കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വഴക്ക് പറയരുത് ; മാതാപിതാക്കളോട് ശ്വേത ടീച്ചർക്ക് പറയാനുള്ളത്

HIGHLIGHTS
  • കുസൃതികൂട്ടത്തെ മെരുക്കാനുള്ള വഴികൾ ശ്വേത ടീച്ചർ പങ്കുവയ്ക്കുന്നു
  • കുട്ടികളാകുമ്പോൾ പലതരത്തിലുള്ള കുസൃതികൾ കാണിക്കാം
sai-swetha-teacher-viral-online-class-interview
SHARE

 ഇനി അങ്ങോട്ട് കുറച്ചു കാലത്തേയ്ക്ക് ഓൺലൈൻ പഠനത്തിന്റെ സമയമാണ്. അതിനാൽ അധ്യാപകരുടെ ചുമതല വീട്ടിൽ അച്ഛനമ്മമാർക്ക് തന്നെയാണ്. എന്നാൽ സ്‌കൂളിൽ അധ്യാപകർ കാണിക്കുന്ന ക്ഷമയും സഹനവും ഒന്നും തന്നെ പല ജോലികൾക്കിടയിൽ കുട്ടികളെ പഠിക്കാനിരിക്കുന്ന മാതാപിതാക്കൾക്ക് ഉണ്ടാകുകയില്ല. എന്നാൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ മനഃശാസ്ത്രം ഏകദേശം ഒരേ പാതയിലാണെന്നും അതിനാൽ ഇവരെ വരുതിയിലാക്കുക എളുപ്പമാണ് എന്നുമാണ് ഓൺലൈൻ ക്ലാസിൽ മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞുകൊണ്ട് മലയാളക്കരയുടെ പ്രിയപ്പെട്ട ടീച്ചറായി മാറിയ സായി ശ്വേത പറയുന്നത്. വീടിനകം തന്നെ വിദ്യാലയമായി മാറുന്ന അവസ്ഥയും കുസൃതികൂട്ടത്തെ മെരുക്കാനുള്ള വഴികൾ ശ്വേത ടീച്ചർ പങ്കുവയ്ക്കുന്നു...

1  മാനസികമായ അടുപ്പമാണ് പ്രധാനം 

വീട്ടിൽ കളി ചിരിയുമായി നടക്കുന്ന പോലെയല്ല പഠിപ്പിക്കാനായി പിടിച്ചിരുത്തുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. തുടക്കത്തിൽ കുട്ടികൾ പലവിധത്തിലുള്ള അസ്വസ്ഥതകൾ കാണിക്കും. ഇതു മനസിലാക്കുകയെന്നതാണ് പ്രധാനം. നിങ്ങൾ പഠിപ്പിക്കുന്നതും പറയുന്നതുമായ കാര്യങ്ങൾ കുട്ടിക്ക് മനസ്സിലാകുന്നുണ്ട് എന്നുറപ്പ് വരുത്തുക. അല്ലാത്ത പക്ഷം ആവർത്തിച്ചു പഠിപ്പിക്കാനുള്ള ക്ഷമ കാണിക്കണം. പഠനത്തിലും അല്ലാതെയുമുള്ള സന്തോഷങ്ങളും വിഷമങ്ങളും നിങ്ങളോട് തുറന്നു സംസാരിക്കുന്നതിനുള്ള അവസരം നൽകണം. അത്തരത്തിലുള്ള ഒരു മാനസിക അടുപ്പം വളർത്തുകയെന്നതാണ് പ്രധാനം.

2 . ദേഷ്യപ്പെടാം ... പക്ഷെ തെറ്റ് മനസിലാക്കാൻ സഹായിക്കണം

കുട്ടികളാകുമ്പോൾ പലതരത്തിലുള്ള കുസൃതികൾ കാണിക്കാം. വീടിന്റെ ചുവരുകളിൽ വരയ്ക്കുക, പേപ്പറുകൾ കീറുക തുടങ്ങിയവ അതിൽ ചിലത് മാത്രം. ഇത്തരം തെറ്റുകൾക്ക് കുട്ടികളോട് ദേഷ്യപ്പെടാം. എന്നാൽ എന്തിനാണ് മാതാപിതാക്കൾ ദേഷ്യപ്പെട്ടത് എന്നവർക്ക് മനസിലാക്കണം. സാവധാനത്തിൽ ക്ഷമയോടെ അവരുടെ തെറ്റുകൾ ബോധ്യപ്പെടുത്താൻ മാതാപിതാക്കൾ ക്ഷമ കാണിക്കണം. 

