ADVERTISEMENT

കൊറോണക്കാലം കുട്ടികൾക്കും മാതപിതാക്കൾക്കും വെല്ലുവിളികളുടേതും പ്രതിസന്ധികളുടേതുമാണ്. എങ്കിലും നമ്മുടെ പോസിറ്റീവ് മനോഭാവം കൊണ്ട് അതൊക്കെയും മറികടക്കാനാവും. ആത്മവിശ്വാസം ആർജ്ജിക്കുകയെന്നതാണ് ആദ്യപടി. വെല്ലുവിളികളെ സധൈര്യം സ്വീകരിക്കുവാൻ മാതാപിതാക്കൾ കുട്ടികളെ മാനസികമായി പ്രാപ്തരാക്കുകയാണു വേണ്ടത്. ഏത് അവസ്ഥയിലും കുട്ടികളോടൊപ്പം ഉണ്ടെന്ന വിശ്വാസം മാതാപിതാക്കൾ അവരിൽ ഉറപ്പിക്കണം.ഇതു വെർച്വൽ ലേണിങ്ങിന്റെ കാലം. ഡി‍ജിറ്റൽ വിദ്യാഭ്യാസരീതിക്കു മേന്മകൾ മാത്രമല്ല ന്യൂനതകളും ഉണ്ട്. പല സ്ഥലങ്ങളിലും നെറ്റ്​വർക് പ്രശ്നങ്ങളും സാങ്കേതിക തകരാറുകളും ഉണ്ട്. അധ്യാപകരെ സംബന്ധിച്ച് അവർക്കു പരിചിതമല്ലാത്ത രീതിയായതിനാൽ  പല കുറവുകളും ഉണ്ടായേക്കാം. എന്നാൽ, മാതാപിതാക്കൾ ഈ ന്യൂനതകളെ പറ്റി കുട്ടികളുടെ മുന്നിൽവച്ച് പരസ്യമായി പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതവരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഈ രീതി പരിചിതമാക്കുന്നതോടെ ഒരു നല്ല മാറ്റത്തിനു വഴിതെളിച്ചേക്കാം.

മാതാപിതാക്കൾ അടുത്തതായി ശ്രദ്ധിക്കേണ്ടത്, കുട്ടികളുടെ അവധിക്കാലം കഴിഞ്ഞെന്നും പഠനകാലം ആരംഭിച്ചെന്നും അവരെ ബോധ്യപ്പെടുത്തുകയാണ്. അതിനായി ആദ്യം തന്നെ അവർക്ക് ഒരു ദിനചര്യ തയാറാക്കുക. സ്കൂളിൽ പോകേണ്ടല്ലോ, അതുകൊണ്ടു രാവിലെ കുറച്ചുസമയം കൂടി ഉറങ്ങട്ടെ, കുറച്ചു കൂടുതൽ സമയം കളിക്കട്ടെ എന്നിങ്ങനെയുള്ള മനോഭാവം മാറ്റുക. രാവിലെ കൃത്യസമയത്തു തന്നെ എഴുന്നേൽക്കാനും പ്രാഥമികകൃത്യങ്ങൾ ചെയ്ത് ഒരു പുതിയ ദിവസത്തെ വരവേൽക്കാനും അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അധ്യാപകരുടെയും സുഹൃത്തുക്കളുടെയും അസാന്നിധ്യം വിഷമം ഉണ്ടാക്കുമെങ്കിലും ഈ സമയത്ത് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള നല്ല സുഹൃദ് ബന്ധത്തിനു കുടുംബത്തിൽ തുടക്കം കുറിക്കാനാകും. കുട്ടികൾക്കു നവമാധ്യമങ്ങളോടുള്ള ആകർഷണം വർധിക്കാൻ സാധ്യതയുള്ള സമയമാണിത്. 

മാതാപിതാക്കൾ കുട്ടികൾക്കു ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചും വീട്ടുജോലികളിൽ അവരെ കൂടി ഉൾപ്പെടുത്തിയും (ഉദാഹരണമായി അടുക്കളതോട്ട നിർമാണം, വീടും പരിസരവും വൃത്തിയാക്കുക, തയ്യൽ, കരകൗശല നിർമ്മാണം തുടങ്ങിയവ) അവരുടെ ശ്രദ്ധ തിരിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

പല കുട്ടികളിലും ദുർവാശികളും മടിയും ഈ സമയത്തു സ്വാഭാവികം. അവരെ ശകാരിച്ചതു കൊണ്ടോ ശിക്ഷിച്ചതുകൊണ്ടോ മാറ്റം ഉണ്ടാകുമെന്നു  പ്രതിക്ഷിക്കരുത്. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മാനസികനില മനസ്സിലാക്കി അതനുസരിച്ച് ഒരു പോസിറ്റീവ് പേരന്റിങ്ങിനു തുടക്കം കുറിക്കണം. മാതാപിതാക്കൾ കുട്ടികളോട് അതു ചെയ്യരുത്, അങ്ങോട്ടു പോകരുത് (Don't) എന്ന നെഗറ്റീവ് പദങ്ങളാണു കൂടുതൽ ഉപയോഗിക്കുന്നത്.  പകരമായി ഇതു ചെയ്യുക, ഇവിടെ വരിക (Do this) എന്ന പോസിറ്റീവ് പദങ്ങൾ ഉപയോഗിക്കുക. ഇതാണ് പോസിറ്റീവ് പേരന്റിങ്.

ഇതു കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുന്നതിനും അവരുടെ ജീവിതത്തിൽ പല നല്ല കാര്യങ്ങളും സ്വായത്ത്വമാക്കുവാനും സാധിക്കുമെന്ന ബോധ്യം അവർക്ക് ഉണ്ടാകും.

നമ്മൾ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് അവരുടെ സ്വാഭാവ രൂപികരണത്തിനു കൂടിയാണ്. വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾക്ക്, മാതപിതാക്കൾക്കു നല്ല സ്വഭാവ ഗുണങ്ങൾ പകരാനാവും.  ഉദാഹരണമായി കൊറോണ കാലഘട്ടത്തിൽ പലരീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവരുടെ സമപ്രായക്കാരായ കുട്ടികൾക്കു മാതാപിതാക്കൾ തങ്ങളാലാവും വിധം കുട്ടികളിലൂടെ സഹായങ്ങൾ നൽകാം. 

സഹായ മനഃസ്ഥിതിയും സഹജീവികളോടുള്ള സ്നേഹവും കരുതലും വളർത്താനും സഹോദരങ്ങൾ തമ്മിലുള്ള പങ്കുവയ്ക്കൽ പ്രോത്സാഹിപ്പിക്കാനും സ്വാർഥത ഇല്ലാതാക്കാനും ഇതുപകരിക്കും. ചെറിയ കളികളിലൂടെയും മറ്റും തോൽവികളെ ധൈര്യത്തോടെ നേരിടാനും ഒക്കെ അവരെ പഠിപ്പിക്കാനാവും. 

അങ്ങനെ ഈ പ്രതിസന്ധിഘട്ടത്തെ എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും പോസിറ്റീവ് മനോഭാവത്തോടെ മറികടക്കാനുള്ള നല്ലവഴികൾ നമുക്കുമുന്നിലുണ്ട്. ആ വഴിയേ നമുക്ക് ഒരുമിച്ച് നടന്നുതുടങ്ങിയാലോ. 

English Summary : How to prepare child  for online class in covid time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com