5000 വർഷങ്ങൾ മുൻപത്തെ യൂറോപ്യൻമാർ ഇരുണ്ട നിറമുള്ളവരെന്നു പഠനം

Mail This Article
ബ്രിട്ടനിലെ അതിപ്രശസ്തമായ സ്റ്റോൺഹെൻജ് ഘടന ഉൾപ്പെടെ നിർമിച്ച, 5000 വർഷം മുൻപത്തെ യൂറോപ്യൻമാർ ഇന്നത്തെ യൂറോപ്യൻമാരിൽ നിന്നു കാഴ്ചയിൽ വളരെ വ്യത്യസ്തരായിരുന്നെന്നു പുതിയ പഠനം. ഇവയുടെ നിറം ഇരുണ്ടതായിരുന്നു. നീലക്കണ്ണുകളും ഇവർക്കുണ്ടായിരുന്നു. ചരിത്രാതീത കാലത്ത് ബ്രിട്ടനിൽ താമസമുറപ്പിച്ചിരുന്ന ആദിമനിവാസികളിൽ നിന്നു ലഭിച്ച പ്രശസ്തമായ അസ്ഥികൂടമാണു ചെഡ്ഡാർ മാൻ. ഈ മനുഷ്യൻ ഉൾപ്പെടെയുള്ളവർ പതിനായിരം വർഷം മുൻപാണു ജീവിച്ചിരുന്നത്. ഈ ആദിമനിവാസികൾക്ക് ഇരുണ്ട നിറമായിരുന്നെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്. എന്നാൽ പിന്നെയും 5000 വർഷം പിന്നിട്ടിട്ടും വലിയ മാറ്റങ്ങൾ രൂപത്തിലും നിറത്തിലും യൂറോപ്പിൽ സംഭവിച്ചിരുന്നില്ല.
ആഫ്രിക്കയിൽ ഉദ്ഭവിച്ച മനുഷ്യവംശം യൂറോപ്പു പോലെ സൂര്യപ്രകാശം കുറഞ്ഞ മേഖലകളിലേക്ക് എത്തിയെന്നാണ് ആധുനിക നരവംശശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന സിദ്ധാന്തം. വൈറ്റമിൻ ഡി കൂടുതൽ ഉത്പാദിപ്പിക്കാനായി യൂറോപ്പിലെത്തിയവരുടെ നിറം കൂടുതൽ വെളുത്തതാകാൻ തുടങ്ങിയെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്. ഈ മാറ്റം പെട്ടെന്നാണുണ്ടായതെന്നാണു പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ ഒരുപാടുകാലമെടുത്താണ് ഇന്നത്തെ രീതിയിലേക്കു യൂറോപ്പിലെ മനുഷ്യർ എത്തിയതെന്നാണു പുതിയ പഠനം മുന്നോട്ടുവയ്ക്കുന്ന വാദം. ഈ പഠനം ശാസ്ത്രീയ ജേണലിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല
ആദിമ മനുഷ്യകാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ചെഡ്ഡാറിലെ ഗൗഘ്‌സ് ഗുഹ. നരഭോജികളുടെ ഗുഹയെന്ന് ഈ ഗുഹ അറിയപ്പെട്ടു. ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള ചെഡ്ഡാർ മേഖലയിലെ ഒരു ഗുഹയാണ് ഗൗഘ്‌സ് കേവ്. 115 മീറ്റർ ആഴവും 3.4 കിലോമീറ്റർ നീളവുമുള്ള ഗുഹ.1903ൽ ഇവിടെ പര്യവേക്ഷണത്തിന് എത്തിയ ശാസ്ത്രജ്ഞർ ഒരു പുരുഷന്റെ അസ്ഥികൂട അവശേഷിപ്പുകൾ കണ്ടെത്തി. വളരെ പഴക്കമുള്ളതായിരുന്നു ആ അവശേഷിപ്പ്. ഇതായിരുന്നു ചെഡ്ഡാർ മാൻ. 7150 ബിസിയിൽ ജീവിച്ചയാളായിരുന്നു ചെഡ്ഡർ മാനെന്ന് പിന്നീടുള്ള പരീക്ഷണങ്ങളിൽ തെളിഞ്ഞു. ബ്രിട്ടനിൽ നിന്നു കണ്ടുകിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യഫോസിൽ കൂടിയായിരുന്നു ചെഡ്ഡർ മാൻ.
ഇതു മാത്രമായിരുന്നില്ല ചെഡ്ഡർ മാനിന്റെ പ്രത്യേകത. അയാൾ വളരെ ക്രൂരമായ ആക്രമണത്തിനു വിധേയനായാണ് കൊല്ലപ്പെട്ടത്.പിന്നീട് 1992 വരെയുള്ള കാലഘട്ടം വരെ ഈ ഗുഹയിൽ പര്യവേക്ഷണങ്ങൾ നടന്നു.