3  സ്നേഹം പ്രകടമാകണം

പല മാതാപിതാക്കളും പറഞ്ഞു കേൾക്കുന്ന കാര്യമാണ്, കുട്ടികളോടുള്ള അവരുടെ സ്നേഹം മനസിലാണുള്ളതെന്ന്. അതിൽ കാര്യമില്ല. കുട്ടികളോട് സ്നേഹം തുറന്നു പ്രകടിപ്പിക്കുന്നതിൽ ഒരിക്കലും മടി കാണിക്കരുത്. അച്ഛനമ്മമാർ തന്നെ ഒത്തിരി സ്നേഹിക്കുന്നുവെന്ന തിരിച്ചറിവ് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തും. 

4  താരതമ്യം വേണ്ട

ഓരോ കുട്ടികൾക്കും ഓരോ തരത്തിലുള്ള കഴിവുകളും കഴിവ് കേടുകളും സ്വഭാവസവിശേഷതകളും ഉണ്ടായിരിക്കും. കുട്ടികളിലെ പോരായ്മകൾ  മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. നിങ്ങളുടെ കുട്ടിയേയും അവന്റെ കഴിവുകളെയും അതെപടി ഉൾക്കൊള്ളാൻ ശ്രമിക്കുക. ആരും ആരെക്കാളും മോശമല്ല എന്ന തിരിച്ചറിവ് മാതാപിതാക്കൾ നേടുക. 

5  മറ്റുള്ളവരുടെ മുന്നിൽ വച്ച് ദേഷ്യപ്പെടരുത്

കുട്ടികൾ മറ്റുള്ളവരുടെ മുന്നിൽ വച്ച് ഒരു തെറ്റ് ചെയ്തു എന്നിരിക്കട്ടെ, ഉടനടി അവരുടെ മുന്നിൽ വച്ച് തന്നെ കുട്ടികളെ ശകാരിക്കുകയും അടിക്കുകയും ചെയ്യരുത്. പകരം സ്നേഹത്തോടെ അവരെ അരികിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം . അച്ഛനമ്മമാർ തങ്ങളെ മനസിലാക്കുകയും തെറ്റുകൾ പൊറുക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് തെറ്റുകൾ ആവർത്തിക്കുന്നതിൽ നിന്നും കുട്ടികളെ തടയും.

6  ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്ക് കൂടുതൽ കരുതൽ

എല്ലാ കുട്ടികളും ഒരേപോലെ ആയിരിക്കുകയില്ല. ചിലർ ഹൈപ്പർ ആക്റ്റീവ് സ്വഭാവം ഉള്ളവരായിരിക്കും. ഇത്തരത്തിലുള്ളവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം. ക്ഷമ ഏറ്റവും കൂടുതലായി കാണിക്കേണ്ടത് ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുമ്പോഴാണ്. കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താവാൻ ഈ അവസരത്തിൽ കഴിയണം. 

7  ഓർമശക്തി പലർക്കും പലവിധം

ചില കാര്യങ്ങൾ പഠിക്കാൻ നൽകിയാൽ മണിക്കൂറുകളോളം പുസ്തകത്തിൽ നോക്കിയിരിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? ഓർമശക്തി കുറവായതിനാലാണ് ഈ ഇരുത്തം. അല്ലാതെ ശ്രദ്ധക്കുറവല്ല കാര്യം. എല്ലാ കുട്ടികൾക്കും ഓർമശക്തി ഒരേ അളവിൽ ആയിരിക്കില്ല. അങ്ങനെ വരുമ്പോൾ രസകരമായ കോഡുകൾ, ചാർട്ടിൽ വരച്ച മാതൃകകൾ എന്നിവയിലൂടെ കുട്ടികളുടെ ഓർമയിലേക്ക് കാര്യങ്ങൾ എത്തിക്കണം. പഠിക്കാനുള്ള കാര്യങ്ങൾ വളരെ രസകരമായി ഒരു കഥ പോലെ കുട്ടികളിലേക്ക് എത്തിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA