ADVERTISEMENT

‘എന്റെ കുട്ടിയെ ഞാൻ ഒന്നും അറിയിക്കാതെയാണ് വളർത്തുന്നത്. എന്റെ ചെറുപ്പത്തിൽ ഞാൻ കഷ്ടപ്പെട്ടത് പോലെ അവർ ഒരിക്കലും കഷ്ടപ്പെടാൻ പാടില്ല.’ സാധാരണക്കാരായ മാതാപിതാക്കളുടെ ചില ചിന്തകളാണിതൊക്കെ. ഫലമോ എന്തിനും ഏതിനും വാശി പിടിക്കുന്ന നിസ്സാര കാര്യത്തിന് പോലും പിണങ്ങുകയും പട്ടിണി കിടക്കുകയും ചിലപ്പോൾ ആത്മഹത്യാ പ്രവണത പോലും കാണിക്കുന്ന കുട്ടികളായാണ് അവർ വളർന്നു വരുന്നത്.

കുട്ടികളിലെ ഈ സ്വഭാവം മാറ്റാൻ അവരോടുള്ള മാതാപിതാക്കളുടെ അമിത സ്നേഹം ഒന്നു മാറ്റിയാൽ മതി. അതായത് നിങ്ങളുടെ ചെറുപ്പത്തിൽ നിങ്ങൾ ചെയ്തു പരിചയിച്ച ചില ജോലികൾ കുട്ടികളെക്കൊണ്ടു  കൂടി ചെയ്യിപ്പിക്കുന്നതു കൊണ്ട് അവരിലെ പ്രായോഗിക ബുദ്ധി വളരുന്നതോടൊപ്പം ഒരു സാമൂഹിക ജീവിതത്തിനു കൂടി അവർ വളരെ വേഗം തയ്യാറാവുന്നു. 

പൂർണ്ണമായ ശാരീരിക മാനസിക ആരോഗ്യമുള്ള കുട്ടികളെ കൊണ്ട് അത്യാവശ്യം ചില  വീട്ടു ജോലികൾ ചെയ്യിപ്പിക്കുന്നത് അവരിൽ ഭാവിയിൽ നേരിടാൻ സാധ്യത ഉള്ള പ്രശ്നങ്ങളെ എങ്ങനെ തന്മയത്തത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മുന്നിലെ  വാതിലുകൾ അടഞ്ഞാൽ മറ്റൊന്നു കണ്ടെത്തുന്നതുവരെ എങ്ങനെ  പ്രയത്നിക്കണം എന്നുമൊക്കെ അവർ  പഠിക്കും. ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്കു അച്ചടക്കവും സ്വയം പര്യാപ്തതയും നൽകുന്ന ചില ജോലികളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. 

4 മുതൽ 5 വയസു വരെയുള്ള കുട്ടികൾ

 ∙ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവക്ക് ഭക്ഷണം കൊടുക്കാൻ കുട്ടികൾ കൂടുതൽ ഉത്‌സാഹം കാണിക്കും. അതു ചെയ്യുന്നതിലൂടെ ആ മൃഗത്തിന്റെ മേൽ ഒരു പ്രത്യേക പരിഗണയും ഉത്തരവാദിത്തങ്ങളും കുട്ടികളിൽ ഉണ്ടാകുന്നു. 

 ∙സ്വന്തമായി ഭക്ഷണം കഴിച്ചതിനു ശേഷം പാത്രം എടുത്തു ഭക്ഷണ അവശിഷ്ടങ്ങൾ മാറ്റി കഴുകി വക്കാൻ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സാധിക്കും. 

 ∙കഴുകി വച്ചിരിക്കുന്ന പാത്രങ്ങൾ, സ്പൂണുകൾ, ഗ്ലാസ്സുകൾ എന്നിവ റാക്കിൽ തരം തിരിച്ചു അടുക്കി വക്കാനായി ഈ പ്രായത്തിലെ കുട്ടികൾക്ക് കഴിവുണ്ട്. 

 ∙കളിച്ചതിനു ശേഷം കളിപ്പാട്ടങ്ങൾ അതാതു സ്ഥാനത്തു അടുക്കി വക്കാൻ അവരോട് ആവശ്യപ്പെടാം. 

