞ്ഞിന്റെ വേർപാടിനു ശേഷം മസ്കും വിൽസണും ഐ വി എഫിലേക്ക് തിരിഞ്ഞു. 2004 ഏപ്രിലിൽ ഇരട്ടക്കുട്ടികളായ ഗ്രിഫിനും വിവിയൻ മസ്കും ഇവരുടെ ജീവിതത്തിലേത്ത് എത്തി.
കയ്, സാക്സൺ, ഡാമിയൻ മസ്ക്
മസ്കിന്റെയും വിൽസണിന്റെയും ജീവിതത്തിലേക്ക് മൂന്ന് ആൺമക്കൾ കൂടി പിന്നാലെ എത്തി. ഇവർ ട്രിപ്ലെറ്റ് ആയിരുന്നു. കയ്, സാക്സൺ, ഡാമിയൻ എന്നീ കുഞ്ഞുങ്ങൾ 2006ലാണ് ഐ വി എഫ് വഴി പിറന്നത്. 19 വയസ്സുള്ള ഈ കുട്ടികൾ പൊതുജനമധ്യത്തിൽ നിന്ന് മാറി നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്. അതേസമയം, 2008ൽ മസ്കും വിൽസണും വിവാഹമോചനം നേടി.
X AE A-XII Musk
2018ൽ മസ്ക് ഗായിക ഗ്രിംസുമായി പ്രണയത്തിലായി. ഈ ബന്ധത്തിൽ 2020ൽ അവർക്ക് ഒരു കുട്ടി പിറന്നു. മെയ് മാസത്തിൽ പിറന്ന കുട്ടിക്ക് X AE A-XII എന്നാണ് പേര് നൽകിയത്. ആദ്യം X Æ A-12 എന്നായിരുന്നു കുട്ടിക്ക് പേര് നൽകിയത്. എന്നാൽ കാലിഫോർണിയയിലെ നിയമം അനുസരിച്ച് ആദ്യ പേരിലെ ചില അക്ഷരങ്ങൾ അനുവദിക്കാത്തതിനാൽ പേര് മാറ്റുകയായിരുന്നു.
എക്സ ഡാർക് സിഡെറയൽ മസ്ക്
2022 മാർച്ചിലാണ് തനിക്കും ഗ്രിംസിനും ഒരു മകളുണ്ടെന്ന് വെളിപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെ 2021 ഡിസംബറിലാണ് പെൺകുഞ്ഞ് ജനിച്ചത്. എക്സ ഡാർക് സിഡെറയൽ മസ്ക് എന്നാണ് കുഞ്ഞിന്റെ പേര്. വൈ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന എക്സയ്ക്ക് ഇപ്പോൾ മൂന്നു വയസ് പ്രായമുണ്ട്. 2023 മാർച്ചിൽ തന്റെ മകൾ Y അല്ലെങ്കിൽ Why എന്നാണ് അറിയപ്പെടുന്നതെന്ന് അവർ പറഞ്ഞു.
സ്ട്രിഡർ, അസുറെ
ന്യൂറലിങ്ക് ഡയറക്ടർ ഷിവൺ സിലിസുമായുള്ള ബന്ധത്തിൽ 2021 നവംബറിലാണ് മസ്കിന് ഇരട്ടക്കുട്ടികൾ ജനിച്ചത്. സ്ട്രിഡർ, അസുറെ എന്നാണ് ഈ കുട്ടികളുടെ പേര്. 2022 ജൂലൈയിലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പേര് സംബന്ധമായ ചില വിവാദങ്ങളുമായി. അച്ഛന്റെയും അമ്മയുടെയും കുടുംബപ്പേരുകൾ ഉൾപ്പെടുത്തുന്നതിനായി ദമ്പതികൾ ഒരു ഹർജി ഫയൽ ചെയ്തതോടെ ആയിരുന്നു ഇത്. 2022 മെയിൽ ടെക്സാസ് ജഡ്ജി മാറ്റം അംഗീകരിച്ചതിനെ തുടർന്ന് 2023 സെപ്തംബറിലാണ് കുട്ടികളുടെ പേരുകൾ വെളിപ്പെടുത്തിയത്.
ടെക്നോ മെക്കാനിക്കസ്
2022 ജൂണിൽ മസ്കും ഗ്രിംസും ചേർന്ന് മൂന്നാമത്തെ കുഞ്ഞിനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. ടെക്നോ മെക്കാനിക്കസ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്. സെപ്റ്റബർ 2023ൽ പ്രസിദ്ധീകരിച്ച വാൾട്ടർ ഐസക്സന്റെ ' ഇലോൺ മസ്ക്' എന്ന ജീവചരിത്ര പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 'ടൌ' എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.
അർകേഡിയ മസ്ക്
2024 ന്റെ തുടക്കത്തിലാണ് മസ്കും ന്യൂറലിങ്ക് എക്സിക്യുട്ടിവ് ഷിവൺ സിലിസും അർകേഡിയ മസ്കിനെ അവരുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്. 'മസ്ക് രഹസ്യമായി വീണ്ടും അച്ഛനായി' എന്ന തരത്തിലുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കവെ പേജ് സിക്സിനോടാണ് ഇത് സംബന്ധിച്ച് അദ്ദേഹം മനസു തുറന്നത്. 'ഞങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം. ഒരു വാർത്താക്കുറിപ്പ് പുറത്ത് വിടാതിരുന്നതു കൊണ്ട് ഇത് രഹസ്യമാണെന്ന് അർഥമില്ല' എന്നായിരുന്നു മസ്ക് ഇതിനെക്കുറിച്ച് പറഞ്ഞത്.

ആർ എസ് സി മസ്ക്
2025 ഫെബ്രുവരിയിലാണ് എഴുത്തുകാരിയായ ആഷ്ലി സെന്റ് ക്ലയർ കുറച്ച് മാസങ്ങൾക്ക് മുമ്പ് മസ്കിന് തന്നിൽ ഒരു കുഞ്ഞ് ജനിച്ചെന്ന കാര്യം പുറത്തു പറഞ്ഞത്. ഈ കുഞ്ഞ് മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞായി കണക്കാക്കപ്പെടുന്നു.

സെൽഡൺ ലൈകർഗസ്
അടുത്തിടെയാണ് സിലിസ് മസ്കിൽ വീണ്ടും ഒരു കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചത്. സെൽഡൺ ലൈകർഗസ് എന്നാണ് കുഞ്ഞിന്റെ പേര്. അർകേഡിയയുടെ പിറന്നാൾ ദിവസമാണ് ഒരു കുഞ്ഞ് കൂടി പിറന്ന സന്തോഷം സിലിസ് പങ്കുവെച്ചത്.