ADVERTISEMENT

ഓരോ അധ്യയന വർഷത്തിലും സിലബസ് മാറ്റം , പഠന പരിഷ്‌കാരം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ പരിചരിക്കാറുണ്ടെങ്കിലും ഓൺലൈൻ വിദ്യാഭ്യാസ രീതി നമ്മുടെ നാട്ടിൽ ഇതാദ്യമാണ്. മുതിർന്ന ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ രീതിയോട് എളുപ്പത്തിൽ യോജിക്കാൻ കഴിഞ്ഞേക്കും. എന്നാൽ എൽകെജി മുതൽ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികളിലെ അവസ്ഥ അതല്ല. വെക്കേഷൻ എന്ന ചിന്ത കുട്ടികളിൽ നിന്നും ഇത് വരെ മാറിയിട്ടില്ല. അതിനാൽ തന്നെ ക്ലാസുകൾ ഓൺലൈനായി തുടങ്ങി എന്ന വാദത്തോട് യോജിക്കാൻ അവർക്ക് ആകുന്നുമില്ല. ഈ അവസ്ഥയിൽ മാതാപിതാക്കൾക്ക് ഇരട്ടി മാനസിക സമ്മർദ്ദമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് ജോലിക്ക് പോകേണ്ട മാതാപിതാക്കൾ കൂടിയാകുമ്പോൾ സമ്മർദ്ദം വർധിക്കുന്നു.

പല വിദ്യാലയങ്ങളിലും ഇതിനോടകം ഓൺലൈൻ ക്ലാസുകളുടെ ആദ്യപടിയായി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പഠന പ്രവർത്തനങ്ങൾ നടത്തുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കുട്ടികളുടെ സഹകരണത്തിന്റെ അഭാവത്തിൽ പലപ്പോഴും മാതാപിതാക്കൾ തന്നെ വർക്കുകൾ പൂർത്തീകരിച്ചു നൽകേണ്ട അവസ്ഥയാണ്. ഇതിൽ നിന്നും പുറത്ത് വരുന്നതിനായി കുട്ടികളെ ഓൺലൈൻ ക്ലാസുകളുടെ ഗൗരവം മനസിലാക്കിസജ്ജരാകുക എന്നതാണ് ആദ്യം സ്വീകരിക്കേണ്ട നടപടി.

1  കളിയല്ല പഠനം - എന്തു കൊണ്ടാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കേണ്ടി വന്നതെന്ന് കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക. സാധാരണ രീതിയിൽ സ്‌കൂൾ തുറക്കേണ്ട സമയമായതിനാൽ വെക്കേഷൻ അവസാനിച്ചു എന്നും പഠനം അടുത്ത കുറച്ചു കാലത്തേക്ക് ഓൺലൈൻ വഴി ആയിരിക്കും എന്നും ബോധ്യപ്പെടുത്തുക. 

2  കൊറോണക്കാലത്ത് ഇങ്ങനെയൊക്കെയാണ് - ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് പലർക്കും ഇപ്പോഴും കൊറോണ മൂലമുണ്ടാകുന്ന പ്രശ്നനങ്ങളെപ്പറ്റി വലിയ ധാരണയില്ല. അതിനാൽ അക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. സ്‌കൂളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കേണ്ടതിനു പകരമായി ദിവസത്തിൽ മൂന്നു മണിക്കൂർ എങ്കിലും പഠനത്തിനായി മാറ്റി വയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുക. 

3  കൂട്ടുകാരുമായി സംസാരിക്കട്ടെ - ഓൺലൈൻ ക്ലാസുകൾക്കായുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന കാര്യങ്ങൾ  കുട്ടികളുമായി പങ്കിടുക. പ്രവർത്തനങ്ങൾ നൽകി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്ന കുട്ടികളെ പറ്റി സംസാരിക്കുക. സ്‌കൂൾ അടച്ചശേഷം ചെറിയ ക്ലാസിലെ കുട്ടികൾക്ക് അവരുടെ സഹപാഠികളുമായി കാര്യമായ ബന്ധമൊന്നും ഉണ്ടായിരിക്കുകയില്ല. അതിനാൽ കൂട്ടുകാരുമായി സംസാരിക്കുന്നതിനും അവരുടെ പഠനരീതികൾ വിലയിരുത്തുന്നതിനും അവസരം നൽകുക.

4  കൂട്ടിരുന്ന് പഠിപ്പിക്കുക - ഓൺലൈൻ പഠന രീതി പിന്തുടരുമ്പോൾ അധ്യാപികരുടെ സ്ഥാനം മാതാപിതാക്കളിൽ ആരെങ്കിലും ഏറ്റെടുക്കണം. കാരണം സ്‌കൂളിൽ അധ്യാപകർ കൂടെ നിന്ന് ഗൈഡ്‌ലൈനുകൾ നൽകിയാണ് കുട്ടികളെ കൊണ്ടു ഓരോ പ്രവർത്തനങ്ങളും ചെയ്യിക്കുന്നത്. അതിനാൽ ശ്രദ്ധിക്കാൻ ഒരാളില്ല എന്നു വരുമ്പോൾ കുട്ടികളുടെ ശ്രദ്ധ തെറ്റുന്നത് സ്വാഭാവികമാണ്. അതിനാൽ ഓൺലൈൻ ക്ലാസുകൾ മാതാപിതാക്കളുടെ കൂടി ഉത്തരവാദിത്വമായി കാണുക. 

5  കൃത്യമായ പഠനസമയം - വീട്ടിൽ തന്നെ ഇരിക്കുന്നതിനാൽ കുട്ടികളിൽ വെക്കേഷൻ എന്ന ചിന്തയായിരിക്കും ഉണ്ടായിരിക്കുക. അത് പൂർണമായും മാറ്റുക എളുപ്പമല്ല. അതിനാൽ ഒരു ദിവസം നിശ്ചിത സമയം പഠന പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുക. ആ സമയത്ത് ടിവി, കളികൾ, മൊബൈലിന്റെ ഉപയോഗം എന്നിവ പൂർണമായും ഒഴിവാക്കുക. ഒപ്പം തന്റെ പഠന രീതികളെ വിലയിരുത്താൻ കുട്ടികൾക്ക് അവസരം നൽകുക. 

6  സ്‌കൂൾ തുറന്നാൽ റിപ്പോർട്ട് നൽകണം - വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റും നൽകുന്ന അസൈന്മെന്റുകൾ കൃത്യമായി ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി അത് സൂക്ഷിച്ചു വയ്ക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. സ്‌കൂൾ തുറക്കുന്ന പക്ഷം ഈ വിവരങ്ങൾ അധ്യാപകരെ കാണിക്കേണ്ടതാണ് എന്ന് ഓർമ്മിപ്പിക്കുക. ആവശ്യമായി വന്നാൽ വാശിക്കുടുക്കകളെ നിലയ്ക്ക് നിർത്താൻ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com