 ∙മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുവാനും  ഉറങ്ങി എഴുന്നേറ്റ ഉടനെ ബെഡ് ഷീറ്റ് ചുളുക്കൽ മാറുന്ന പോലെ വലിച്ചു വിരിക്കാനും (ബെഡ്ഷീറ്റ് മുഴുവനായി വിരിക്കാൻ ഇപ്പോൾ അവർക്ക് സാധിക്കില്ല ) അവർക്കു സാധിക്കും. 

6 മുതൽ 7 വയസു വരെയുള്ള കുട്ടികൾ

മുകളിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ചെയ്യാൻ കഴിയുന്നതിനോടൊപ്പം തന്നെ ഇനി പറയുന്നവ കൂടി കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുക. 

 ∙പൂന്തോട്ടത്തിലെ പുല്ലും പൂച്ചെടിയും തരംതിരിച്ചു അറിയാനും പുല്ല് മാത്രമായി പറിച്ചു കളയാനും അവർക്കു കഴിയും. 

 ∙ചൂല് കൊണ്ട് തറയിലെ പൊടിയടിച്ചു കളയാൻ അവർക്കു ഈ പ്രായത്തിൽ സാധിക്കും. 

 ∙ഉരുള കിഴങ്ങ്, ക്യാരറ്റ് എന്നിവയുടെ തൊലി കളഞ്ഞു ചെറിയ സാലഡ് ഉണ്ടാക്കാം

8 മുതൽ 9 വയസു വരെയുള്ള കുട്ടികൾ

 ∙ടേബിൾ ലാമ്പിലെ ബൾബ് മാറ്റാനുള്ള പരിശീലനം ഈ പ്രായത്തിൽ അവർക്കു കൊടുക്കാം. ഒപ്പം വൈദ്യുതിയുടെ ഗുണങ്ങളും അപകടങ്ങളും കൂടി പഠിപ്പിക്കുക. 

 ∙സ്വന്തം തുണികൾ കഴുകുവാനും പിഴിഞ്ഞ് അയയിൽ വിരിക്കാനും ഏൽപ്പിക്കാം. 

 ∙ഫർണിച്ചറിലെ പൊടിയടിച്ചു വൃത്തിയാക്കാൻ അവരോട് ആവശ്യപ്പെടാം. നിങ്ങളുടെ കണ്ണിൽ പെടാത്ത സ്ഥലത്തെ പൊടി വരെ അവർ വൃത്തിയാക്കും. 

 ∙കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും കൃത്യമായി അതാതിന്റെ സ്ഥാനത്തു തന്നെ വെയ്പ്പിക്കാം.

10 മുതൽ 11വയസു വരെയുള്ള കുട്ടികൾ.

കൗമാര കാലത്തേക്ക് പിച്ച വെയ്ക്കുവാൻ തുടങ്ങുന്ന ഈ പ്രായത്തിൽ കൂടുതൽ ഉത്തരവാദിത്തം ആവശ്യമുള്ള ജോലികൾ അവരെ ഏൽപ്പിക്കാം. 

 ∙എല്ലാ മുറികളും അടിച്ചു വാരി വൃത്തിയാക്കാൻ കുട്ടികൾ പ്രാപ്തരാകുന്നത് ഈ പ്രായത്തിലാണ്. 

 ∙ചവിട്ടികൾ നന്നായി കൊട്ടി പൊടി കളയാനും അവർക്കു കഴിയും. 

 ∙അടുക്കള നന്നായി വൃത്തിയാക്കാൻ അവരോട് ആവശ്യപ്പെടാം.നിങ്ങളുടെ ക്ലീനിങ് ഡേ യിൽ അവർ കൂടി പങ്കാളികൾ ആകട്ടെ. 

 ∙ചെറിയ സ്നാക്ക്സ് എന്തെങ്കിലും ഉണ്ടാക്കാൻ അവരെ പഠിപ്പിക്കാം. പാചകം പഠിക്കുക എന്നത് സ്വയം പര്യാപ്തതയുടെ ആദ്യ പടിയാണ്.

