ചെമ്മരിയാടുമായി കൂട്ടുകൂടിയ സിംഹം! ലിറ്റിൽ ടൈക്കിയുടെ വിചിത്ര കഥ

Mail This Article
യുഎസിലെ ജോർജസ്, മാർഗരറ്റ് വെസ്റ്റ്ബ്യൂ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഒരു മൃഗസംരക്ഷണ കേന്ദ്രവും റാഞ്ചുമായിരുന്നു ഹിഡൻ വാലി റാഞ്ച്. ഇവിടെ വളരെ പ്രത്യേകതയുള്ള ഒരു സൗഹൃദമുണ്ടായിരുന്നു. ഒരു പെൺ സിംഹവും ചെമ്മരിയാടും തമ്മിൽ. ബെക്കി എന്നായിരുന്നു പെൺ ചെമ്മരിയാടിന്റെ പേര്. സിംഹത്തിന്റെ പേര് ലിറ്റിൽ ടൈക്കി. ഇരുവരും തമ്മിൽ വലിയ കൂട്ടായിരുന്നു, എപ്പോഴും ഒരുമിച്ചു നടക്കും. ഇതിന്റെ ചിത്രങ്ങളും ധാരാളമുണ്ട്. അനേകം പ്രത്യേകതകളുള്ള ഒരു സിംഹമായിരുന്നു ലിറ്റിൽ ടൈക്കി.
ജന്തുലോകത്ത് മാംസാഹാര രീതി പിന്തുടരുന്ന ജീവികളും ഏറ്റവും നൈപുണ്യമുള്ള വേട്ടക്കാരുമാണ് സിംഹങ്ങളും കടുവകളും പുലികളും മറ്റും. എന്നാൽ ലിറ്റിൽ ടൈക്കിയുടെ സംരക്ഷകരുടെ വാദപ്രകാരം അവൾക്ക് മാംസാഹാരം ഇഷ്ടമല്ലായിരുന്നു. സസ്യാഹാരമായിരുന്നു പ്രിയം. 1946ൽ അമേരിക്കയിലെ മൃഗശാലയിലായിരുന്നു ടൈക്കിയുടെ ജനനം. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നു പിടികൂടിയ ഒരു സിംഹമായിരുന്നു ടൈക്കിയുടെ അമ്മ. ടൈക്കി ജനിക്കുന്നതിനു മുൻപ് 5 തവണ ഈ സിംഹം ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു. എന്നാൽ അഞ്ചുതവണയും പിറന്ന കുട്ടികളെ അമ്മ തന്നെ കൊന്നു.
ലിറ്റിൽ ടൈക്കിയെയും ആ അമ്മ ആക്രമിച്ചെങ്കിലും മൃഗശാല അധികൃതർ അവളെ രക്ഷപ്പെടുത്തി. പിന്നീടാണ് ജോർജസ്, മാർഗരറ്റ് വെസ്റ്റ്ബ്യൂ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹിഡൻ വാലി റാഞ്ചിലേക്ക് അവളെ എത്തിച്ചത്. ഇവിടെ അവൾ വളർന്നു. ലിറ്റിൽ ടൈക്കിയുടെ സംരക്ഷകനായ ജോർജസ് വെസ്റ്റ്ബ്യൂ എഴുതിയ ലിറ്റിൽ ടൈക്കി: ദ് ട്രൂ സ്‌റ്റോറി ഓഫ് എ വെജിറ്റേറിയൻ ലയണസ് എന്ന പുസ്തകത്തിലാണ് ലിറ്റിൽ ടൈക്കിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ടൈക്കി ഒരു വെജിറ്റേറിയൻ സിംഹമായിരുന്നെന്ന അവകാശവാദം ജോർജസ് ഉന്നയിച്ചതും ഈ പുസ്തകത്തിലാണ്. ലിറ്റിൽ ടൈക്കിക്ക് മാസങ്ങൾ പ്രായമുള്ളപ്പോൾ, അവൾക്ക് ഖരരൂപത്തിലുള്ള ഭക്ഷണം കൊടുക്കേണ്ട സമയമെത്തി. എന്നാൽ മാംസാഹാരം സ്വീകരിക്കാൻ ലിറ്റിൽ ടൈക്കി മടികാട്ടി.
സിംഹങ്ങൾക്കും മറ്റും മാംസാഹാരം പ്രധാനമാണെന്നും ടോറിൻ എന്ന പ്രധാനപ്പെട്ട പോഷണം ഇവയ്ക്ക് മാംസത്തിൽ നിന്നാണു ലഭിക്കുന്നതെന്നും ജോർജസിനും കുടുംബത്തിനും അറിയാമായിരുന്നു. അതിനാൽ തന്നെ ലിറ്റിൽ ടൈക്കിയെ മാംസം കഴിപ്പിക്കാൻ ഇവർ ശ്രമങ്ങൾ തുടർന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പല ശ്രമങ്ങളും പാളിയതോടെ ഈ ശ്രമങ്ങൾ ജോർജസും മാർഗരറ്റും ഉപേക്ഷിച്ചു. പിന്നീട് സസ്യാഹാരമായിരുന്നു ടൈക്കിയുടെ പ്രധാനഭക്ഷണം. കുതിർത്തതും പാകം ചെയ്തതുമായ ധാന്യങ്ങളാണ് അവൾ കൂടുതൽ കഴിച്ചത്. മുട്ടയും മീനെണ്ണയും കഴിക്കാനും മടിയില്ലായിരുന്നു.ജോർജസിന്റെ ഹിഡൻ വാലി റാഞ്ചിൽ അനേകം കോഴികളും ആടുകളുമൊക്കെയുണ്ടായിരുന്നു. ലിറ്റിൽ ടൈക്കി ഇവയോടൊപ്പം കളിച്ചുവളർന്നു. മറ്റു ജീവികളെയൊന്നും സിംഹം ആക്രമിച്ചിരുന്നില്ല.