ADVERTISEMENT

ഓൺലൈൻ പഠനകാലത്തും കൃത്യമായി ഫീസ് വാങ്ങുകയും മുഴുവൻ ഫീസും ഒരുമിച്ച് അടയ്ക്കാൻ നിർബന്ധം പിടിക്കുകയും ചെയ്യുന്ന വിദ്യാലയങ്ങൾക്കു മുന്നിൽ പുതിയ മാതൃകയാവുകയാണ് മഹാരാഷ്ടയിലെ മലാഡ് എന്ന ഗ്രാമത്തിലെ പ്രാദേശിക വിദ്യാലയത്തിലെ പ്രധാനാധ്യാപിക മിസ്ഗ ഷെയ്ഖ്. കുട്ടികളുടെ സമ്പൂർണമായ വികസനം അധ്യാപകരുടെ ചുമതലയാണ് എന്നത് മനസ്സിലാക്കി കൊറോണക്കാലത്ത് വിദ്യാർഥികൾക്കും കുടുംബത്തിനും താങ്ങും തണലുമാകുകയാണ് മിസ്ഗ ഷെയ്ഖ്.

പതിവു പോലെ ഈ അധ്യയന വർഷം സ്‌കൂൾ തുറക്കാൻ കഴിയാതെ വന്നപ്പോൾ മിസ്ഗയുടെ സ്‌കൂളിലും വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ക്ലാസ് ആരംഭിച്ചിട്ടും പല കുട്ടികളും ക്ലാസ് അറ്റൻഡ് ചെയ്യാത്തത് എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് പലരുടെയും വീട്ടിൽ ആകെ ഒരു ഫോൺ മാത്രമേയുള്ളൂ എന്നു മനസ്സിലാക്കിയത്. മാത്രമല്ല, അതിൽ പലതും സ്മാർട്ട്ഫോണും അല്ല. ഇനി സ്മാർട്ട് ഫോൺ ഉള്ള വീടുകളിലാണെങ്കിൽ ഇന്റർനെറ്റിനായി റീചാർജ് ചെയ്യാൻ പണമില്ലാത്ത അവസ്ഥ. 

ഈ അവസ്ഥയിൽ സ്‌കൂൾ ഫീസ് അടയ്ക്കാൻ കഴിവില്ലെന്നും ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി കുട്ടികൾ മിസ്ഗയെ സമീപിച്ചു. ലോക്ഡൗൺ മൂലം പല കുട്ടികളുടെയും മാതാപിതാക്കൾക്ക് ജോലി ഇല്ലാതായി. ഇത് മനസ്സിലാക്കിയ മിസ്ഗ ഷെയ്ഖ് മൂന്നു മാസത്തേക്ക് ഫീസ് അടയ്ക്കേണ്ടെന്ന് വിദ്യാർഥികളോടു പറഞ്ഞു.

അതുകൊണ്ടും തീർന്നില്ല. കുട്ടികളുടെ ഭക്ഷണത്തെപ്പറ്റി ചോദിച്ചപ്പോഴാണ് മിസ്ഗയ്ക്ക് മറ്റൊരു കാര്യം മനസ്സിലായത്. കുട്ടികളിൽ പലരും ദിവസത്തിൽ രണ്ടു നേരം പോലും ഭക്ഷണം ഇല്ലാതെയാണ് ജീവിക്കുന്നത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യവും ഇതുപോലെ തന്നെ. കൊറോണ വൈറസ് വ്യാപനം മൂലം മാതാപിതാക്കൾക്ക്  ജോലി ഇല്ലാതായതാണ് പ്രധാന പ്രശ്നം. കുട്ടികൾ പട്ടിണി കിടക്കുമ്പോൾ ശാന്തമായിരിക്കാൻ മിസ്ഗയ്ക്ക് കഴിയുമായിരുന്നില്ല.

ഭർത്താവുമായി ആലോചിച്ച്, ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു മിസ്ഗ. തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നു നാലു ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്. ചില സുഹൃത്തുക്കളും പൂർണ പിന്തുണയുമായി വന്നു. ഇപ്പോൾ ദിനവും 1500  ആളുകൾക്കാണ് ഈ പ്രധാനാധ്യാപിക ഭക്ഷണം നൽകുന്നത്. 

ഈ അധ്യാപികയുടെ ശിഷ്യരായതിൽ കുട്ടികൾ അഭിമാനിക്കേണ്ട നാളുകളാണിത്. മനുഷ്യരെ മനസ്സിലാക്കാനും അവരുടെ വേദനകൾ കണ്ടറിഞ്ഞു പെരുമാറാനും കൂടിയാണ് മിസ്ഗ ഷെയ്ഖ് എന്ന അധ്യാപിക തന്റെ കുട്ടികളെ പഠിപ്പിക്കുന്നത്. 

 English Summary : Mumbai school principal Mizga Shaikh waive fees and distribute food.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com