 ∙മുറ്റത്തെ പുല്ല് വെട്ടിക്കളയാൻ അവരെ അനുവദിക്കാം. ഏതൊരു ജോലിയും മഹത്തരം ആണെന്നുള്ള അറിവ് കൂടി അവരിൽ നിറയട്ടെ. 

 ∙ബാത്റൂം വൃത്തിയാക്കാനും ചെറിയ തുന്നൽ പണികൾ ചെയ്യാനും കുട്ടികളെ കൊണ്ട് സാധിക്കുന്ന പ്രായമാണിത്. 

12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ

 മുകളിൽ സൂചിപ്പിച്ച എല്ലാ കാര്യങ്ങളോടും ഒപ്പം ഇനി പറയുന്ന കാര്യങ്ങൾ കൂടി ചെയ്യാൻ 12 വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് സാധിക്കും. 

 ∙ഭിത്തിയിൽ ഉയരത്തിൽ ഉള്ള ബൾബുകൾ മാറ്റാൻ അവർക്കു സാധിക്കും. 

 ∙കാർ /ബൈക്ക് എന്നിവ കഴുകി വൃത്തിയാക്കാൻ കഴിയുന്ന ഈ പ്രായത്തിൽ അതു നന്നായി ചെയ്താൽ ഒരു ചെറിയ പോക്കറ്റ് മണി കൂടി കുട്ടികൾക്ക് കൊടുക്കാൻ മറക്കണ്ട. 

 ∙കടയിൽ പോയി ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങൾ വാങ്ങിക്കാൻ അവരോടു പറയുക. പണവിനിമയത്തോടൊപ്പം കുടുംബ ബഡ്ജറ്റ് കൂടി അവർ മനസ്സിലാക്കട്ടെ. 

 ∙ഭിത്തി പെയിന്റ് അടിക്കാൻ അവർക്കു കഴിയും. അവരിലെ കാലാവസാനയെ ഉണർത്തി എടുക്കുവാൻ കൂടി ശ്രമിക്കാം. 

 ∙ഒരു വീട്ടിലേക്കു ആവശ്യമായ എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് പരിശീലനം കൊടുക്കാം. ഭക്ഷണം ഉണ്ടാക്കുക എന്നത് അമ്മയുടെ മാത്രം ജോലിയല്ല എന്നും തങ്ങളെ കൊണ്ടാകുന്നത് ചെയ്യുന്നതിലൂടെ കൂടുതൽ ഉത്തരവാദിത്തവും ഭക്ഷണം അനാവശ്യമായി കളയാതിരിക്കുവാനും ഉള്ള  മാനസിക തയാറെടുപ്പ് കൂടിയാകും ഇത്തരം അവസരങ്ങൾ. 

 ∙ഇളയ സഹോദരങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറാനും അവരെ നന്നായി പരിപാലിക്കാനും 12 വയസു മുതൽ മുകളിലേക്ക് പ്രായമുള്ള കുട്ടികളെ കൊണ്ട് സാധിക്കുന്ന കാര്യമാണ്. 

സ്വന്തം വീട്ടിലെ ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്തു ശീലിക്കുന്നതിലൂടെ വീട് എന്ന വികാരത്തിന് കൂടുതൽ അടിത്തറ ഉണ്ടാകുന്നു. വീട്ടുകാര്യങ്ങളിൽ കൂടുതൽ  ശ്രദ്ധിക്കുന്ന കുട്ടിക്ക് മാതാപിതാക്കളുടെ ബുദ്ധിമുട്ടുകളെ കുറിച്ചും നല്ല ധാരണ ആയിരിക്കും. ഭാവിയിൽ ഉപരിപഠനത്തിനും  മറ്റുമായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നാൽ ഏറ്റവും ചെറിയ ജീവിത സാഹചര്യത്തിലും അതിജീവിക്കുന്നതിനുള്ള കരുത്തും ഇവയൊക്ക പരിശീലിച്ചുവരുന്ന കുട്ടികളിൽ നിശ്ചയമായും ഉണ്ടായിരിക്കും.

English Summary : Age appropriate household chores for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com