അഗ്നിപർവതത്തിനു മുകളിൽ ഭീകരലോകത്തേക്കുള്ള കവാടം! ഉള്ളിൽ പാർക്കുന്ന ഭീകരസത്വങ്ങൾ

Mail This Article
മഞ്ഞിന്റെയും തീയുടെയും നാട്... യൂറോപ്യൻ രാജ്യമായ ഐസ്‌ലൻഡ് അറിയപ്പെടുന്നത് ഇങ്ങനെയാണ്. മഞ്ഞുമൂടിയ പ്രകൃതിയിലും 130 അഗ്നിപർവതങ്ങൾ ഐസ്‌ലൻഡ് എന്ന ചെറുദ്വീപിലുണ്ട്. ഐസ്‌ലൻഡിന്റെ അഗ്നിപർവതങ്ങളെക്കുറിച്ച് അനേകം ഐതിഹ്യങ്ങളുണ്ട്. ഐസ്‌ലൻഡിലെ അഗ്നിപർവതങ്ങളിൽപെട്ട ഒന്നാണ് ഹെക്‌ല അഗ്നിപർവതം. നരകത്തിലേക്കുള്ള കവാടം എന്നായിരുന്നു ഈ അഗ്‌നിപർവതം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഈ അഗ്നിപർവതത്തിനു മുകളിൽ ഒരു വലിയ ഗർത്തമുണ്ടെന്നും അത് അഗ്നിപർവതത്തിനുള്ളിലുള്ള ഒരു ഭീകരലോകത്തേക്കുള്ള കവാടമാണെന്നുമുള്ള വിശ്വാസമാണ് ഇതിനു കാരണം.
ഭീകരസത്വങ്ങളും ഭയാനക ജീവികളും ഇതിനുള്ളിലുണ്ടത്രേ. 1750 വരെ ഈ അഗ്നിപർവതത്തിൽ പർവതാരോഹണം നടത്താൻ പോലും എല്ലാവർക്കും പേടിയായിരുന്നു. ഒടുവിൽ പർവതാരോഹണം നടത്തിയവർ ഇവിടെ അങ്ങനെയൊന്നും ഒരു പ്രശ്നവുമില്ലെന്ന് അറിയിച്ചതോടെ ഇതൊരു വിനോദസഞ്ചാരകേന്ദ്രമാകാൻ തുടങ്ങി. ഐസ്‌ലൻഡ് യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങൾ നിലനിൽക്കുന്ന മേഖലയാണ്. മധ്യകാലഘട്ടം മുതൽ ഭൂമിയിലൊഴുകിയ ലാവയിൽ മൂന്നിലൊന്നും ഐസ്‌ലൻഡിലെ അഗ്നിപർവതങ്ങളിൽ നിന്നാണ്. ഭൗമപ്ലേറ്റുകളുടെ അതിർത്തിയായ മിഡ് അറ്റ്ലാന്റിക് റിഡ്ജ് മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഐസ്‌ലൻഡിൽ അഗ്നിപർവത വിസ്ഫോടനങ്ങൾ ഇത്രയ്ക്കും വ്യാപകമായതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
ലോകത്ത് സമീപകാലഘട്ടത്തിൽ ഇതുവരെ സംഭവിച്ച ഏറ്റവും വലിയ ലാവാ പ്രവാഹത്തിനും ഐസ്‌ലൻഡ് സാക്ഷ്യം വഹിച്ചു. എഡി 939ൽ നടന്ന എൽഡ്ജ അഗ്നിപർവത വിസ്ഫോടനമായിരുന്നു ഇത്. കട്‌ല അഗ്നിപർവത ശൃംഖലയുടെ ഭാഗമായ എൽഡ്ജ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 780 ചതുരശ്ര കിലോമീറ്ററോളം ലാവ ഒഴുകി. രണ്ടു പ്രധാന ലാവാ പ്രവാഹങ്ങൾ ഇതിന്റെ ഭാഗമായി ഉടലെടുത്തെന്നു ചരിത്രകാരൻമാർ പറയുന്നു. ഐസ്‌ലൻഡിന്റെ തെക്കൻ ഭാഗത്താണ് എൽഡ്‌ജ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്.